മോദി ഒറ്റയ്ക്കാണ് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്തിയത്, അതെന്തേ ട്രെയ്‌ലറില്‍ പറയാതിരുന്നത്: സംഘപരിവാറിനെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്

77

വിവേക് ഒബ്‌റോയ് നായകനാകുന്ന പി.എം നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ സംഘപരിവാറിനെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് യാതൊരു പങ്കുമില്ലെന്ന വസ്തുത ഉയര്‍ത്തിക്കാട്ടിയാണ് സിദ്ധാര്‍ത്ഥിന്റെ പരിഹാസം.

‘ ബ്രിട്ടീഷ് ഭരണകൂടത്തെ ഒറ്റയ്ക്ക് തുടച്ചുമാറ്റി മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പി.എം നരേന്ദ്രമോദിയുടെ ട്രെയ്‌ലര്‍ കാണിക്കുന്നില്ല. സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്‌സലുകളുടെ അതുപോലെതന്നെ നെഹ്‌റുവിന്റെ വിലകുറഞ്ഞ തന്ത്രമാണെന്നു തോന്നുന്നു’ എന്നുപറഞ്ഞാണ് സിദ്ധാര്‍ത്ഥിന്റെ പരിഹാസം.

തങ്ങള്‍ക്കു സംഭവിക്കുന്ന ഏത് പിഴവിനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന മോദിയുടെ പതിവ് രീതിയേയും സിദ്ധാര്‍ത്ഥ് ട്രോളുന്നുണ്ട്.

നേരത്തെയും സിദ്ധാര്‍ത്ഥ് മോദി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണവും ജവാന്‍മാരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം. ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ വേദിയില്‍ പുല്‍വാമ ഭീകരാക്രമണത്തെ അതിതീവ്രതയില്‍ അവതരിപ്പിച്ച സാഹചര്യത്തിലായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം.

സ്വന്തം നേട്ടങ്ങള്‍ക്കായി പുല്‍വാമയെ ഉപയോഗപ്പെടുത്തരുതെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് രാഷ്ട്രീയം മാറ്റിവെച്ച് പുല്‍വാമ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കലാണ് നമ്മുടെ ലക്ഷ്യമെന്നും അതിന് വേണ്ട നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സിദ്ധാര്‍ത്ഥ് നിര്‍ദേശിച്ചിരുന്നു.