മാംസം കഴിച്ചിരുന്നോ മനുഷ്യന്‍?

കൃഷി തുടങ്ങിയപ്പോഴും മനുഷ്യന്‍ മാംസം ഭക്ഷിക്കുന്നത് നിര്‍ത്തിയില്ല. ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിച്ചിരുന്നത് അവര്‍ക്ക് ഏറെ വിലപ്പെട്ട മാംസം ആയിരുന്നു. നമ്മുടെ അപ്പൂപ്പനമൂമ്മമാര്‍ നന്നായി വേട്ടയാടിയിരുന്നു എന്നര്‍ഥം. മാംസം അവരുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു.

51

മ്മുടെ അകന്ന ബന്ധുക്കള്‍ മിക്കവാറും എല്ലാവരും തന്നെ വെജിറ്റെറിയന്‍സാണ് എന്ന് അറിയാമോ. എന്നാല്‍ ചിലര്‍ ഇടക്കൊക്കെ മാംസം കഴിക്കും. ഗോറില്ലകള്‍, ചിമ്പാന്‍സികള്‍ ഒക്കെ ഇടക്ക് നോണ്‍-വെജ് കഴിക്കാറുണ്ട്. മിക്കവാറും പ്രാണികളും, ഉറുമ്പുകളുമൊക്കെയാണ് അവരുടെ നോണ്‍വെജ് വിഭവങ്ങള്‍! കൂടാതെ, ചിമ്പാന്‍സികള്‍ വല്ലപ്പോഴും വേട്ടയാടി ഒരല്‍പ്പം വലിയ ജീവികളെ, ഉദാഹരണത്തിന് ചെറുകുരങ്ങന്മാരെ ഒക്കെ കഴിക്കാറുണ്ട്.

ആള്‍ക്കുരങ്ങ് വര്‍ഗ്ഗത്തില്‍ കൂടുതല്‍ മാംസം കഴിക്കുന്നത് നമ്മള്‍ മനുഷ്യരാണ് (നിങ്ങള്‍ ആള്‍ക്കുരങ്ങല്ല എന്നൊന്നും പറഞ്ഞു ഒഴിഞ്ഞുമാറാന്‍ നോക്കണ്ട!). എന്തുകൊണ്ടായിരിക്കും നാം ഇത്രയും മാംസം കഴിക്കുന്നവരായി തീര്‍ന്നത്…നമ്മുടെ പൂര്‍വ്വികര്‍ സ്ഥിരമായി മാംസം കഴിച്ചുരുന്നു എന്നതു തന്നെ കാര്യം. സത്യത്തില്‍ നമ്മുടെ ശരീരം സസ്യാഹാരം മാത്രമല്ല, മാംസം കൂടി കഴിക്കുന്ന വിധത്തില്‍ പരിണമിച്ചതാണ്. നമ്മുടെ പൂര്‍വ്വികര്‍ മാംസം കഴിച്ചിരുന്നു എന്നതിനും, ഇന്നത്തെ മനുഷ്യര്‍ അടിസ്ഥാനപരമായി മാംസാഹാരം കഴിക്കാന്‍ കഴിയുന്ന രീതിയില്‍ പരിണമിച്ചുവന്നവരാണ് എന്നതിനും ചില തെളിവുകള്‍ നിരത്തുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

നമ്മുടെ വല്യ, വല്യ, വല്യ, വല്യ…അപ്പൂപ്പനമ്മൂമ്മമാര്‍ ആയിരുന്ന ആസ്ട്രാലോപിത്തിക്കാസ് വിഭാഗങ്ങള്‍ മുതല്‍ തുടങ്ങാം. ഇവര്‍ ഏതാണ്ട് ഇന്നത്തെ ചിമ്പാന്‍സികളെ പോലെയായിരുന്നു ആകൃതിയില്‍. എങ്കിലും ഇവര്‍ക്ക് നിവര്‍ന്നു നടക്കാന്‍ സാധിച്ചിരുന്നു. കായ്കനികള്‍ തന്നെയായിരുന്നു ഭക്ഷണം. അതുകൂടാതെ, ആസ്ട്രാലോപിത്തക്കസ് (Australopithecus) വിഭാഗം എല്ലുകള്‍ പൊട്ടിച്ചു മജ്ജ കഴിച്ചിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കല്ലുകള്‍ കൊണ്ട് അടിച്ച പാടുകളും പൊട്ടലുകളും ഉള്ള മൃഗങ്ങളുടെ എല്ലുകളുടെ ഫോസ്സില്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പഴയതിന് ഇരുപതു ലക്ഷം വര്‍ഷമെങ്കിലും പഴക്കമുണ്ട് (https://www.nature.com/scitable/knowledge/library/evidence-for-meat-eating-by-early-humans-103874273).

മറ്റു ജീവികള്‍ ഉപേക്ഷിച്ചുപോയ എല്ലുകള്‍ അവര്‍ക്ക് ധാരാളം ലഭിച്ചിരുന്നു. മജ്ജ കൂടാതെ അക്കാലത്ത് അവര്‍ പ്രധാനമായും കഴിച്ചിരുന്ന മാംസാഹാരം മറ്റു ജീവികള്‍ ഉപേക്ഷിച്ചു ബാക്കിവന്ന മാംസം ആയിരുന്നിരിക്കണം. ചീഞ്ഞതും, ചീയാറായതും തുടങ്ങി, പുഴുക്കളെയും എല്ലാം അവര്‍ ആസ്വദിച്ചിരുന്നിരിക്കണം. സ്വന്തമായി വേട്ടയാടല്‍ ഇവര്‍ക്ക് അന്യമായിരുന്നു. വേട്ടയാടല്‍ അത്ര എളുപ്പമല്ല. കാരണം, നല്ല ആയുധങ്ങള്‍ വേണം. അത്ര കാര്യമായ ആയുധങ്ങള്‍ ഒന്നുംതന്നെ അവരുടെ പക്കല്‍ ഇല്ലായിരുന്നു. കൂടിവന്നാല്‍ കല്ലുകള്‍. അതുകൊണ്ട് എന്ത് കിട്ടാന്‍. പരമാവധി കിട്ടിയിരുന്നത് എല്ലുകള്‍ പൊട്ടിച്ചാല്‍ അവക്കുള്ളിലെ മജ്ജ തന്നെ. ഇതുകൂടാതെ ഗോറില്ലകളെയും, ചിമ്പാന്‍സികളെയും പോലെ പ്രാണികളെയും, ഉറുമ്പുകളെയും ഒക്കെ അവര്‍ ഭക്ഷിച്ചിക്കാന്‍ സാധ്യതയുണ്ട്.

പിന്നീട് ഉരുത്തിരിഞ്ഞു വന്ന ഹോമോ വിഭാഗങ്ങള്‍ തീര്‍ച്ചയായും മജ്ജയും മാംസവും കഴിക്കല്‍ തുടര്‍ന്നിരിക്കണം. കാരണം അറിവുകളും ജീനുകളെ പോലെ തലമുറകളായി പടരുമല്ലോ. പ്രത്യേകിച്ചും അത്യാവശ്യമായിരുന്ന ഭക്ഷണം കണ്ടെത്താനുള്ള അറിവുകള്‍.

ആദ്യത്തെ ഹോമോ വിഭാഗമായ ഹോമോ ഇറക്ടസ് (Homo erectus) ധാരാളം മാംസം കഴിച്ചിരുന്നു. അവരുടെ ശരീരപ്രകൃതിയും മാംസം കഴിക്കുന്നവരുടെ പോലെ ആയിരുന്നു. കുറഞ്ഞത് ഒരു 16 ലക്ഷം വര്‍ഷങ്ങള്‍ മുന്‍പ് തുടങ്ങി ഈ വിഭാഗം ഉണ്ടായിരുന്നു. ഏതാണ്ട് ഒന്നര ലക്ഷം വര്‍ഷം മുമ്പുവരെ അവര്‍ ജീവിച്ചിരുന്നു. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന മനുഷ്യരും ഇവരായിരുന്നു.

ആദ്യകാലത്തെ ഹോമോ ഇറക്ടസിനു വേട്ടയാടല്‍ അത്ര വശമില്ലായിരുന്നു. കാലം കഴിഞ്ഞതോടെ അവര്‍ കൂടുതല്‍ മികച്ച ആയുധങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. ഉദാഹരണത്തിന് കല്ലുകള്‍ കൂര്‍പ്പിച്ചു. പക്ഷെ ഇതൊന്നും വേട്ടയാടലിനെ കാര്യമായി സഹായിച്ചിരിക്കാന്‍ സാധ്യതയില്ല. കാരണം നന്നായി വേട്ടയാടണമെങ്കില്‍ ദൂരെ നിന്ന് ആക്രമിക്കാന്‍ കഴിയുന്ന ആയുധം വേണം.

ഹോമോ ഇറക്ടസ് തീ നിയന്ത്രിച്ച് ഉപയോഗിച്ചിരുന്നു എന്നാണു കരുതപ്പെടുന്നത്. ഇത് നാലുലക്ഷം വര്‍ഷം മുന്‍പ് സംഭവിച്ച കാര്യമാണ്. ചില ശാസ്ത്രജ്ഞര്‍ പറയുന്നത് തീ നിയന്ത്രിച്ചു ഉപയോഗിക്കാന്‍ കഴിഞ്ഞത് വീണ്ടും കുറെ കഴിഞ്ഞാണ് എന്നാണ്. എന്തായാലും തീ ഉപയോഗിക്കാന്‍ പഠിച്ചതോടെ ചീഞ്ഞതും ബാക്കിവന്നതുമായ മാംസം അവര്‍ ചുട്ടു തിന്നിരിക്കാം. ഇതോടെ പച്ചമാംസം കഴിക്കുന്ന സമ്പ്രദായം മെല്ലെ മെല്ലെ കുറഞ്ഞുവന്നു. വെന്ത മാംസം കഴിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ മാംസം കഴിക്കാന്‍ കഴിയുന്ന സ്ഥിതിയായി. ഇത് മനുഷ്യന്റെ പരിണാമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ കാര്യം നിങ്ങള്‍ വഴിയെ കാണും.

കാലം കുറെ കഴിഞ്ഞു, വേറെയും പല മനുഷ്യവിഭാഗങ്ങള്‍ ഉരുത്തിരിഞ്ഞു. ഹോമോ നിയാണ്ടര്‍ത്താല്‍,  ഹോമോ സാപ്പിയന്‍സ് (ആധുനിക മനുഷ്യര്‍) എന്നിവ ഉദാഹരണങ്ങള്‍. നിയാണ്ടര്‍ത്താലുകളും ഹോമോ സാപ്പിയന്‍സും ധാരാളം മാംസം ഭക്ഷിച്ചിരുന്നു. അവരെല്ലാം നായാടി മനുഷ്യരായിരുന്നു. സാപ്പിയന്‍സ് നിയാണ്ടാര്‍ത്താലുകളെ അപേക്ഷിച്ച് കൂടുതല്‍ നല്ല വേട്ടക്കാരായിരുന്നു.

കാലം ചെല്ലും തോറും മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പരിഷ്‌കൃതമായി വന്നു എന്നുകാണാം. കല്ലുകളില്‍ നിന്നും എല്ലുകളിലേക്കും, കുന്തങ്ങളിലേക്കും അവര്‍ മാറി. കുന്തങ്ങള്‍ ഉപയോഗിച്ച് ദൂരെ നിന്ന് മൃഗങ്ങളെ ആക്രമിക്കാന്‍ സാധിച്ചത് വലിയ മൃഗങ്ങളെ വേട്ടയാടാന്‍ സഹായിച്ചു. ഏകദേശം 70,000 വര്‍ഷം മുന്‍പ് തന്നെ കുന്തങ്ങള്‍ ഉണ്ടാക്കിയിരുന്നു.

വലിയ മൃഗങ്ങളെ വേട്ടയാടാന്‍ ആയുധം മാത്രം പോര; കൂട്ടമായ പ്ലാനിങ്ങും ആവശ്യമാണ്. സംസാരഭാഷ ഉണ്ടായിരുന്നത് അവരെ വേട്ടയാടല്‍ പ്ലാന്‍ ചെയ്യാനും, തെറ്റുകള്‍ തിരുത്താനും, പുതിയ ആശയങ്ങള്‍ പങ്കുവക്കുവാനും സഹായിച്ചിട്ടുണ്ടാകും. സംസാരഭാഷ ഉണ്ടായിരുന്നോ എന്നത് ഫോസിലുകളില്‍ കാണുവാന്‍ സാധിക്കില്ല. എങ്കിലും, പതിനായിരം വര്‍ഷങ്ങള്‍ മുന്‍പ് മനുഷ്യര്‍ കൃഷി തുടങ്ങുകയും കൂട്ടങ്ങളായി ജീവിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. അങ്ങനെ കൂട്ടമായി കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ അവിടെ ആശയങ്ങള്‍ പങ്കുവെക്കാന്‍ സംസാരഭാഷ ഉണ്ടായേ തീരൂ. എന്നുവച്ചാല്‍ സംസാരഭാഷ വളരെ മുന്‍പേ ഉണ്ടായിരുന്നു എന്നര്‍ഥം.

കൃഷി തുടങ്ങിയപ്പോഴും അവര്‍ മാംസം ഭക്ഷിക്കുന്നത് നിര്‍ത്തിയില്ല. എന്നു മാത്രമല്ല, മാംസാഹാരത്തിനു വലിയ പ്രാധാന്യവും ഉണ്ടായിരുന്നു. ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിച്ചിരുന്നത് അവര്‍ക്ക് ഏറെ വിലപ്പെട്ട മാംസം ആയിരുന്നു എന്നത് നാം പുരാണഗ്രന്ഥങ്ങളില്‍ വായിക്കുന്നതാണല്ലോ. ചുരുക്കത്തില്‍ നമ്മുടെ അപ്പൂപ്പനമൂമ്മമാര്‍ നന്നായി വേട്ടയാടിയിരുന്നു. മാംസം അവരുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു.

Meat Eating by Early Humans
ചിത്രം കടപ്പാട്: https://www.nature.com/scitable/knowledge/library/evidence-for-meat-eating-by-early-humans-103874273

 

മനുഷ്യര്‍ മാംസാഹാരം കഴിച്ചിരുന്നു എന്നതിന് വ്യത്യസ്തമായ പല തെളിവുകള്‍ നമുക്ക് മുന്നിലുണ്ട് (https://onlinelibrary.wiley.com/doi/abs/10.1111/j.1747-0080.2007.00194.x). അവയില്‍ പ്രധാനമായത് ഫോസ്സിലുകളില്‍ നിന്ന് വരുന്നതാണ്. മറ്റൊന്ന് ഇന്നത്തെ മനുഷ്യരുടെ ശരീരത്തിന്റെ (ദഹനവ്യവസ്ഥയുടെ) പ്രത്യേകതകളാണ്. ഇവ വിശദമായി നമുക്ക് പരിശോധിക്കാം.

ഐസോടോപ്പ് പഠനങ്ങള്‍

ഫോസ്സിലുകളില്‍ കാര്‍ബണ്‍-13/കാര്‍ബണ്‍-12 അനുപാതം പരിശോധിച്ചാല്‍ ഒരു ജീവി എന്ത് ആഹാരമാണ് കഴിച്ചിരുന്നതെന്ന് മനസിലാക്കാം. ഇതെങ്ങനെയെന്നു നോക്കാം.

സസ്യങ്ങള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് (CO2) മൂന്നുതരത്തിലാണ് ഉപയോഗിക്കുക. ഇതിനു C3, C4, CAM പ്രക്രിയകള്‍ എന്ന് വിളിക്കുന്നു. ഇത് പ്രകാശസംശ്ലേഷണ പ്രക്രിയയിലെ വിശദാംശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. പൊതുവേ ഈ പ്രക്രിയകളില്‍ കാര്‍ബണിന്റെ ഭാരം കുറഞ്ഞ ഐസോട്ടോപ്പ് ആയ കാര്‍ബണ്‍-12 ആയിരിക്കും ഉപയോഗിക്കപ്പെടുക. കാര്‍ബണിന്റെ ഏറ്റവും കൂടുതലുള്ള ഐസോടോപ്പും ഇതു തന്നെ.

എന്നാല്‍ ഉഷ്ണമേഖലയിലെ പുല്‍വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന C4 പ്രക്രിയയില്‍ കാര്‍ബണ്‍-13 എന്ന ഐസോട്ടോപ്പും ഉപയോഗിക്കും. അതിനാല്‍ പുല്ല് തിന്നുന്ന ജീവികളില്‍ കാര്‍ബണ്‍-13 ഐസോട്ടോപ്പിന്റെ അളവ് ഒരല്‍പ്പം കൂടുതലായിരിക്കും.

ഹോമോവര്‍ഗ്ഗങ്ങളുടെ ഫോസ്സിലുകള്‍ കാണിക്കുന്നത് അവരില്‍ കാര്‍ബണ്‍-13 ന്റെ അളവ് സധാരണയില്‍നിന്നും കൂടുതലായി ഉണ്ടായിരുന്നു എന്നാണ്. ഇതിനര്‍ത്ഥം അവര്‍ പുല്ലുതിന്നു ജീവിച്ചു എന്നല്ല. കാരണം അവരുടെ ശരീരപ്രകൃതി പുല്ലുതിന്നുന്ന ജീവികളുടേത് പോലെയല്ല. (ഇതെന്താണെന്ന് വഴിയെ കാണും). ഇതില്‍നിന്ന് മനസിലാക്കേണ്ടത് അവര്‍ പുല്ലുതിന്നുന്ന ജീവികളെ വേട്ടയാടി ഭക്ഷിച്ചിരുന്നു എന്നാണ്.

ഫോസിലുകളിലെ സ്‌ട്രോണ്‍ഷ്യം/കാത്സ്യം അനുപാതം പരിശോധിച്ചാലും ഒരു ജീവി മാംസാഹാരമാണോ അതോ സസ്യാഹാരമാണോ കഴിച്ചിരുന്നതെന്ന് മനസിലാകും. മാംസാഹാരം കൂടുതല്‍ കഴിക്കുന്ന ജീവികളില്‍ താരതമ്യേന സ്‌ട്രോണ്‍ഷ്യം/കാത്സ്യം അനുപാതം കുറവായിരിക്കും. എന്നുവച്ചാല്‍ മാംസഭുക്കുകളെ, ഉദാഹരണത്തിന് പുലിയെയോ സിംഹത്തെയോ എടുത്തു പരിശോധിച്ചാല്‍ ഈ അനുപാതം താരതമ്യേന കുറവായിരിക്കും. എന്നാല്‍ സസ്യഭുക്കുകളെ, ഉദാഹരണത്തിന് പശുവിനെ പരിശോധിച്ചാല്‍ ഈ അനുപാതം കൂടുതലായിരിക്കും. ഹോമോ വിഭാഗങ്ങളുടെ ഫോസ്സിലുകളില്‍ ഈ അനുപാതം കാണിക്കുന്നത് അവര്‍ മിശ്രഭുക്കുകള്‍ ആയിരുന്നു എന്നതാണ്.

ഉപാപചയ പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍

സസ്യഭുക്കുകള്‍ക്കും മാംസഭുക്കുകള്‍ക്കും ശരീരത്തില്‍ ഉപാപചയ പ്രവര്‍ത്തനങ്ങളും, അതിനുള്ള അവയവങ്ങളും ജീവികളുടെ ആഹാരരീതിക്കനുസരിച്ച് പരിണമിച്ചു വന്നവയാണ്. ഇക്കാര്യത്തില്‍ ഇന്നത്തെ മനുഷ്യര്‍, ചിമ്പാന്‍സികള്‍ക്കും മാംസഭുക്കുകള്‍ക്കും ഇടയില്‍ വരുന്നവരാണ്.

പൂര്‍ണ്ണമായും സസ്യഭുക്കുകള്‍ ആയ ജീവികള്‍ക്ക് ധാരാളം അറകളുള്ള കുടലും, അതുപോലെ വലിയ വന്‍കുടലും ഉണ്ടായിരിക്കും. എന്നുവച്ചാല്‍ അവയുടെ വയറിന്റെ വലിപ്പം മൊത്തം ശരീരവലിപ്പത്തെ അപേക്ഷിച്ച് അത്ര ചെറുതായിരിക്കില്ല. ഇക്കാര്യം നിങ്ങള്‍ക്ക് പശു, ആട് എന്നിങ്ങനെ നിങ്ങള്‍ക്ക് ചുറ്റിലുമുള്ള ധാരാളം ജീവികളില്‍ കാണാവുന്നതാണ്. കൂടുതല്‍ നാരുകള്‍ അടങ്ങിയ സസ്യാഹാരം കഴിക്കുന്ന ജീവികളില്‍ ഈ പ്രത്യേകത കൂടുതലായിരിക്കും.

വിവിധ ജീവികളുടെ ശരീരവലിപ്പവും കുടല്‍വ്യവസ്ഥയുടെ നീളവും തമ്മിലുള്ള താരതമ്യം പട്ടിക ഒന്നില്‍ കാണുക. ഇതില്‍ മനുഷ്യന്റെ സ്ഥാനം പൂര്‍ണ്ണ സസ്യഭുക്കുകളില്‍ നിന്നും അകലെയാണെന്ന് കാണാം. മനുഷ്യന്റെ മൊത്തം കുടല്‍ വ്യവസ്ഥയുടെ നീളം പൂച്ച, നായ എന്നിവയുടേതിന് സമാനമാണ്.

സമ്പൂര്‍ണ്ണ മാംസഭുക്കുകള്‍ ആയ ജീവികളില്‍ കൂടുതല്‍ ശക്തമായ ആസിഡ് ഉള്ള കുടലും നീളമുള്ള ചെറുകുടലും ഉണ്ടാകും. മനുഷ്യന്റെ കുടല്‍ വ്യവസ്ഥ പൂര്‍ണ്ണമായും മാംസഭുക്കുകളുടെ പോലെയോ, അതുപോലെ സസ്യഭുക്കുകളുടെത് പോലെയോ അല്ല. എന്നാല്‍ നമുക്ക് അത്യാവശ്യം നീളമുള്ള ചെറുകുടലും അത്യാവശ്യം ശക്തമായ ആസിഡുകള്‍ ഉള്ള ആമാശയവുമുണ്ട്. അതായത് മാംസഭുക്കുകളോട് ഒരല്പം അടുത്താണ് നമ്മുടെ സ്ഥാനം. മാംസം ദഹിപ്പിക്കാന്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ നമുക്കുണ്ട്.

വേവിച്ച മാംസം കഴിക്കാന്‍ ശീലിച്ചതായിരിക്കണം നമ്മുടെ ആമാശയം മാംസഭുക്കുകളെ പോലെ ആകാത്തത്. കാരണം വെന്ത മാംസം പെട്ടന്ന് ദഹിക്കും. അതിനു അത്ര ശക്തമായ ആസിഡുകള്‍ ഒന്നുംതന്നെ ആവശ്യമില്ല. ഇന്ന് വന്യമൃഗങ്ങള്‍ കഴിക്കുന്നത് പോലെ പച്ച മാംസം കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഏതാണ്ട് നാലു ലക്ഷം വര്‍ഷം മുന്‍പ് തുടങ്ങി ഹോമോ ഇറക്ടസ് തീ നിയന്ത്രിക്കാന്‍ പഠിച്ചിരുന്നു എന്ന് പറഞ്ഞത് ഓര്‍മ്മിക്കുമല്ലോ. മിക്കവാറും അക്കാലം മുതല്‍ തന്നെ വെന്ത മാംസവും മനുഷ്യര്‍ ഭക്ഷിച്ചു തുടങ്ങിയിരിക്കും. അതിനെ തുടര്‍ന്ന് നമ്മുടെ ദാഹനവ്യവസ്ഥയിലും മാറ്റങ്ങള്‍ ഉണ്ടായി.

Chart1

മസ്തിഷ്‌കത്തിന്റെ വലിപ്പം

ഒരുകാലത്ത് കാട്ടില്‍ വേട്ടയാടി നടന്നിരുന്ന നമ്മുടെ പിതാമഹന്മാര്‍ക്ക് അത്ര വലിയ മസ്തിഷ്‌കം ഇല്ലായിരുന്നു. എങ്കിലും പൊതുവേ ആള്‍ക്കുരങ്ങുകള്‍ക്ക് അവയുടെ ശരീര വലിപ്പവുമായി തട്ടിച്ചു നോക്കിയാല്‍ മസ്തിഷ്‌കവലിപ്പം മറ്റുള്ള ജീവികളെ അപേക്ഷിച്ച് കൂടുതലാണ്. പൂര്‍വ്വികരില്‍ നിന്നും നമ്മളിലേക്ക് എത്തുമ്പോള്‍ മസ്തിഷ്‌കത്തിന്റെ വലിപ്പം കൂടിവന്നു. ചിമ്പാന്‍സിയുമായുള്ള പൊതുപൂര്‍വ്വികനില്‍ നിന്നും തിരിഞ്ഞത് തുടങ്ങി ഇന്ന് ആധുനിക മനുഷ്യന്‍ വരെ എത്തുമ്പോള്‍, മസ്തിഷ്‌ക വലിപ്പം മൂന്നിരട്ടി കൂടിയിട്ടുണ്ട്.

Graph1
Clin Exp Pharmacol Physiol 1998; 25: 745-9.

 

ഇങ്ങനെ മസ്തിഷ്‌കവലിപ്പം കൂടണമെങ്കില്‍ പ്രധാനമായും രണ്ടുകാര്യങ്ങളാണ് വേണ്ടത്.

1. ധാരാളം അപൂരിത കൊഴുപ്പുകള്‍ (poly-unsaturated fatty acids) അടങ്ങിയ ഭക്ഷണം. നമ്മുടെ പൂര്‍വ്വികര്‍ക്ക്  ഇത് ധാരാളമായി ലഭിക്കണമെങ്കില്‍ മാംസാഹാരം വേണ്ടിയിരുന്നു. സസ്യാഹാരത്തില്‍ നിന്ന് ഇവ കാര്യമായി ലഭിക്കില്ല. കാട്ടുമൃഗങ്ങളുടെ മാംസം അത്ര കൊഴുപ്പ് ഇല്ലാത്തതാണ്.  എന്നാല്‍ അത്യാവശ്യം അപൂരിത കൊഴുപ്പുകള്‍ ലഭിക്കുന്നവയുമാണ്.

2. രണ്ടാമതായി വലിയ മസ്തിഷ്‌കത്തിന് ധാരാളം ഊര്‍ജ്ജം ആവശ്യമാണ്. ഇത്രയും ഊര്‍ജ്ജം ലഭ്യമാക്കാന്‍ ശരീരത്തിന്റെ മൊത്തം ഉപാപചയ പ്രവര്‍ത്തനത്തിന്റെ നിരക്ക് വര്‍ദ്ധിക്കണം. പക്ഷെ മനുഷ്യനെ സംബന്ധിച്ച് ഇത് ശരിയല്ല. മറ്റു സസ്തനികള്‍ക്ക് ഉള്ള നിരക്ക് തന്നെയാണ് ശരീരവലിപ്പം അനുസരിച്ച് മനുഷ്യനുമുള്ളത്. മസ്തിഷ്‌കത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭ്യമാക്കാന്‍ മറ്റൊരു മാര്‍ഗ്ഗം, മറ്റുള്ള ഏതെങ്കിലും അവയവങ്ങള്‍ കുറച്ചു ഊര്‍ജ്ജം മാത്രം ഉപയോഗിക്കണം എന്നതാണ്. മനുഷ്യന്റെ കാര്യത്തില്‍ ഇത് ശരിയാണ്. കുറഞ്ഞ കുടല്‍വ്യവസ്ഥ ഊര്‍ജ്ജം കുറച്ചേ ഉപയോഗിക്കൂ. അങ്ങനെ ബാക്കി വരുന്ന ഊര്‍ജ്ജം മസ്തിഷ്‌കത്തിന് ലഭിക്കും. പരിണാമപാതയില്‍ ഈ വിധമുള്ള മാറ്റങ്ങള്‍ നമ്മളില്‍ സംഭവിച്ചു.

മനുഷ്യന് മാംസത്തില്‍ നിന്നുമുള്ള ഇരുമ്പ് ആഗിരണം ചെയ്യാന്‍ കഴിയും. എന്നാല്‍ സസ്യഭുക്കുകള്‍ക്ക് ഇത് സാധ്യമല്ല. മാംസാഹാരം സ്ഥിരമായി കഴിച്ചതിനാല്‍ ആയിരിക്കണം ഇത്തരമൊരു പ്രത്യേകത ഹോമോ ജനുസ്സില്‍ വന്നിട്ടുണ്ടാകുക. ഇന്നത്തെ സസ്യാഹാരികളായ ആളുകളിലെ കുറഞ്ഞ അളവിലുള്ള വിറ്റാമിന്‍ ബി-12 കാണിക്കുന്നത്, ഈ വിറ്റാമിന്‍ ലഭിക്കാന്‍ മനുഷ്യര്‍ മാംസാഹാരം ആശ്രയിച്ചിരുന്നു എന്നതാണ്.

മിശ്രഭുക്കുകളായ മനുഷ്യര്‍

കൃഷി ധാരാളമായി തുടങ്ങിയ ശേഷം ഇന്നുവരെയുള്ള മനുഷ്യരില്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നാം കൂടുതല്‍ ധാന്യങ്ങള്‍ കഴിക്കുന്നവരായി. പക്ഷെ കൃഷി തുടങ്ങിയപ്പോള്‍ മനുഷ്യന്‍ മാംസാഹാരം കഴിക്കുന്നത് നിര്‍ത്തിയില്ല. എങ്കിലും നായാടി-മനുഷ്യര്‍ കഴിച്ചിരുന്ന അത്രക്കും പ്രോട്ടീനും അപൂരിതകൊഴുപ്പും കൃഷിക്കാരനായി മാറിയ ഇന്നത്തെ മനുഷ്യര്‍ കഴിക്കുന്നില്ല.

കൃഷി തുടങ്ങിയത് തന്നെ ഈ സമീപകാലത്താണ്. അതായത് ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ മുമ്പ് മാത്രം. അപ്പോള്‍ മുതല്‍ ഒരുകൂട്ടം ആളുകള്‍ സസ്യാഹാരം മാത്രം കഴിച്ചാലും, പരിണാമപരമായി ഈ ചെറിയ കാലം കൊണ്ട് പൂര്‍ണ്ണമായും സസ്യഭുക്കാകാനുള്ള ശാരീരികമാറ്റങ്ങള്‍ സംഭവിക്കാന്‍ സാധിക്കില്ല. ഇന്നത്തെ കടുത്ത സസ്യാഹാരികള്‍ അവരുടെ പൂര്‍വ്വിക തലമുറകളില്‍ എവിടെയോ വച്ച് ആചാരങ്ങളുടെ ഭാഗമായി മാംസം ഉപേക്ഷിച്ചവരാണ്.

ചുരുക്കത്തില്‍ അടിസ്ഥാനപരമായ നമ്മുടെ ഇന്നത്തെ ശാരീരിക-പ്രകൃതി സസ്യാഹാരം മാത്രമല്ല, മാംസാഹാരവും കഴിക്കാന്‍ പാകത്തില്‍ പരിണമിച്ചു വന്നതാണ്.