പീഡന വിവരം അറിയിച്ചില്ല: ശിശുഭവന്‍ ചെയര്‍നാന്‍ ജോസ് മാവേലി അറസ്റ്റില്‍

266

ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. ശിശുഭവനിലെ പീഡനവിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോസ് മാവേലിക്കെതിരെ പോക്സോ കുറ്റം ചുമത്തി. പീഡന വിവരം മറച്ചുവെച്ച കമ്ബ്യൂട്ടര്‍ അധ്യാപകനായ റോബിനെയും കുട്ടികളെ പീഡിപ്പിച്ച അന്തേവാസിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.പീഡനം നടന്നപ്പോള്‍ അന്തേവാസി പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

അഞ്ച് കുട്ടികളെയാണ് അന്തേവാസി പീഡിപ്പിച്ചത്. ആലുവ ജനസേവ ശിശുഭവനില്‍ നേരിട്ട പീഡനം വിവരിക്കുന്ന കുട്ടികളുടെ മൊഴി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. പരാതിപ്പെട്ടാല്‍ കേബിള്‍ കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി തല്ലുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

അശ്ലീല വീഡിയോ കാണാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചതായും കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. ജനസേവ ശിശുഭവനില്‍ അനധികൃതമായി കുട്ടികളെ താമസിപ്പിച്ചെന്നും, മതിയായ രേഖകള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി സാമൂഹ്യനീതിവകുപ്പ് സ്ഥാപനം ഏറ്റെടുത്തിരുന്നു.

ഇതിനെതിരെ ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ഇന്ന് കോടതി ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ജോസ് മാവേലി അറിയിച്ചു.

എന്നാല്‍,ഹര്‍ജി അങ്ങനെ പിന്‍വലിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ പുതുക്കി സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു. ഈ കേസില്‍ വാദം തുടരുമ്ബോഴാണ് സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ റിപ്പോര്‍ട്ടിനൊപ്പം കുട്ടികളുടെ മൊഴിപ്പകര്‍പ്പും കോടതിയില്‍ സമര്‍പ്പിച്ചത്.