മമ്മൂട്ടിയുടെ പരോള്‍, പ്രേക്ഷകന് ജീവപര്യന്തം

165

പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ ശുഷ്‌കാന്തി പ്രകടമാക്കുന്ന മമ്മൂട്ടി, പൊതുജനങ്ങളുടെ പണം അപഹരിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ട് നിസ്സംഗത പാലിക്കുന്നു?

ജനശ്രദ്ധ നേടിയ ഒരഭിമുഖ സംഭാഷണത്തിനിടെ ‘വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ ചെയ്താല്‍ പോരേ’ എന്ന് ചോദിച്ച സംവിധായകന്‍ രഞ്ജിത്തിന് മമ്മൂട്ടി നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ‘നമുക്ക് പ്രായമായി, കൂടുതലൊന്നും സിനിമാ ഫീല്‍ഡില്‍ നിന്ന് നേടാനില്ല. പക്ഷേ ഒരുപറ്റം യുവാക്കള്‍ സിനിമാ സ്വപ്നവുമായി എന്റെയടുത്ത് വരുമ്പോള്‍ എങ്ങനെയാ നോ പറയുക? ഞാന്‍ കാരണം അവരുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുമെങ്കില്‍ അത് നടക്കട്ടെ. എനിക്കൊന്നും നേടാനില്ല.’ മമ്മൂട്ടി ഈ വിധത്തില്‍ അവസരങ്ങള്‍ നല്‍കിയ പുതുമുഖ സംവിധായകരില്‍ എത്രപേര്‍ സിനിമാ രംഗത്ത് തുടര്‍ന്നിട്ടുണ്ട് എന്നത് അവിടെ നില്‍ക്കട്ടെ. പണം മുടക്കി തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകരോട് വര്‍ഷങ്ങളായി മമ്മൂട്ടി എന്ന നടന്‍ ചെയ്യുന്നതെന്താണ്?

മെഗാസ്റ്റാര്‍ മമ്മൂക്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കാന്‍ തുടങ്ങിയ ആരാധകരേപ്പോലെ കാഞ്ചനമാല പോലും മൊയ്തീനുവേണ്ടി കാത്തിരുന്നിട്ടുണ്ടാവില്ല. മമ്മൂട്ടിയുടേതായി ഓരോ സിനിമയിറങ്ങുമ്പോഴും പുതുതായുദിക്കുന്ന പ്രതീക്ഷകള്‍ അതേസിനിമയുടെ ആദ്യഷോയോടുകൂടി അവസാനിക്കാറാണ് പതിവ്. ഇന്നലെയുദിച്ച യുവനടന്മാര്‍ക്ക് ലഭിക്കുന്ന ആദ്യദിന തിയെറ്റര്‍ ക്രൗഡ് പോലും മമ്മൂട്ടിയ്ക്ക് വര്‍ഷങ്ങളായി ലഭിയ്ക്കാറില്ല. എന്നിട്ടും അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണത്തിനുമാത്രം യാതൊരു കുറവുമില്ല.

ഏതാനും നാളുകളായുള്ള മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം പൊതുവായി ചില പ്രത്യേകതകളുണ്ട്. തനിക്ക് പ്രായമായെന്ന് അംഗീകരിക്കാനുള്ള വൈമനസ്യം അവയുടെ പൊതുസ്വഭാവമാണ്. പ്രായം റിവേഴ്‌സ് ഗിയറിലാണെന്ന് ഫാന്‍സിനേക്കൊണ്ട് പറയിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി മാത്രം അണിഞ്ഞൊരുങ്ങി, യൗവ്വനയുക്തനായി പ്രത്യക്ഷപ്പെടുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. പ്രണയനായകന്‍, വിവാഹിതന്‍, കൊച്ചുകുട്ടികളുടെ പിതാവ്, ഇതില്‍നിന്നൊരു മാറ്റം അദ്ദേഹത്തിനില്ല. ഒരു പൂര്‍വ്വകഥയും, ആ കഥയില്‍ നിന്നുരുത്തിരിരിഞ്ഞ് ഇന്നത്തെ അവസ്ഥയിലായിരിക്കുന്ന നായകത്വവും അതിനോടനുബന്ധിച്ച നിര്‍വികാരമായ കഥയും മാത്രമാണ് പതിവായി മമ്മൂട്ടിച്ചിത്രങ്ങളില്‍ കണ്ടുവരുന്നത്. അവയില്‍ ഭൂരിഭാഗവും മണ്ണടിയുന്നു.

ആര്‍പ്പുവിളികളോ ആരവങ്ങളോ പ്രതീക്ഷകളോ ഇല്ലാതെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രമാണ് പരോള്‍. ഒരു സംഭവകഥയെ അടിസ്ഥാനപ്പെടുത്തിയിറങ്ങുന്ന ഈ ചിത്രം, രാഷ്ട്രീയം പ്രമേയമാക്കിയ നല്ലൊരു കുടുംബചിത്രത്തിന്റെ സൂചനയായിരുന്നു തുടക്കത്തില്‍ നല്‍കിയത്. എന്നാല്‍ ചിത്രത്തിന്റെ ടീസറും ട്രൈലറും മരണവീടിനുസമമായിരുന്നു. ഒരുവിധത്തിലും പ്രേക്ഷകനെ ഇവയൊന്നും ആകര്‍ഷിച്ചിരുന്നില്ല എന്നത് തിയേറ്ററിലേയ്ക്ക് എത്തിച്ചേര്‍ന്ന ആളുകളുടെ എണ്ണം സൂചിപ്പിച്ചു. പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡന്‍ ആയിരുന്ന അജിത്ത് പൂജപ്പുരയുടേതാണ് തിരക്കഥ. ബാഹുബലിയിലെ കാലകേയനിലൂടെ ശ്രദ്ധേയനായ പ്രഭാകര്‍ ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും പരോളിനുണ്ട്. ഈ ചിത്രമെങ്കിലും മമ്മൂട്ടിയുടെ തിരിച്ചുവരവ് എന്ന സിനിമാ സ്‌നേഹികളുടെയും ആരാധകരുടേയും സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമോ?

ജയില്‍ പശ്ചാത്തലമായി വന്ന ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. അത്തരം സിനിമകളില്‍ ചിലത് പ്രേക്ഷകമനസ്സുകളില്‍ ഇന്നും നിലകൊള്ളുന്നവയാണ്. പരോളും ജയിലിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ്. ജയിലില്‍ കഴിയുന്ന അലക്‌സ് മേസ്തിരിയുടെ കഥയാണ് ചിത്രം പറയുന്നത്. കര്‍ഷകനായ അലക്‌സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. ജയിലിലെ മുഖ്യനായ അലക്‌സ് അവിടെ എത്തിച്ചേരുവാനിടയായ കാരണങ്ങളിലേക്ക് ചിത്രം ചെന്നെത്തുകയാണ്. കുടുംബബന്ധങ്ങളും, സഹാനുഭൂതിയും നന്മകളുമെല്ലാം ക്രമേണ ചിത്രത്തിന്റെ ഭാഗമായിവരുന്നുണ്ട്. പതിവുപോലെ ഇവിടെയും നായകന്‍ നിഷ്‌കളങ്കനായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് കരുതുന്നു. സ്വാഭാവികമായും തെറ്റ് ചെയ്യാതെ ജയില്‍ ശിക്ഷയനുഭവിക്കുന്ന നായകന്റെ നിഷ്‌കളങ്ക ബാല്യവും, യൗവ്വനവും കുടുംബജീവിതവുമെല്ലാം ചിത്രത്തിലേയ്ക്ക് വന്നുചേരുന്നു.

യഥാര്‍ത്ഥകഥയുടെ അവതരണമാണെന്ന് പറയുന്നുണ്ടെങ്കിലും ചിത്രം തുടങ്ങുന്നതും മുന്നോട്ടു പോവുന്നതും അവസാനിക്കുന്നതും നാടകീയമായാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി കണ്ടുമറന്ന എത്രയോസിനിമകളുടെ അതേ പശ്ചാത്തലം തന്നെയാണ് ഇവിടെയും കാണുവാന്‍ കഴിയുന്നത്. ജയില്‍ കാഴ്ചകളാണ് ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍. വിവിധതടവുകാരെ പരിചയപ്പെടുത്തുകയും അവര്‍ തടവറയില്‍ എത്തിപ്പെടാനുണ്ടായ കാരണങ്ങളും ചിത്രം പറയുന്നു. ജയില്‍ രംഗങ്ങളെല്ലാം കാലങ്ങളായി മലയാളസിനിമയില്‍ കണ്ട അതേപടിയുള്ളത്. പ്രഭാകര്‍ (കാലകേയന്‍) അവതരിപ്പിച്ച രാഘവന്‍ എന്ന കൊടും ഭീകരനായ തടവുപുള്ളി, ചുണ്ടുകൊണ്ട് സ്ഥിരം ശൈലിയില്‍ കോപ്രായം കാണിക്കുന്ന സുധീര്‍ കരമനയുടെ അറുബോറന്‍ കഥാപാത്രം, ‘മുത്തേ പൊന്നേ പിണങ്ങല്ലേ’യിലൂടെ ശ്രദ്ധിക്കപ്പെട്ട അരിസ്റ്റോ സുരേഷിന്റെ മറ്റൊരു കോമഡി (?) കഥാപാത്രം, നിഷ്‌കളങ്കരായ മറ്റ് ചില കഥാപാത്രങ്ങള്‍, എന്നിങ്ങനെ കണ്ടകാഴ്ചകളെത്തന്നെ പുതിയ കുപ്പിയിലേയ്ക്ക് ചേര്‍ത്തിരിക്കുകയാണ് സംവിധായകന്‍. ജയിലിലെ ഭക്ഷണവേള, തമ്മില്‍ത്തല്ല് തുടങ്ങിയവ കാണിച്ച് നായകന്‍ കരുത്തുറ്റവനാണെന്ന് കാണിക്കുവാനായുള്ള ചില ശ്രമങ്ങളും നടന്നിട്ടുണ്ട്.

മാസ്സും ക്ലാസ്സും ചേര്‍ന്ന ഒരു ഫാമിലി എന്റര്‍ടൈനറായിട്ടാണ് സംവിധായകന്‍ ചിത്രമൊരുക്കാന്‍ ശ്രമിച്ചിരിക്കുന്നത്. വളരെ സാവധാനമാണ് ചിത്രത്തിന്റെ കഥപറച്ചില്‍ രീതി. വിലകുറഞ്ഞ വിപ്ലവ ഡയലോഗുകളും കൃത്രിമത്വം നിറഞ്ഞ സന്ദര്‍ഭങ്ങളും ചിത്രത്തിലേയ്ക്കുള്ള ആവേശത്തെ തുടക്കത്തില്‍ത്തന്നെ പിന്‍വലിയ്ക്കും. അലക്‌സിന്റെ ബാല്യകാലത്ത് പിതാവുമൊത്തുള്ള രംഗങ്ങള്‍ അതിനുദാഹരണമാണ്. ഫാന്‍സിനെ ആഹ്ലാദിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഒരുക്കിയ ചില സംഘട്ടനരംഗങ്ങളും മതമൈത്രിയും, നന്മകളും ആവോളം വാരിവിതറിയിട്ടുണ്ട്. അതോടൊപ്പം തന്നെ മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകളും, ഇമോഷണല്‍ രംഗങ്ങള്‍ നന്നായി കൈകാര്യം ചെയ്തു എന്ന് പറയുവാനായി മാത്രം കൂട്ടിച്ചേര്‍ത്ത ജയില്‍ രംഗങ്ങളും കാഴ്ചാനുഭവത്തെ പിന്നോട്ട് വലിക്കുന്നു. പരോളിലിറങ്ങുന്ന നായകന്‍ നാട്ടില്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളും, സി.സി.ടി വി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നതുമെല്ലാം തികച്ചും വസ്തുതാവിരുദ്ധമാണ്. നിയമപാലകര്‍ യഥാസമയം ശുഷ്‌കാന്തിയുള്ളവരും വീര്യം കുറഞ്ഞവരുമായി മാറിമറിയുന്ന കാഴ്ചയും ചിത്രത്തിലുണ്ട്.

കമ്യൂണിസത്തെ ചാരിനിന്നുകൊണ്ട് മാര്‍ക്കറ്റ് ചെയ്യുകയും, ഫലത്തില്‍ കമ്മ്യൂണിസത്തെ അപമാനിക്കുകയും ചെയ്യുന്ന ഏതാനും ചിത്രങ്ങള്‍ അടുത്ത കാലത്തായി മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ ശ്രേണിയിലെ അവസാന ഉത്പന്നമാണ് പരോള്‍. ‘അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്റെ പാരമ്പര്യം പിന്തുടരുന്ന വിപ്ലവവീര്യം തുടിയ്ക്കുന്ന മകനാണ് പരോളിലെ മമ്മൂട്ടിയുടെ സഖാവ് അലക്‌സ് എന്നും, പരോള്‍ കണ്ടിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് മമ്മൂട്ടിയോടുണ്ടായിരുന്ന ഇഷ്ടം കൂടുമെന്നും, അത്രയ്ക്ക് സത്യസന്ധനായ കഥാപാത്രമാണ് സഖാവ് അലക്സ് എന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഇതിലെവിടെയാണ് കമ്മ്യൂണിസം? ഇതില്‍ എവിടെയാണ് വിപ്ലവം.? നായകന് ഒരു കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ എന്താണുള്ളത്? ‘അവനവനു വേണ്ടിയല്ലാതെ അപരന്നുവേണ്ടി ജീവിക്കുന്നവന്‍’ എന്ന തത്വമായിരിക്കണം സംവിധായകന്‍ അലക്‌സിന്റെ ഇടതുപക്ഷാനുഭാവവുമായി കൂട്ടിച്ചേര്‍ത്തത്. പക്ഷേ സ്വന്തം കുടുംബ പ്രശ്‌നത്തിനു ജയിലില്‍ കഴിയുന്ന ഒരുവന്‍ എങ്ങനെ ആ തത്വം ബാധകമാക്കും? ഈ ചിത്രത്തില്‍ ഒരിടത്തും കമ്മ്യൂണിസമോ വിപ്ലവമോ കാണുവാന്‍ കഴിയില്ല. ഇടതുപക്ഷപ്രസ്ഥാനവുമായി ചിത്രത്തിന് പ്രത്യേകിച്ച് ബന്ധങ്ങളൊന്നുമില്ല. എന്നാല്‍ സിനിമയുടെ വാണിജ്യനേട്ടത്തിനുവേണ്ടി കഥാസാഹചര്യങ്ങളിലേയ്ക്ക് കമ്മ്യൂണിസത്തെ അനാവശ്യമായി വലിച്ചിഴച്ചിരിക്കുകയാണ് സംവിധായകന്‍ ചെയ്തിരിക്കുന്നത്. അസ്ഥാനത്തുള്ള ഡയലോഗുകളും, ചെങ്കൊടിയെ ഗ്ലോറിഫൈ ചെയ്ത് കൈയ്യടിവാങ്ങുവാനുള്ള പരാക്രമവും, ഈ പ്രസ്ഥാനത്തെ തന്നെ വിലയിടിച്ചുകാണിച്ചതിനു തുല്യമായി കാണപ്പെട്ടു.

കഥാപരമായി യാതൊരു പുതുമകളും ചിത്രത്തിന് അവകാശപ്പെടാനില്ല. പല സിനിമകളിലും കണ്ടുമറന്ന രംഗങ്ങളെ അതേപടി അടര്‍ത്തിയെടുത്ത് വിളക്കിച്ചേര്‍ത്തിരിക്കുകയാണ് സംവിധായകന്‍. തോപ്പില്‍ ജോപ്പനും താപ്പാനയും പോലെ നായകനെ ചുറ്റിപ്പറ്റി നടക്കാനും മദ്യപിക്കുവാനും ആജ്ഞകള്‍ അനുവര്‍ത്തിക്കുവാനുമായി ഏതാനും സമപ്രായക്കാരും രംഗത്തുണ്ട്. സിനിമ പ്രേക്ഷകനുമായി ഒരുവിധത്തിലും ചേര്‍ന്നുനില്‍ക്കുന്നില്ല. നായകന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പ്രേക്ഷകരെ ഒരു വിധത്തിലും ബാധിക്കുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ മകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പലകാര്യങ്ങളും പ്രേക്ഷകനെ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണ്. ഇഴഞ്ഞുനീങ്ങുന്ന ചിത്രം ഫാമിലി ഡ്രാമയില്‍ നിന്നും, ത്രില്ലറായി പരിണമിക്കുവാനുള്ള വിഫല പരാക്രമവും നടന്നിരുന്നു.

പലപ്പോഴും ഒരു നാടകം കാണുന്ന അതേ ഫീലാണ് ചിത്രത്തില്‍ നിന്നും ലഭിയ്ക്കുന്നത്. കഥാപാത്രങ്ങള്‍ക്കൊന്നും വ്യക്തിത്വമില്ല. മുന്നറിയിപ്പിലെ സി.കെ രാഘവനെ ഓര്‍മ്മിപ്പിക്കുന്ന ലുക്കില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ അലക്‌സ് മേസ്തിരി യാതൊരു വ്യത്യസ്ഥതയുമില്ലാത്ത കഥാപാത്രമായിരുന്നു. അലക്‌സ് മേസ്തിരിയുടെ ബാല്യം മുതലുള്ള മൂന്ന് കാലഘട്ടങ്ങളാണ് സിനിമ. യുവാവായും, ജയില്‍ ശിക്ഷയനുഭവിക്കുന്ന കഥാപാത്രമായും മമ്മൂട്ടി അഭിനയിച്ചു. നായകന്‍ വൈകാരികസമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്ന വേളയില്‍ കൃത്രിമത്വം അനുഭവപ്പെട്ടെന്ന് പറഞ്ഞേ മതിയാവൂ. ഹാസ്യരംഗങ്ങളോ ഹാസ്യസംഭാഷണങ്ങളോ സിനിമയില്‍ കാര്യമായില്ലെങ്കിലും, ഗ്രേറ്റ് ഫാദറിലും പുത്തന്‍ പണത്തിലും മാസ്റ്റര്‍ പീസിലും കണ്ടിട്ടൂള്ള ‘വള്ളിയില്‍ കെട്ടിയുള്ള പറന്നുചാട്ടം’ ഈ സിനിമയിലും ആവര്‍ത്തിക്കുമ്പോള്‍ അത് ചിരിക്കുവാനുള്ള വക നല്‍കുന്നു.

സിദ്ധീഖ് എന്ന നടന്റെ പതിവു കഥാപാത്രങ്ങളില്‍ ഒന്നുതന്നെയായിരുന്നു ഈ ചിത്രത്തിലെ അബ്ദുവും. നായകനൊപ്പം നിലകൊള്ളുകയും സദാ നായകന് ഉപദേശങ്ങള്‍ പകര്‍ന്നുനല്‍കുകയും ചെയ്യുന്ന കണ്ടുപഴകിയ കഥാപാത്രം.! ആനി എന്ന നായികാകഥാപാത്രമായി ഇനിയയും, നായകന്റെ സഹോദരി കത്രീനയായി മിയ ജോര്‍ജ്ജും പ്രത്യക്ഷപ്പെടുന്നു. ഇനിയയുടെ മേയ്ക്കപ്പും വസ്ത്രധാരണവും കഥാപാത്രവുമായി ചേര്‍ന്നു നിന്നില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗ്രാമത്തില്‍ പാലുവില്‍ക്കാന്‍ നടക്കുന്ന ആനിക്കും, നായകന്റെ സഹോദരി കത്രീനയ്ക്കും ലിപ്സ്റ്റിക്കിന്റെ അതിപ്രസരമായിരുന്നു. സിനിമയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് അലന്‍ഷ്യര്‍ ആയിരുന്നു. അലന്‍ഷ്യറിന്റെ സംഭാഷണങ്ങളും ധീരനായ ഒരു സഖാവാണ് താനെന്ന് കാഴ്ചക്കാരെ കാണിക്കുവാനുള്ള ശ്രമവും പരാജയപ്പെട്ടു.

നായകനും, നായികയും തമ്മിലുള്ള കണ്ടുമുട്ടലും, പ്രായത്തിനു ചേരാത്ത പ്രണയവും, പ്രണയസാഫല്യത്തിനായി സൃഷ്ടിച്ചിരിക്കുന്ന സന്ദര്‍ഭങ്ങളും, ആരിലും ചിരിയുണര്‍ത്തും. സഹതടവുകാരന്റെ വേഷം അവതരിപ്പിച്ച അരിസ്റ്റോ സുരേഷിന്റേത് അനാവശ്യ കഥാപാത്രമായിരുന്നു. മലയാളത്തില്‍ മികച്ച ഗാനങ്ങള്‍ സംഭാവനനല്‍കിയിട്ടുള്ള ശരത്ത്, എല്‍വിന്‍ ജോഷ്വ, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. ശരത് ഇന്നോളം ചെയ്ത ഏറ്റവും മോശം വര്‍ക്കാണ് പരോള്‍. മോശം ഗാനങ്ങളും മോശം പശ്ചാത്തലസംഗീതവുമായിരുന്നു ചിത്രത്തിന്. അരിസ്റ്റോ സുരേഷ് ആലപിച്ച ‘പരോള്‍ക്കാലം’ എന്ന ഗാനവും അനുബന്ധരംഗങ്ങളും ബോറായിരുന്നു. ഛായാഗ്രഹണം, ചിത്രസംയോജനം എന്നീ മേഖലകള്‍ തികച്ചും പരിതാപകരമായിരുന്നു. ജയിലിന്റെ സെറ്റിട്ടിരിക്കുന്നതെല്ലാം ബഹുകോമഡിയാണ്.

ക്ലീഷേകളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു ചിത്രമെന്ന് പറഞ്ഞേ മതിയാവൂ. എണ്‍പതുകളിലും തൊണ്ണൂറുകളിലും കണ്ട് ശീലിച്ച മികച്ച മലയാള സിനിമകളുടെ ഒരു മാഷപ് വീഡിയോയായും ചില സമയങ്ങളില്‍ ഈ ചിത്രത്തെ വിലയിരുത്തേണ്ടിവന്നേക്കാം. 149 മിനിറ്റുകള്‍ ഈ ചിത്രം പൊതുപ്രേക്ഷകനെ ചെറുതായൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മാത്രമാണ് പരോള്‍. ഏതാണ്ട് എല്ലാ വശങ്ങളും മോശമെന്ന് പറയാവുന്ന, ഇഴഞ്ഞുനീങ്ങുന്ന, നാടകീയ രംഗങ്ങളടങ്ങിയ ഈ തട്ടിക്കൂട്ട് ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നത് നിരാശമാത്രമാണ്. രണ്ടര മണിക്കൂര്‍ എന്ന സമയം പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ജീവപര്യന്തം ശിക്ഷയാണ്. പുതുമുഖസംവിധായകര്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ ശുഷ്‌കാന്തി പ്രകടമാക്കുന്ന മമ്മൂട്ടി, പൊതുജനങ്ങളുടെ പണം അപഹരിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ട് നിസ്സംഗത പാലിക്കുന്നു എന്ന സംശയം മാത്രം ബാക്കി.