പാര്‍ലമെന്റില്‍ കേട്ടത് ‘ഹിന്ദു പാകിസ്താന്‍’ ;സുപ്രിം കോടതിയില്‍ കേട്ടത് ‘ഹിന്ദു താലിബാന്‍’

226

ചൂടേറിയ വാദവും ചര്‍ച്ചയും നാടകീയം ആയ രംഗങ്ങളും ആണ് അവിശ്വാസ പ്രമേയ ചര്‍ച്ച വേളയില്‍ പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായതെങ്കില്‍, അതിലും ചൂടേറിയ വാദവും നാടകീയ രംഗങ്ങളുമാണ് അയോധ്യ കേസിന്റെ വാദത്തിന് ഇടയില്‍ ചീഫ് ജസ്റ്റിസ് കോടതിയില്‍ അരങ്ങേറിയത്.

അയോധ്യയിലെ തര്‍ക്ക ഭൂമി കേസില്‍ സുപ്രിം കോടതിയില്‍ നടന്ന വാദം:

രാജീവ് ധവാന്‍ (ഹര്‍ജിക്കാരുടെ അഭിഭാഷകന്‍): 1992 ഡിസംബര്‍ ആറിന് ഹിന്ദു താലിബാന്‍കാര്‍ ബാബ്‌റി മസ്ജിദ് പള്ളി തകര്‍ത്തത് ഹിന്ദുക്കളുടെ പ്രതിച്ഛായയ്ക്ക് അവമതിപ്പ് ഉണ്ടാക്കി. അത് നടക്കാന്‍ പാടില്ലായിരുന്നു. അതൊരു തീവ്രവാദപ്രവര്‍ത്തനം ആയിരുന്നു.
സിഎസ് വൈദ്യനാഥന്‍ (ഹിന്ദു സംഘടനകളുടെ അഭിഭാഷകന്‍): ഈ ആരോപണം അനാവശ്യം. ഇത് ഒഴിവാക്കേണ്ടതായിരുന്നു. സീരിയസ് ആയ വാദമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇത്തരം പദങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കുറച്ച്‌ കൂടി മാന്യമായ വാദം ആകാം.

രാജീവ് ധവാന്‍: പള്ളി തകര്‍ത്ത നെറികെട്ട പ്രവര്‍ത്തനത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്. അവര്‍ താലിബാനി ശൈയിലിയില്‍ ആണ് പ്രവര്‍ത്തിച്ചത്. അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ ബുദ്ധ പ്രതിമ താലിബാന്‍ തകര്‍ത്തത് പോലെ ആണ് ബാബറി മസ്ജിദ് തകര്‍ത്തത്.

ഇതിന് ഇടയില്‍ പിന്‍നിരയില്‍ നിന്നിരുന്ന ഒരു അഭിഭാഷകന്‍ ഉറച്ച ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു

നിങ്ങള്‍ ഹിന്ദുക്കളെ താലിബാനും ആയാണ് തുലനം ചെയ്യുന്നത്. ഇത് എങ്ങനെ സാധിക്കും? ഇത് എന്ത് ഭാഷയാണ്.

(തുടര്‍ന്ന് ആ അഭിഭാഷകന്‍ ധവാന്റെ അടുത്തെത്തി. ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ മറ്റ് അഭിഭാഷകര്‍ ഇവര്‍ക്ക് ഇടയില്‍ നിലയുറപ്പിച്ചു).

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര (ആ അഭിഭാഷകനോട് ദേഷ്യത്തില്‍): നിങ്ങള്‍ കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് പോകണം.

(ഇതിനിടയില്‍ സുരക്ഷ ജീവനക്കാര്‍ കോടതിക്ക് അകത്തെത്തി ആ അഭിഭാഷകനെ അവിടെ നിന്ന് പുറത്തേക്ക് കൊണ്ട് പോയി).

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര (രാജീവ് ധവനോട്): അങ്ങ് സീനിയര്‍ അഭിഭാഷകനാണ്. ഈ പരാമര്‍ശം അനുചിതമായിപ്പോയി. കോടതിയില്‍ ഉപയോഗിക്കുന്ന വിശേഷണങ്ങളും അലങ്കാരങ്ങളുമൊക്കെ കോടതിക്ക് കൂടി അംഗീകരിക്കാവുന്നതായിരിക്കണം.

രാജീവ് ധവാന്‍: ലോര്‍ഡ് ഷിപ്പിന്റെ അഭിപ്രായത്തോട് ഞാന്‍ വിയോജിക്കുന്നു. അതിനുള്ള അവകാശം എനിക്കുണ്ട്. വിധിയോട് പോലും വിയോജിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാന്‍ എന്ത് പറഞ്ഞോ അതില്‍ ഉറച്ച്‌ നില്‍ക്കുന്നു. അത് കോടതി അലക്ഷ്യമല്ല.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര: നിങ്ങള്‍ക്ക് എന്തും കരുതാം. പക്ഷേ നിങ്ങള്‍ ഉപയോഗിച്ച പദം അനുചിതമാണെന്ന് തന്നെയാണ് ഈ കോടതിയുടെ വിലയിരുത്തല്‍.

രാജീവ് ധവാന്‍: ഒരു വിശ്വാസത്തിനും ഒരു പള്ളി തകര്‍ക്കാനുള്ള അവകാശമില്ല. പള്ളി തകര്‍ത്തതിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനെയാണ് ഞാന്‍ വിമര്‍ശിച്ചത്.