പ്രണോയിക്ക് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്; സൈന പത്താം റാങ്കില്‍

മൂന്നു മാസത്തിന് ശേഷമാണ് സൈന ആദ്യ പത്ത് റാങ്കിനുള്ളിലെത്തുന്നത്

206

ന്യൂഡല്‍ഹി: വുഹാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതിന് പിന്നാലെ ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ വന്‍ മുന്നേറ്റവുമായി എച്ച്.എസ് പ്രണോയിയും സൈന നേവാളും. ഇരുവരും രണ്ടു സ്ഥാനമാണ് മുന്നില്‍ കയറിയത്. പ്രണോയ് എട്ടാം റാങ്കിലും സൈന പത്താം റാങ്കിലുമെത്തി.

മലയാളി താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. മൂന്നു മാസത്തിന് ശേഷമാണ് സൈന ആദ്യ പത്ത് റാങ്കിനുള്ളിലെത്തുന്നത്. അതേസമയം പുരുഷ സിംഗിള്‍സില്‍ കിദംബി ശ്രീകാന്തും വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും മൂന്നാം റാങ്കിലുണ്ട്.  നേരത്തെ ഏപ്രില്‍ 12ന് ശ്രീകാന്ത് ഒന്നാം റാങ്കിലെത്തിയിരുന്നു. നിലവില്‍ ശ്രീകാന്തിന് 74135 പോയിന്റാണുള്ളത്. പ്രണോയിക്ക് 57000 പോയിന്റും.

നേരത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോഡ് പ്രണോയ് നേടിയിരുന്നു. 1965ല്‍ ദിനേശ് ഖന്നയും 2007ല്‍ അനൂപ് ശ്രീധറും മെഡല്‍ നേടിയിരുന്നു. രണ്ടുതവണ ലോകചാമ്പ്യനായ ചെന്‍ ലോങ്ങിനെയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലില്‍ പ്രണോയ് പരാജയപ്പെടുത്തിയിരുന്നത്.