മഞ്ഞപ്പൂക്കള്‍ അതിരിട്ട നീലത്തടാകം

ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരമുണ്ട് അവലാഞ്ചിലേക്ക്. ദൂരം ഇത്രയേ ഉള്ളൂ എങ്കിലും ഒരു മണിക്കൂറില്‍ കുറയാതെ സമയം വേണം യാത്രക്ക്.

169

വിശാലമായ ചരിഞ്ഞിറങ്ങുന്ന ചുവന്ന മണ്‍തിട്ടകള്‍ക്ക് നടുവില്‍, മഞ്ഞപ്പൂക്കള്‍ അതിരിട്ട് നില്‍ക്കുന്ന ഒരു നീലത്തടാകം… അവലാഞ്ച് (Avalanche).  കാടിനു നടുവിലെ ഈ വിസ്മയം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ്.

അവലാഞ്ചിനെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് ഒരുക്കുന്ന നിരവധി യാത്രാ പാക്കേജുകളുണ്ട്.  വനം വകുപ്പിന്റെ വണ്ടിയിലുള്ള രണ്ട് മണിക്കൂര്‍ വനയാത്രയാണ് ഇതില്‍ പ്രധാനം.   വനം വകുപ്പിന്റെ കരിംപച്ച നിറത്തിലുള്ള മുതുമുത്തച്ഛന്‍ വണ്ടിയില്‍ ആടിയുലഞ്ഞുള്ള യാത്ര സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല.  ചെങ്കുത്തായ പൊട്ടിപ്പൊളിഞ്ഞുള്ള വനപാതയിലൂടെയുള്ള യാത്ര കഴിയുമ്പോള്‍ സാഹസികമായ എന്തോ ഒന്ന് ചെയ്തുവെന്ന തോന്നല്‍  സഞ്ചാരികള്‍ക്ക് ഓരോരുത്തര്‍ക്കുമുണ്ടാകും.

Avalanche 1

ഊട്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരമുണ്ട് അവലാഞ്ചിലേക്ക്.  ദൂരം ഇത്രയേ ഉള്ളൂ എങ്കിലും ഒരു മണിക്കൂറില്‍ കുറയാതെ സമയം വേണം യാത്രക്ക്. കാരണം ഇവിടേക്കുള്ള റോഡ് ഇടുങ്ങിയതും വളരെയധികം വളവുകളും തിരിവുകളും നിറഞ്ഞതുമാണ്.  ജാഗ്രത പുലര്‍ത്തേണ്ട യാത്രയാണെന്ന് സാരം.  30 കിലോമീറ്റര്‍ പിന്നിട്ട് എത്തുന്നത് അവലാഞ്ചിലേക്കുള്ള യാത്രക്ക് ടിക്കറ്റെടുക്കുന്ന സ്ഥലത്താണ്.  ഇവിടെ പാര്‍ക്കിങ്ങിനും, ലഘുഭക്ഷണത്തിനും, പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുമെല്ലാമായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വനയാത്രയ്ക്ക് രണ്ട് തരത്തില്‍ പോകാന്‍ സാധിക്കും.  ഒന്ന് വനം വകുപ്പിന്റെ വണ്ടിയില്‍. രണ്ടാമത്തേത് സ്വന്തം വണ്ടിയില്‍.  വനം വകുപ്പിന്റെ വണ്ടിയിലാണെങ്കില്‍ തലയൊന്നിന് 150 രൂപയാണ് ടിക്കറ്റ് നിരക്ക്.  യാത്ര സ്വന്തം വണ്ടിയിലാണെങ്കില്‍ വാഹനമൊന്നിന് 2000 രൂപയാകും.   വനം വകുപ്പിന്റെ വണ്ടിയിലുള്ള യാത്രയാണ് സുരക്ഷിതം എന്നത് യാത്ര തുടങ്ങി അല്‍പമങ്ങ് കഴിഞ്ഞാല്‍ തന്നെ മനസ്സിലാകും.  യാത്ര സ്വന്തം വണ്ടിയിലാക്കിയാല്‍, വണ്ടി ഓടിക്കുന്നവന്റെ കഴിവ് യാത്രയിലുടനീളം പരീക്ഷിക്കപ്പെടും എന്നത് തീര്‍ച്ച.  വനം വകുപ്പിന്റെ വണ്ടിയിലുള്ള യാത്ര എളുപ്പമായിരിക്കും.  പരിചയസമ്പന്നനായ ഡ്രൈവറുടെ കഴിവ് നമ്മളെ അത്ഭുതപ്പെടുത്തും.

Avalanche 2

ഏതാണ്ട് പതിനൊന്ന് കിലോമീറ്റര്‍ പിന്നിടുന്ന വനയാത്രക്കൊടുവില്‍ എത്തിച്ചേരുന്നത് നീലത്തടാകത്തിനരികിലാണ്.  ഈ പതിനൊന്ന് കിലോമീറ്റര്‍ പിന്നിടാന്‍ ഒരു മണിക്കൂറിനോടടുത്ത് സമയം വേണം.  തടാകക്കാഴ്ച്ചകള്‍ നുകരാനും ഫോട്ടോയെടുപ്പിനുമെല്ലാമായി കുറച്ച് സമയം അവിടെ തങ്ങാം. അതു കഴിഞ്ഞാല്‍ മടക്കം.