പി എസ് ശ്രീധരന്‍പിളളയ്ക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി

29

ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തല്‍ നടത്തിയ പി.എസ് ശ്രീധരന്‍പിളളയ്ക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.  ശബരിമലയില്‍ ബിജെപി ഉന്നതതല ഗൂഢാലോചന നടത്തി. ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ചെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

നടയടയ്ക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും യുവമോര്‍ച്ചയുടെ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞിരുന്നു. നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്നും ശ്രീധരന്‍പിള്ള വിശദമാക്കിയിരുന്നു. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.