‘മോദിജീ, ഐ.സി.യുവിലാണെന്ന് താങ്കള്‍ അന്ന് പറഞ്ഞ ഇന്ത്യന്‍ രൂപ ഇപ്പോള്‍ കോമയിലാണ്’ പരിഹാസവുമായി യശ്വന്ത് സിന്‍ഹ

49

രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കെ പരിഹാസവുമായി മുന്‍ ധനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. ഇന്ത്യന്‍ രൂപ കോമ സ്റ്റേജിലാണെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചു‍. രാഷ്ട്ര മഞ്ചിന്റെ വേദിയില്‍ സംസാരിക്കവേയാണ് യശ്വന്ത് സിന്‍ഹ രൂപയെക്കുറിച്ച് പരാമര്‍ശം നടത്തിയത്.

”രൂപയുടെ മൂല്യം ഡോളറിന് 60 ആയിരുന്ന കാലത്ത് ഇന്ത്യന്‍ രൂപ ഐ.സി.യുവിലാണ് എന്നായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ രൂപയുടെ മൂല്യം ഡോളറിന് 75 ആണ്. രൂപ കോമയിലാണ് എന്നല്ലാതെ മറ്റെന്താണ് ഇനി പറയുക?” സിന്‍ഹ ചോദിച്ചു.

”ഇന്നത്തെ സാഹചര്യത്തില്‍ ഒരു പൗരനും സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ അവകാശമില്ല. അങ്ങനെ സംസാരിക്കുന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തും. ജനാധിപത്യത്തിന് അങ്ങേയറ്റം വിരുദ്ധമാണ് ഇത്.” സിന്‍ഹ കൂട്ടിച്ചേര്‍ത്തു.