പ്രളയം: കലോത്സവവും ചലച്ചിത്രമേളയുമടക്കം സര്‍ക്കാരിന്‍റെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി

157

അടുത്ത ഒരു വർഷത്തേയ്ക്ക് എല്ലാ ആഘോഷപരിപാടികളും സംസ്ഥാന സർക്കാർ റദ്ദാക്കി. റദ്ദാക്കിയതിൽ യുവജനോൽസവും അന്താരാഷ്ട്ര ചലച്ചിത്രോൽസവവും ഉൾപ്പെടുന്നു. പൊതുഭരണ വകുപ്പിന്‍റെ ഉത്തരവിനെതിരെ സംസ്കാരിക മന്ത്രി എ കെ ബാലൻ പരസ്യമായി രംഗത്ത് എത്തി.

സർക്കാർ നടത്തുന്നതും സർക്കാർ ഫണ്ട് വാങ്ങുന്നതുമായ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കുന്നതായാണ് സർക്കാർ ഉത്തരവ്. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വാസ് സിൻഹയുടെ ഉത്തരവിൽ യുവജനോൽസവം, കലോൽസവം, ചലച്ചിത്രോൽസവം എന്നിവയുടെ കാര്യം എടുത്ത് പറയുന്നുണ്ട്. വിനോദസഞ്ചാരവകുപ്പിന്‍റെ ആഘോഷപരിപാടികൾ റദ്ദാക്കുന്ന കാര്യവും ഉത്തരവിലുണ്ട്. എന്നാൽ തീരുമാനം ഉദ്യോഗതലത്തിലുള്ള പിഴവാണെന്ന് പരസയമായി പറഞ്ഞുകൊണ്ട് മന്ത്രി എകെ ബാലൻ രംഗത്ത് എത്തി. സാമ്പത്തിക അച്ചടക്കം പാലിക്കണെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്‍റെ മറവിലാണ് നീക്കമെന്നും ബാലൻ തുറന്നടിച്ചു.

ജില്ലാ സംസ്ഥാന തല കലോൽസവങ്ങൾ റദ്ദാക്കുന്നെന്ന വാർത്ത തെറ്റാന്നെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ രാവിലെ വാർത്താക്കുറുപ്പും ഇറക്കി. എസ്എഫ്ഐയും കെഎസ് യുവും തീരുമാനത്തെ വിമർശിച്ചു. സ്വന്തം നിലയ്ക്ക് ചലച്ചിത്രോത്സവം നടത്തുന്നകാര്യം പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും വിശദീകരിച്ചു. മന്ത്രി കെ ടി ജലീലാകട്ടെ തീരുമാനത്തെ ന്യായീകരിച്ചു.

മുഖ്യമന്ത്രി വിദേശത്തുപോയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനുകീഴിലെ വകുപ്പിന്‍റെ നടപടി വിവാദത്തിലായിരിക്കുന്നത്. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് വകുപ്പ് സെക്രട്ടറി ബിശ്വാസ് സിൻഹ പ്രതികരിച്ചു.