ഫൈബ്രോയിഡുകള്‍ക്ക് ക്യാന്‍സര്‍ സാധ്യതയുണ്ടോ?

210

ര്‍ഭാശയ ഭിത്തികളിലുണ്ടാവുന്ന അസ്വാഭാവിക വളര്‍ച്ചയാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. പുറമേ അപകടകാരികളല്ലാത്ത ഈ ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തും ഗര്‍ഭാശയ ഭിത്തിയിലും ഉണ്ടാവാറുണ്ട്.

ഇവയില്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തുണ്ടാവുന്ന മുഴകള്‍ അമിതരക്തസ്രാവം ഉണ്ടാക്കുന്നവയാണ്. 20നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ ഫ്രൈബ്രോയിഡുകള്‍ കൂടുതലായി കണ്ടുവരുന്നത്. ആര്‍ത്തവസമയത്തെ കഠിനമായ വേദനയും അമിത രക്തസ്രാവവും മൂലം ഈ മുഴകള്‍ സ്ത്രീകള്‍ക്ക് ഒരു പേടിസ്വപ്‌നമാണ്. അതിനൊപ്പം തന്നെ ഗര്‍ഭാശയ മുഴകള്‍ ക്യാന്‍സറായി മാറുമോ എന്ന പേടിയും പൊതുവേ സ്ത്രീകള്‍ക്കുണ്ടാവാറുണ്ട്. എന്നാല്‍ ഫലപ്രദമായി ചികിത്സിച്ചാല്‍ ഗര്‍ഭാശയ മുഴകള്‍ പൂര്‍ണമായും നീക്കം ചെയ്യാം.

എന്താണ് ഫ്രൈബ്രോയിഡുകള്‍?

ഗര്‍ഭപാത്രത്തിന്റെ പേശികളില്‍ നിന്നും ഉത്ഭവിക്കുന്ന മുഴകളാണ് ഫ്രൈബ്രോയിഡുകള്‍. ഇത് ഉണ്ടാവുന്നതിന് കാരണങ്ങള്‍ പലതാണ്. പ്രായഭേദമന്യേ ഫ്രൈബ്രോയിഡുകള്‍ കൂടുന്നതിനുള്ള പ്രധാനകാരണം ജീവിതശൈലി തന്നെയാണ്. പൊണ്ണത്തടിയുള്ള സ്ത്രീകളില്‍, റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരില്‍, ആര്‍ത്തവം നേരത്തെ ഉണ്ടാവുന്ന സ്ത്രീകളില്‍, ആര്‍ത്തവം വൈകിയെത്തുന്ന സ്ത്രീകള്‍ തുടങ്ങിയവരിലാണ് ഫ്രൈബ്രോയിഡ് മുഴകള്‍ കൂടുതലായി കാണുന്നത്.

ഹോര്‍മോണ്‍ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഫൈബ്രോയിഡ് രൂപപ്പെടുന്നത്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനും പ്രൊജസ്‌ട്രോണും കൂടി നില്‍ക്കുന്ന സ്ത്രീകളിലാണ് ഫ്രൈബ്രോയിഡ് കൂടുതലായി കണ്ടുവരുന്നത്.

ഫ്രൈബ്രോയിഡ് പലവിധത്തില്‍

അമ്പത് വയസ്സിനോട് പ്രായമടുക്കുന്ന 70 ശതമാനം സ്ത്രീകളിലും ഫൈബ്രോയിഡ് മുഴകള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഇതില്‍ അപകടസാധ്യതകളും കുറവാണ്. ഗര്‍ഭപാത്രത്തിന്റെ ഉള്‍വശം മുതല്‍ പലഭാഗങ്ങളില്‍ ഫ്രൈബ്രോയിഡ് കണ്ടുവരാം. ഫ്രൈബ്രോയിഡ് ഉണ്ടാവുന്ന സ്ഥാനത്തെ അടിസ്ഥാനമാക്കി ടൈപ്പ് 0 മുതല്‍ ടൈപ്പ് 8 വരെ ഫ്രൈബ്രോയിഡുകളെ തരം തിരിക്കാറുണ്ട്.

ഗര്‍ഭപാത്രത്തിന്റെ ഉള്‍വശത്ത് നിന്നും ഉണ്ടാവുന്ന ഫ്രൈബ്രോയിഡ് ആണ് ടൈപ്പ് 0- ടൈപ്പ് 1 ഫൈബ്രോയിഡ്. ഇതാണ് അമിതരക്തസ്രാവം ഉണ്ടാക്കുന്നതും വളര്‍ച്ചയെത്തിയില്ലെങ്കില്‍ പോലും നീക്കം ചെയ്യേണ്ടി വരുന്നതുമാണ് ഇത്തരത്തിലുള്ള ഫ്രൈബ്രോയിഡുകള്‍.

ടൈപ്പ് 2 മുതല്‍ 6 വരെയുള്ള ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭപാത്രത്തിന്റെ മാംസപേശികളില്‍ ഉണ്ടാവുന്ന മുഴകളാണ്. അത്തരം ഫൈബ്രോയിഡുകള്‍ ഗര്‍ഭപാത്രത്തിന്റെ ഉള്ളിലുണ്ടാവുന്നതു പോലെ അമിത രക്തസ്രാവം ഉണ്ടാക്കാറില്ല. അമിതമായി വളര്‍ച്ച വന്നാല്‍ മാത്രമേ ഇതിനെ നീക്കം ചെയ്യേണ്ടതുള്ളൂ. ടൈപ്പ് 7,8 ഫൈബ്രോയിഡുകള്‍ ഗര്‍ഭപാത്രത്തിനു പുറമേ വളരുന്ന മുഴകളാണ്. ഇത് അപകടകാരികളല്ലെന്നും വലിപ്പം വെച്ചാല്‍ പോലും ഈ ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഗര്‍ഭപാത്രത്തിന്റെ ഭാഗങ്ങളിലും ഗര്‍ഭാശയ മുഖത്തും വളരുന്ന ടൈപ്പ് 8 ഫൈബ്രോയിഡുകള്‍ ഫൈബ്രോയിഡുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന മുഴകളാണ്.

ലക്ഷണങ്ങള്‍

ഗര്‍ഭാശയമുഴകള്‍ പ്രധാനമായും അഞ്ച് തരത്തിലുള്ള ലക്ഷണങ്ങളോടെയാണ് കണ്ടുവരാറുള്ളത്. ഇത് അഞ്ച് ചികിത്സാ രീതികളിലൂടെ കണ്ടുപിടിക്കാനും അഞ്ച് ചികിത്സാ രീതികളിലൂടെ ഭേദമാക്കാനും സാധിക്കും.

  • അമ്പത് ശതമാനം രോഗികളിലും ഫൈബ്രോയിഡുകള്‍ ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കില്ല.
  • 30 ശതമാനം സ്ത്രീകളില്‍ അമിതരക്തസ്രാവം
  • അടിവയറിനോടുള്ള വേദന
  • ഫ്രൈബ്രോയിഡുകള്‍ വളരും തോറും സമീപ അവയവങ്ങളില്‍ ബാധിച്ച് മൂത്രസംബന്ധമായ തടസങ്ങളോ പ്രശ്‌നങ്ങളോ ആയി പ്രകടമാവും. ആമാശയത്തെ ബാധിച്ച് മലബന്ധം ഉണ്ടാക്കുന്നു
  • ഫൈബ്രോയിഡുകള്‍ വന്ധ്യതയ്ക്ക് കാരണമാവുകയോ ഗര്‍ഭം അലസിപ്പോവുകയോ ചെയ്യാറുണ്ട്.

ഫ്രൈബ്രോയിഡും ക്യാന്‍സര്‍ സാധ്യതയും

ക്യാന്‍സര്‍ പേടിയെ പരിഗണിച്ച് ഗര്‍ഭാശയ മുഴകളെ ആശങ്കയോടെയാണ് സ്ത്രീകള്‍ നേരിടുന്നത്. എന്നാല്‍ ഫ്രൈബ്രോയിഡുകള്‍ക്ക് ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ശതമാനം ആളുകളില്‍ മാത്രമാണ് ഫൈബ്രോയിഡുകള്‍ ക്യാന്‍സറായി മാറുന്നത്. ആയിരം പേരില്‍ രണ്ട് എന്ന നിരക്കിലാണ് ഇത്. ആര്‍ത്തവം നിന്നവരില്‍ വരുന്ന ഫ്രൈബ്രോയിഡ് മുഴകള്‍, പെട്ടന്ന് വളര്‍ന്നു വരുന്ന ഫൈബ്രോയിഡ് മുഴകള്‍ ഉള്ളവര്‍ എന്നിവയാണ് ക്യാന്‍സര്‍ സാധ്യതയുള്ള ഫ്രൈബ്രോയിഡുകളില്‍ ഉള്‍പ്പെടുന്നത്.

ഗര്‍ഭാശയ മുഴകള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ വൈകരുത്. ആറ് മാസം കൂടുമ്പോള്‍ ഫൈബ്രോയിഡുകളുടെ വളര്‍ച്ച പരിശോധിക്കുന്നതാണ് ഉചിതം.

ഫൈബ്രോയിഡ് പരിശോധനയിലൂടെ കണ്ടെത്താം

  • വയറും യോനിയിലൂടെയുള്ള പരിശോധനയുടെ പ്രാഥമിക ഘട്ടം. ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാഥമിക വിവരം മാത്രമാണ് ഈ പരിശോധനയിലൂടെ ലഭിക്കുന്നത്.
  • അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ് ആണ് ഫ്രൈബ്രോയിഡിന്റെ സ്ഥാനവും വലിപ്പവും വളര്‍ച്ചയും എണ്ണവും കണ്ടെത്താനുള്ള പ്രധാനപ്പെട്ട പരിശോധന.
  • സലൈന്‍ ഇന്‍ഡ്യൂഷന്‍ സോണോഗ്രഫി എന്ന പരിശോധന അല്‍പം കൂടി വിശദമായ പരിശോധനയാണ്. ഗര്‍ഭപാത്രത്തിന്റെ ഉള്ളറയിലുള്ള മുഴകളെ കണ്ടുപിടിക്കാനാണ് ഈ പരിശോധന നടത്തുന്നത്.
  • ഗര്‍ഭപാത്രത്തിലെ മുഴ മാത്രമായി നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നവരിലാണ് എംആര്‍ഐ സ്‌കാന്‍ നടത്തുന്നത്. ഫൈബ്രോയിഡിന്റെ എണ്ണവും സ്ഥാനവും വലിപ്പവം വിശദമായി പരിശോധിച്ച് കൃത്യമായ ചികിത്സ നല്‍കുന്നതിനോ മുഴകള്‍ നീക്കം ചെയ്യുന്നവരിലോ ആണ് എംആര്‍ഐ സ്‌കാന്‍ നടത്തുന്നത്. ഫ്രൈബ്രോയിഡിനൊപ്പം മറ്റെന്തെങ്കിലും രോഗം ഉണ്ടോ എന്ന് കണ്ടുപിടിക്കാനും എംആര്‍ഐ സ്‌കാനിങ്ങിലൂടെ സാധിക്കും.
  • ഹിസ്‌ട്രോസ്‌കോപ്പി ഗര്‍ഭപാത്രത്തിന്റെ ഉള്‍വശം പരിശോധിച്ച് മുഴകളെ കണ്ടുപിടിക്കാനുമുള്ള പരിശോധനയാണ് ഹിസ്‌ട്രോസ്‌കോപ്പി.

 

ഫ്രൈബ്രോയിഡുകള്‍ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രക്തസ്രാവം വര്‍ധിച്ച് ശരീരത്തിലെ രക്തത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞേക്കാം. ഇത് മറ്റ് രോഗങ്ങളിലേക്ക് നയിക്കും. അതിനാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ സമയം വൈകാതെ ഉടന്‍ ചികിത്സ തേടുകയെന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്.