പിജെ ജോസഫിന് ‘ദൂതന്‍’ വഴി മാണിയുടെ കത്ത്; തിരക്കിട്ട കൂടിയാലോചനകള്‍, കടുത്ത തീരുമാനത്തിന് സാധ്യത

159

തൊടുപുഴ: കേരള കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത തുടരുന്ന സാഹചര്യത്തില്‍ പി ജെ ജോസഫിന്‍റെ വീട്ടില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. ഇതിനിടെ ജോസഫിന് ദൂതന്‍ വഴി മാണി കത്ത് നല്‍കിയെന്നാണ് അറിയുന്നത്. കോട്ടയം സീറ്റില്‍ മത്സരിക്കണമെന്ന വര്‍ക്കിംഗ് പ്രസിഡന്‍റുകൂടിയായ പി ജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാത്ത മാണി വിഭാഗത്തിന്‍റെ നിലപാട് കടുത്ത തീരുമാനങ്ങളിലേക്ക് എത്തിച്ചേക്കുമെന്ന സൂചനയാണ്  ലഭിക്കുന്നത്.

മോന്‍സ് ജോസഫ് എംഎല്‍എ, ടി യു കുരുവിള തുടങ്ങിയ നേതാക്കളുമായാണ് പിജെ ജോസഫിന്‍റെ വീട്ടില്‍ കൂടിയാലോചനകള്‍ നടക്കുന്നത്. ഇന്ന് പകല്‍ മുഴുവന്‍ കെഎം മാണിയുടെ വസതിയിലും വലിയ ചര്‍ച്ചകളാണ് നടന്നത്. തുടര്‍ന്ന് കോട്ടയത്ത് പി ജെ ജോസഫിന് സീറ്റ് നല്‍കില്ലന്ന നിലപാട് മാണി വിഭാഗം എടുത്തു.  പിന്നാലെ തോമസ് ചാഴിക്കാടനിലേക്ക് സ്ഥാനാര്‍ത്ഥിത്വം ചുരുങ്ങുകയും ചെയ്തു.  ഇതോടെയാണ് വൈകീട്ടോടെ ജോസഫിന്‍റെ വീട്ടില്‍ നേതാക്കളെത്തിയത്. 

അതേസമയം മാണി ദൂതന്‍ വഴി ജോസഫിന് നല്‍കിയ കത്തിന്‍റെ ഉള്ളടക്കം ലഭ്യമായിട്ടില്ല. സീറ്റ് സംബന്ധിച്ച് സാധ്യതകളില്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. പാര്‍ട്ടിയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരാരും ജോസഫിന് സീറ്റ് നല്‍കുന്നതിനെ അനുകൂലിക്കുന്നില്ല. ഇത്തവണ മാറി നില്‍ക്കണമെന്ന് മാണി ആവശ്യപ്പെട്ടുവെന്നും സൂചനകളുണ്ട്. ഈ കത്ത് കൂടി ലഭിച്ചതോടെയാണ് കൂടിയാലോചനയുമായി ജേസഫ് വിഭാഗം മുന്നോട്ട് പോകുന്നത്. 

സ്ഥാനാര്‍ത്ഥിയായി വര്‍ക്കിംഗ് ചെയര്‍മാന്‍റെ പേര് തന്നെ മുന്നോട്ട് വയ്ക്കുമ്പോള്‍ പകരം വയ്ക്കാന്‍ മാണി വിഭാഗത്തിന് മറ്റൊരു പേരില്ലെന്നും ആവശ്യം അംഗീകരിക്കണമെന്നുമാണ് മോന്‍സ് ജോസഫ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടത്. കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന സൂചന തന്നെയാണ് ജോസഫ് വിഭാഗം നല്‍ല്‍കുന്നത്.

എന്നാല്‍ കേരളാ കോൺഗ്രസ് സിറ്റിംഗ് സീറ്റായ കോട്ടയത്ത് പി ജെ ജോസഫ് മത്സരിക്കുന്നതിലെ അഭിപ്രായ വ്യത്യാസം പാര്‍ലമെന്‍റ്  മണ്ഡലം കമ്മിറ്റി കെഎം മാണിക്ക് നേരിട്ട് എഴുതി നൽകിയിരുന്നു. കേരളാ കോൺഗ്രസിന്‍റെ ആസ്ഥാനം എന്ന നിലയ്ക്ക് കോട്ടയത്ത് മത്സരിക്കേണ്ടത് മാണി വിഭാഗത്തിന് സ്വീകാര്യനായ നേതാവ് തന്നെയാകണമെന്ന നിര്‍ബന്ധവും കെ എം മാണിയുടെ പാലായിലെ വീട്ടിലെത്തി മാണി വിഭാഗം നേതാക്കൾ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.