പ്രവാസിയുടെ ഭാര്യ- അജിനാഫ റിയാദ്,കായംകുളം

അജിനാഫ റിയാദ്,കായംകുളം

770

ഞാനൊരു പ്രവാസിയാണ് എങ്കിലും ഈ പ്രവാസം കൊണ്ടെനിക്ക് നന്മകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.അതിനാൽ തന്നെ പ്രവാസത്തെ വെറുക്കാൻ എനിക്കാവില്ല എങ്കിലും ഒരു റിയാലിന്റെ കുബ്ബൂസും ഒരു റിയാലിന്റെ തൈരും കൊണ്ട് ജീവിതം തള്ളി നീക്കി വീട്ടിലുള്ളവരെ സന്തോഷിപ്പിക്കുന്ന പ്രവാസികളെയും എനിക്കറിയാം.അവർ പത്തും ഇരുപതും വർഷം പ്രവാസത്തില്‍ തളച്ച ജീവിതത്തിന്‍റെ നേട്ടം എന്ത് എന്ന് എല്ലാം കഴിഞ്ഞു ഉമ്മറകോലായില്‍ കാലും നീട്ടിയിരുന്നു ചിന്തിക്കുമ്പോള്‍
നഷ്ടങ്ങളുടെ ഓര്‍മ്മയല്ലാതെ മറ്റൊന്നും ചിലപ്പോൾ അവർക്കു കാണില്ല.എന്റെ അഭിപ്രായത്തിൽ വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാന്‍ ഇല്ലാത്തത് ഉണ്ടെന്നു കാണിക്കാനുള്ള വ്യഗ്രത പ്രവാസി ഉപേക്ഷിക്കണം.
ഈ കുറിപ്പ് വായിക്കുന്ന പ്രവാസികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ.ഒരു ചെറിയ സമ്പാദ്യം നിങ്ങള്‍ക്കായി മാത്രം മാറ്റി വെക്കുക.
നമുക്ക് ഗള്‍ഫില്‍ എന്താ കിട്ടുന്നത്, എന്ത് ജോലിയാണ് ചെയ്യുന്നതെന്നും എന്ത് ശമ്പളമാണ് കിട്ടുന്നതെന്നും മക്കളോടും, ഭാര്യയോടും,ബന്ധുക്കളോടും വ്യക്തമായി പറയണം.വരവിനനുസരിച്ച് ചിലവു നിയന്ത്രിക്കാന്‍ മക്കളോടും കുടുംബക്കാരോടും പറയുക.കാരണം ഇന്നത്തെ അവസ്ഥയില്‍ പ്രവാസം അധികം ഉണ്ടാവും എന്ന് കരുതാന്‍ വയ്യ. സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവല്‍ക്കരണവും ഗള്‍ഫിന്‍റെ നിറം കെടുത്തുന്നുണ്ട്.അതുകൊണ്ട്സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.ഇന്നത്തെ സമ്പാദ്യം നാളത്തെ ആശ്വാസമാകും.
ഇനി മറ്റൊരു കാര്യം അലകടലിന്റെ അക്കരെ ഇക്കരെ എരിഞ്ഞു തീരല്‍ തന്നെയാണ് സത്യത്തില്‍ പ്രവാസത്തിന്റെ മുറിവ്. അത് പലപ്പോഴും ഞാനും എഴുതിയിട്ടുണ്ട് എന്നാൽ അക്കരെയും ഇക്കരെയും തീവ്രമാണ് അവസ്ഥ.പക്ഷേ, അക്കരെയുള്ള കരച്ചില്‍ ഏറെയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ് വാസ്തവം.ആരും അതിനെ കുറിച് എഴുതിയും പറഞ്ഞും കണ്ടിട്ടുമില്ല.പ്രവാസി മറ്റുള്ളവർക്ക് വേണ്ടി സ്വയം ഉരുകി തീരുന്ന മെഴുകുതിരിയോട് ഉപമിച്ചത് ആരാണെന്നറിയില്ല എങ്കിലും പ്രവാസി മെഴുകുതിരി ആണെങ്കില്‍,ആ ഉരുക്കം നാട്ടിൽ കാത്തിരിക്കുന്ന അവന്റെ പ്രിയതമയും അനുഭവിക്കുന്നുണ്ട് എന്നത് എനിക്ക് നന്നായറിയാം കാരണം ഞാനുമൊരു പ്രവാസിയുടെ മകനായിരുന്നു. പ്രവാസികളുടെ ഭാര്യമാരായിപ്പോയി എന്ന തങ്ങളുടെതല്ലാത്ത കാരണത്താല്‍ അവരും ഈ ഉരുകുന്ന ജീവിതച്ചൂടില്‍ ഏറെ വിയര്‍ക്കേണ്ടി വരുന്നവരാണ്. കുട്ടികളുടെ സംരക്ഷണം, വീട് പരിപാലനം, സാമ്പത്തിക നിയന്ത്രണം, സ്വയം സംരക്ഷണം അങ്ങിനെ കുടുംബ നായകന്‍റെ അഭാവത്തില്‍ അവള്‍ പോരാട്ട വീര്യത്തോടെ ജീവിതത്തെ നേരിടാന്‍ വിധിക്കപ്പെട്ടവളാകുന്നു . ആ പോരാട്ടാത്തില്‍ പലപ്പോഴും അവള്‍ക്കു സ്വന്തം പടയില്‍ നിന്നും ശത്രു പടയില്‍ നിന്നും പഴിയും പരിക്കും ഏല്‍ക്കേണ്ടി വരുന്നു. സര്‍വ്വംസഹിയായ അവരുടെ കണ്ണീരിനെയും അടിച്ചമര്‍ത്തപ്പെട്ട ഹൃദയ വികാരങ്ങളെയും അധികമാരും എഴുത്തിനു വിഷയമാക്കി കണ്ടില്ല.ഞാൻ പറഞ്ഞത് ശെരിയല്ലേ ഒന്ന് ചിന്തിച്ചു നോക്കൂ ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ മാതാവിന്റെയും, പിതാവിന്റെയും റോളുകള്‍ അവള്‍ക്കോറ്റക്ക് നിര്‍വഹിക്കേണ്ടതുണ്ട്.ഒരു കുടുംബത്തിന്റെ തൂണായി,വിളക്കായി മാറേണ്ടതുണ്ട്.കുട്ടികളുടെ സ്‌കൂള്‍, കോളേജ് പ്രവേശനം. അത് സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങല്‍.അങ്ങിനെ എന്തെല്ലാം കടമകള്‍ കര്‍ത്തവ്യങ്ങള്‍.ഒരുപക്ഷെ നാട്ടിൽ ചെന്ന് നിൽക്കുമ്പോൾ എനിക്ക് പലപ്പോഴും ദേഷ്യം വരാറുണ്ട് ഏതെങ്കിലും കാര്യത്തിന് മുനിസിപ്പാലിറ്റിയിലോ മറ്റു സർക്കാർ ഓഫീസുകളിലോ പോകേണ്ടി വരുമ്പോൾ.അപ്പോൾ ഞാൻ എന്റെ ഭാര്യയെ മനസ്സാലെ തൊഴുതു പോകും.ഇനി മറ്റൊരു വശം വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഒരു പക്ഷെ,ഏറ്റവുമധികം പ്രയോജനപ്പെട്ടിരിക്കുക പ്രവാസികൾക്കായിരിക്കും.തന്റെ നോവും വേവും ഒക്കെ പ്രിയപ്പെട്ടവനുമായി പങ്കിടാന്‍ പണ്ടത്തെ പോലെ ആഴ്ചകള്‍ കാത്തിരിക്കേണ്ടതില്ല. പക്ഷെ,ഈ സംവിധാനങ്ങള്‍ അപ്രാപ്യമായ ലക്ഷക്കണക്കിന്‌ ഭാര്യമാര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്നുള്ളത് തികച്ചും സങ്കടകരമാണ്.പറയാനൊരുപാടുണ്ട് പറഞ്ഞു പറഞ്ഞു മുഷിപ്പിക്കുന്നില്ല.നേരത്തെ ഞാൻ പറഞ്ഞത് പോലെ പ്രവാസി മെഴുകുതിരി ആണെങ്കില്‍,ആ ഉരുക്കം അവിടെ കാത്തിരിക്കുന്ന അവന്റെ പ്രിയതമയും അനുഭവിക്കുന്നുണ്ട് എന്നത് മറക്കരുത്.ആരെങ്കിലും ഭര്‍ത്താവ് ഗള്‍ഫിലാണെന്ന് പറഞ്ഞാല്‍ ആദരം നിറച്ച കണ്ണുകളോടെയാണ് ഞാന്‍ അവരെ നോക്കാറ്.
കാരണം ഞാനാ കണ്ണുകളില്‍ കാണാറുണ്ട്‌ ഒറ്റയ്ക്ക് പടപോരുതേണ്ടി വന്ന ഒരു പോരാളിയുടെ ദുഃഖം..അക്കരെയും ഇക്കരെയും ഉള്ളവരുടെ ഉരുക്കങ്ങളെല്ലാം തീരട്ടെ എന്നാശംസിച്ചു കൊണ്ട് നിർത്തട്ടെ ..

അജിനാഫ
റിയാദ്,കായംകുളം