ബിജെപിക്ക് മനംമാറ്റം; ശബരിമല സമരം നിര്‍ത്തുന്നു: മാര്‍ച്ച് ഉപേക്ഷിച്ചു

58

ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്‌ഥാന സർക്കാരിനെതിരെ ബിജെപി നടത്തിവന്ന സമരം അവസാനിപ്പിക്കുന്നു.  പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്നും ഇനി പ്രതികാത്‌മക സമരമാണ്‌ നടത്തുകയെന്നും ബിജെപി  സംസ്‌ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻ പിള്ള പറഞ്ഞു. ഇത്‌ നേരത്തെ തീരുമാനിച്ചതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ആചാരലംഘനം ഉണ്ടായാൽ വീണ്ടും സമരം ചെയ്യും. ഭക്‌തരെ വിഷമിപ്പിക്കാനില്ല. കേന്ദ്ര നേതൃത്വവും ശബരിമല ആചാരസംരക്ഷണ സമിതിയുമായി ആലോചിച്ചാണ്‌ തീരുമാനമെടുത്തത്‌. സന്നിധാനത്ത്‌ ബിജെപി സമരം നടത്തിയിട്ടില്ല. എല്ലാ സമരവും പൂങ്കാവനത്തിന്‌ പുറത്താണ്‌ നടത്തിയത്‌. മറ്റ്‌ തീരുമാനങ്ങൾ കേന്ദ്രം നിയമിക്കുന്ന സമിതിയുമായി ആലോചിച്ചശേഷംമാത്രം .  സംസ്‌ഥാന ജനറൽ സെക്രട്ടറി  കെ സുരേന്ദ്രനെ അന്യായമായി തടവിൽ വെയ്‌ക്കുന്നതിനെതിരായ സമരം തുടരുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

പൊലീസ്‌ ശക്‌തമായ നടപടികൾ സ്വീകരിച്ചതും  ബിജെപി ഇടക്കിടെ നിലപാടുകൾ മാറ്റുന്നതും സമരം തുടരുന്നതിന്‌ പ്രതികൂലമായതോടെയാണ്‌ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്‌.  ഇതിന്റെ ഭാഗമായി നിലയ്‌ക്കലിലെ യുവമോർച്ചാ മാർച്ച്‌ ഉപേക്ഷിച്ചു. സമരത്തിന്‌ ജനപിന്തുണ നഷ്‌ടപ്പെടുന്നതായി ബിജെപി നേതൃത്വം വിലയിരുത്തിയതായും പറയുന്നു.

ആചാര സംരക്ഷണമെന്ന പേരിൽ ഭക്‌തരെയടക്കം മർദ്ദിച്ചും  ഭീഷണിപ്പെടുത്തിയുമാണ്‌ ബിജെപി ശബരിമലയിൽ അക്രമപരമ്പരകൾ സൃഷ്‌ടിച്ചത്‌. ഇത്‌ ഭക്‌തർക്കിടയിൽതന്നെ അവമതിപ്പുണ്ടാക്കി.

പൊലീസ്‌ ശക്‌തമായ നടപടിയെടുത്തതോടെ സമരത്തിന്‌ എത്താനും പ്രവർത്തകർ  മടിച്ചു. ഇതോടെ സമരം അവസാനിപ്പിക്കേണ്ട നിലയിലേക്ക്‌ ബിജെപി തകർന്നു.

ആചാര സംരക്ഷണവും സ്‌ത്രീ പ്രവേശനവുമല്ല. ബിജെപിയുടെ ലക്ഷ്യം സംസ്‌ഥാന സർക്കാർ ആണെന്ന്‌ കഴിഞ്ഞ ദിവസം സംസ്‌ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻ പിള്ള വെളിപ്പെടുത്തിയതും വിവാദമായിരുന്നു. ഭക്‌തരെ അണി നിരത്തി സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന്‌ തിരിച്ചറിഞ്ഞതോടെ പലരും സമരത്തിൽനിന്ന്‌ വിട്ടുനിന്നിരുന്നു.