മമ്മൂട്ടിയുടെ ‘പേരന്‍പി’നെ തേടി ചൈനയിലെ വിതരണക്കാരും

258

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരന്‍പ് എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിപ്പിലാണ് സിനിമാ പ്രേമികള്‍. ചിത്രത്തിന്റെ ടീസറുകള്‍ ഇതിനോടകം പുറത്തുവന്നു. മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം എന്നാണ് കണ്ടവരെല്ലാം പേരന്‍പിലെ പ്രകടനത്തിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിന് കാത്തിരിപ്പ് കൂടും. ദേശീയ അവാര്‍ഡ് ജേതാവ് റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്തംബര്‍ ഏഴിന് റിലീസ് ചെയ്യുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. പേരന്‍പിന്റെ നിര്‍മ്മാതാക്കള്‍ ചിത്രം കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. കൊമേഴ്‌സ്യല്‍ ചിത്രങ്ങളുടെ റിലീസ് ആ സമയത്ത് ധാരാളമുള്ളതിനാല്‍ ഒരു പക്ഷേ പേരന്‍പിന് വേണ്ടത്ര സ്‌ക്രീന്‍ സ്‌പേസ് ലഭിക്കണമെന്നില്ല.

ഇതൊഴിവാക്കാനാണ് വിദേശത്തുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ചൈനയിലും ചിത്രം റിലീസിനൊരുങ്ങുന്നത്. നേരത്തെ ഷാങ്ഹായ്, റോട്ടര്‍ഡാം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇതും ഒരു കാരണമാണ്. ചൈനയിലെ തന്നെ പ്രമുഖ വിതരണക്കാര്‍ പേരന്‍പ് നിര്‍മ്മാതാക്കളെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ വിതരണക്കാരുമായി ഞങ്ങള്‍ ചര്‍ച്ചയിലാണെന്നും ഫിനാന്‍ഷ്യല്‍ കാര്യങ്ങളിലുള്‍പ്പെടെ തീരുമാനമുണ്ടായാല്‍ ചൈനയിലെ റിലീസ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രവും ഒരു മമ്മൂട്ടി ചിത്രവുമാവും പേരന്‍പ്. മറ്റുവിദേശ രാജ്യങ്ങളിലും പേരന്‍പ് പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കമ്പനി തന്നെ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സിനിമകള്‍ക്ക് ഇപ്പോള്‍ തന്നെ ചൈനയില്‍ വന്‍ മാര്‍ക്കറ്റുണ്ട്. ആമിര്‍ ഖാന്‍ ചിത്രമായ ദംഗലാണ് റെക്കോര്‍ഡിട്ട ഇന്ത്യന്‍ സിനിമ. ആമിര്‍ഖാന്റെ തന്നെ സീക്രട്ട് സൂപ്പര്‍സ്റ്റാറും വന്‍ തുകയാണ് ചൈനയില്‍ നിന്ന് വാരിയത്. സല്‍മാന്‍ ഖാന്റെ ഭാജ്‌റങ്കി ബായ്ജാനും ചൈനയില്‍ റിലീസ് ചെയ്ത് വന്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ടാക്സി ഡ്രൈവറും സ്നേഹസമ്പന്നനായ പിതാവുമാണ് മമ്മൂട്ടിയുടെ അമുദന്‍.