ബി ജെ പിയുടെ യഥാര്‍ഥമുഖം പുറത്തെത്തി, ഭക്തര്‍ വിഡ്ഢികളല്ലെന്നും ചെന്നിത്തല

68

ശബരിമലയില്‍ ഭക്തരുടെ താത്പര്യമല്ല രാഷ്ട്രീയക്കളിയാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയോടെ ബി ജെ പിയുടെ യഥാര്‍ഥമുഖം പുറത്തായെന്നും ചെന്നിത്തല പറഞ്ഞു.  കേരളത്തിലെ ആര്‍ എസ് എസും ബി ജെ പിയും മറ്റ് സംഘപരിവാര്‍ ശക്തികളും ശബരിമലവിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പു നടത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ആരോപണം ശരിയാണെന്ന് ഈ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.  ഇവര്‍ക്ക് ശബരിമലയോടോ ഭക്തജനങ്ങളോടോ ആത്മാര്‍ഥതയില്ല. ഇവര്‍ക്ക് താത്പര്യം മുതലെടുപ്പിന്റെ രാഷ്ട്രീയത്തോടാണ്. കേരളത്തിലെ ഭക്തജനങ്ങള്‍ വിഡ്ഢികളാണ് ശ്രീധരന്‍പിള്ള കരുതണ്ട. ബി ജെ പിയുടെ ഈ രാഷ്ട്രീയ മുതലെടുപ്പിന് ശരിയായ തിരിച്ചടി ജനങ്ങള്‍ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ സമരം ബി ജെ പി ആസൂത്രണം ചെയ്തതെന്ന ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിന്റെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും തിങ്കളാഴ്ച പുറത്തെത്തിയിരുന്നു. കോഴിക്കോട് നടന്ന യുവമോര്‍ച്ചാ യോഗത്തിലായിരുന്നു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.