പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ ഹെലികോപ്റ്ററുകള്‍ക്ക് 25 കോടി രൂപ കൂലി ചോദിച്ച് കേന്ദ്രം

98
Indian Navy loads relief items into helicopters and send additional rubberised boats and divers to flood affected areas.

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്ററുകള്‍ക്ക് കേരളസര്‍ക്കാരിനോട് പണം ആവശ്യപ്പെട്ട് കേന്ദ്രം. 25 കോടി രൂപയുടെ ബില്ലാണ് വ്യോമസേന, സംസ്ഥാന സര്‍ക്കാറിന് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക പോലും നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാരാണ് ഇപ്പോള്‍ 25 കോടി രൂപ രക്ഷാപ്രവര്‍ത്തനത്തിന്റെ കൂലിയായി ചോദിച്ചിരിക്കുന്നത്.  ഇത്കടുത്ത വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.

കേന്ദ്രം കേരളത്തോട് കാട്ടിയ അവഗണനയെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രളയ കാലത്ത് അനുവദിച്ച  റേഷന് പോലും കേന്ദ്രം പണം വാങ്ങുന്ന സ്ഥിതിയാണ് ഉണ്ടായത്. യു എ ഇ പോലുള്ള രാജ്യങ്ങള്‍ സഹായങ്ങളുമായി മുന്നോട്ട് വന്നപ്പോള്‍ അത് സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. ഇതുവഴി നമുക്ക് ലഭിക്കേണ്ട വലിയൊരു തുക നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ കിട്ടിയ തുക പോരെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2683.18 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക. 688.48 കോടി രൂപ ഇതുവരെ ചെലവായെന്നും മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. ദുരന്ത നിവാരണ നിധിയിലെ മുഴുവന്‍ തുക ഉപയോഗിച്ചാലും ബാധ്യത തീരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തിലുണ്ടായ പ്രളയത്തില്‍ 820 കോടിയുടെയും രണ്ടാമതുണ്ടായ പ്രളയത്തില്‍ 4896 കോടിയുടെയുമടക്കം 5616 കോടി രൂപയാണ് കേന്ദ്രത്തോട് ചോദിച്ചത്. ഇതിന് പുറമെ 5000 കോടിയുടെ പാക്കേജ് തരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഇതുവരെ തന്നത് 600 കോടി രൂപ മാത്രമാണ്. ഇതില്‍ നിന്ന് റേഷന്റെ തുക കുറച്ചാല്‍ കേന്ദ്രം തന്നത് 334 കോടി 26 ലക്ഷം രൂപ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, ലോകബാങ്കും ഐക്യരാഷ്ട്രസഭയും കണക്കാക്കിയത് 31,000 കോടി രൂപയുടെ നഷ്ടമാണ്.