മൂന്നു ദിവസം കൊണ്ട് കിഫ്ബിയുടെ അക്കൗണ്ടിൽ 2150 കോടി; വിദേശ രാജ്യങ്ങളില്‍ നിന്ന് ഇത്രയും രൂപ ലഭിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ ഏജന്‍സിയായി കിഫ്ബി

46

കിഫ്ബിക്ക് വേണ്ടിയുള്ള ധനസമാഹരണ ശ്രമങ്ങളില്‍ നിര്‍ണായക നാഴികകല്ല്. കിഫ്ബി പുറത്തക്കിയ മസാല ബോണ്ട് വഴി 2150 കോടി ഇന്ന് സമാഹരിച്ചു. ഈ മാസം 26ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പുറത്തിറക്കിയ മസാല ബോണ്ടുകളില്‍ അന്താരാഷ്ട്ര നിക്ഷേപകരാണ് നിക്ഷേപം നടത്തിയത്.

വിദേശത്തുള്ളവര്‍ക്ക് ഇന്ത്യയിലെ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന ബോണ്ടുകളാണ് മസാല ബോണ്ട്. രൂപയുടെ വിനിമയ ബാധ്യത നിക്ഷേപകനിലാകുമെന്നാണ് ഈ ബോണ്ടിന്റെ പ്രത്യേകത. കിഫ്ബിയുടെ ധനസമാഹരണത്തിനായാണ് മസാലാ ബോണ്ടുകള്‍ ഇറക്കാന്‍ തീരുമാനിച്ചത്. വിദേശ ക്രെഡിറ്റ് ഏജന്‍സികളില്‍ നിന്ന് കിഫ്ബിക്ക് ലഭിച്ച ട്രിപ്പിള്‍ എ റേറ്റിങ് കിഫ്ബിക്ക് തുണയായി.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 26നാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കിഫ്ബിക്കായുള്ള മസാലാ ബോണ്ടുകള്‍ പുറത്തിറക്കിയത്. 9.723 ശതമാനം എന്ന ഉയര്‍ന്ന പലിശ നിരക്ക് ആകര്‍ഷകമായതോടെ വിദേശ നിക്ഷേപകര്‍ വളരെ വേഗം ബോണ്ടുകള്‍ വാങ്ങി. ഇന്നത്തോടെ 2,150 കോടി രൂപ കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തി.

ദേശീയ പാതാ അതോറിറ്റി, എന്‍.ടി.പി.സി പോലുള്ള ദേശീയ ഏജന്‍സികളാണ് ഇതുവരെ മസാലാ ബോണ്ടുകള്‍ ഇറക്കിയിട്ടുള്ളത്. ഇതാദ്യമായാണ് ഒരു സംസ്ഥാന ഏജന്‍സി വിദേശ കടപത്ര വിപണിയില്‍ നിന്ന് മസാലാ ബോണ്ടിലൂടെ തുക കണ്ടെത്തുന്നത്.

കിഫ്ബി ഉഡായിപ്പാണെന്ന പ്രതിപക്ഷ വാദങ്ങളെ തള്ളിക്കളയുന്നത് കിഫ്ബിക്കുണ്ടായ ഈ നേട്ടമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. തുക സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ വിനിയോഗിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ധനസമാഹരണ രംഗത്ത് പ്രതിസന്ധി നേരിടുന്ന കിഫ്ബിക്ക് മസാലബോണ്ടിന്റെ വിജയം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.