മുറിയിലേക്ക് ബലമായി കടന്നുവന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചു; അലൻസിയർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

127

നടൻ അലർസിയര്‍ ലേക്കെതിരെ #MeToo ആരോപണം. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്സൈറ്റിൽ ഒരു നടി പേര് വെക്കാതെ എഴുതിയ ലേഖനത്തിലാണ് ഈ ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. താനൊരു തുടക്കക്കാരിയാണെന്നും സ്വയം ഇടം കണ്ടെത്താൻ പ്രയാസപ്പെടുന്നവളാണെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും ആരോപണമുന്നയിച്ചയാൾ പറയുന്നു.

തന്റെ നാലാമത്തെ ചിത്രത്തിലാണ് അലൻസിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും നടി വെളിപ്പെടുത്തുന്നു. പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കംമുതൽ തന്നെ സമീപിച്ചത്. ഒരിക്കൽ ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോൾ അലൻസിയർ തന്റെ മാറിലേക്ക് നോക്കി അശ്ലീലമായ ചിലത് പറഞ്ഞു കൊണ്ടിരുന്നു. ഒരു തിയറ്റർ ആർട്ടിസ്റ്റ് എങ്ങനെ ശരീരത്തെ വഴക്കിയെടുക്കണം എന്നു തുടങ്ങിയ ഉപദേശങ്ങളായി പിന്നീട്.

പിന്നീടൊരിക്കൽ തന്റെ മുറിയിലേക്ക് കടന്നുവന്ന് കടന്നുപിടിക്കാനും അലൻസിയർ ശ്രമിച്ചതായി അവർ പറയുന്നു. താൻ ആർത്തവസമയത്ത് ക്ഷീണം കാരണം സംവിധായകനോട് അനുവാദം ചോദിച്ച് മുറിയിലേക്ക് വിശ്രമിക്കാൻ വന്നപ്പോഴായിരുന്നു ഇത്. മുറിക്കകത്ത് താൻ കടന്നതിനു പിന്നാലെ വാതിലിൽ മുട്ട് കേട്ടു. വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ അലൻസിയർ നിൽക്കുന്നത് കണ്ട്. തുടർച്ചയായി മുട്ടിക്കൊണ്ടിരുന്നപ്പോൾ സംവിധായകനെ വിളിച്ച് വിവരം പറഞ്ഞു. ഒരാളെ വിടാമെന്ന് സംവിധായകൻ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഓടാമെന്നു കരുതി വാതില്‍ തുറന്നപ്പോൾ അലൻസിയർ ബലമായി അകത്തു കയറി കുറ്റിയിട്ടു. തന്നെ കയറിപ്പിടിക്കാനാഞ്ഞപ്പോൾ കാളിങ് ബെല്ലടിച്ചു. വതിൽ ചാടിത്തുറന്നപ്പോൾ അസിസ്റ്റന്റ് ഡയറക്ടറാണ്. അലൻസിയറിന്റെ ഷോട്ടാണ് അടുത്തതെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചു കൊണ്ടുപോയി.

അലൻസിയർ മറ്റു നിരവധി സന്ദര്‍ഭങ്ങളിലും അശ്ലീലമായി പെരുമാറാൻ ധൈര്യപ്പെട്ടെന്നും നടി പറയുന്നു. ഒരു നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താൻ ഉറങ്ങാൻ കിടന്നപ്പോൾ കൂടെയുണ്ടായിരുന്നയാൾ കുളിക്കാനായി പുറത്തുള്ള ബാത്ത്റൂമിലേക്ക് പോയി. ഈ സന്ദർഭത്തിൽ അലൻസിയർ അകത്തേക്ക് കയറി. തന്റെ ബെഡ്ഡിലേക്ക് കയറിക്കിടന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നും നടി ആരോപിക്കുന്നു.