പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ ഏറ്റവും നല്ല സംസ്ഥാനം കേരളമെന്ന് സര്‍വേ ഫലം.

61

ഇന്ത്യയില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ പറ്റിയ ഏറ്റവും നല്ല സംസ്ഥാനം കേരളമെന്ന് പുതിയ സര്‍വേ ഫലം. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി എഴുപതിനായിരത്തിലധികം പെണ്‍കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലാണ് കൗമാരികളുടെ സുരക്ഷിത സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്.

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് നന്‍ഹി കലി, നാന്ദി ഫൗണ്ടേഷന്‍- മഹീന്ദ്ര ആന്റ് മഹീന്ദ്ര പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ആയിരത്തോളം വനിതകള്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. 29 സംസ്ഥാനങ്ങളില്‍ നിന്നായി 74,000 പെണ്‍കുട്ടികളാണ് സര്‍വേയില്‍ പങ്കെടുത്തത്.

കേരളത്തിന് തൊട്ടുപിന്നാലെ മിസോറാം, സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് കൗമാരിക്കാരികള്‍ക്ക് സുരക്ഷിതമായ സംസ്ഥാനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. സുരക്ഷിത നഗരങ്ങളാണെങ്കില്‍ ആദ്യം മുംബൈ, രണ്ടാമതായി കൊല്‍ക്കത്ത, മൂന്നാമതായി ബെഗലരു എന്നിങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ലഭ്യമായ വിദ്യാഭ്യാസം, വിവാഹം, ശുചിത്വം, ആര്‍ത്തവ ശുചിത്വം, ആരോഗ്യം, സാമൂഹികാവസ്ഥകള്‍, സാങ്കേതികവിദ്യകളുടെ പരിജ്ഞാനവും ഉപയോഗവും, മൊബൈല്‍- ഇന്റര്‍നെറ്റ് ഉപയോഗം എന്നീ വിഷയങ്ങളാണ് പ്രധാനമായും സര്‍വേയ്ക്ക് വേണ്ടി പരിഗണിച്ചത്. കൂട്ടത്തില്‍ തനിച്ച് യാത്ര ചെയ്യാനും നിയമപരമായ സംരക്ഷണം അവകാശപ്പെടാനുമുള്ള പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യവും സംഘം വിലയിരുത്തി.

സര്‍വേയില്‍ പങ്കെടുത്ത 81 ശതമാനം പെണ്‍കുട്ടികളും നിലവില്‍ പഠനം തുടരുന്നവരാണ്. ഇതില്‍ 96 ശതമാനം പേരും അവിവാഹിതര്‍ തന്നെയാണ്. 70 ശതമാനം പെണ്‍കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി ശ്രമിക്കുന്നവരാണ്. ഇതില്‍ 74 ശതമാനത്തോളം പേരും വിദ്യാഭ്യാസത്തിന് ശേഷം ജോലി വേണമെന്നും ആഗ്രഹിക്കുന്നു. പൊതുവേ സര്‍വേ ഗുണപരമായ ഫലങ്ങളാണ് കാണിക്കുന്നതെന്നും ഇത്തരം സര്‍വേകള്‍ തുടര്‍ന്ന് വിവിധ പ്രായങ്ങളിലുള്ളവരിലേക്ക് വ്യാപിപ്പിക്കണമെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.