പണി കിട്ടിയത് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ: ശ്രീധരന്‍പിള്ളയ്ക്ക് വീഡിയോയിലൂടെ പണി കൊടുത്തത് യുവമോര്‍ച്ച നേതാവ്; തമ്മിലടി പുറത്ത്

57

ശബരിമല വിഷയത്തില്‍ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പാളിയതിന് പിന്നില്‍ ശക്തമായ ഗ്രൂപ്പ് കളിയെന്ന് സൂചന. വീഡിയോ ദൃശയങ്ങളിലൂടെ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് പണികൊടുത്തത് യുവമോര്‍ച്ച നേതാവെന്നാണ്് സൂചനകള്‍. നേരത്തെ കുമ്മനം രാജശേഖരന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചതിന് ശേഷം ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കിയതിനെതിരേ ബിജെപിയില്‍ ഉള്‍പ്പോര് ശക്തമായിരുന്നു.

ഇതിനിടയിലാണ് ശബരിമല വിഷയത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി വീഡിയോ ദൃശയങ്ങള്‍ പുറത്ത് വന്നത്. കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ ശബരിമലയിലെ സമരം ബിജെപിയുടെ ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന് പിന്നില്‍ യുവമോര്‍ച്ചാ നേതാവാണെന്നാണ് സൂചന.

ബിജെപിയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുവാനായി ശബരിമലയെ ഉപയോഗപ്പെടുത്തുവാന്‍ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തുന്ന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളത്. യുവമോര്‍ച്ച നേതാവ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ലൈവ് ചെയ്ത വീഡിയോയിലാണ് ഈ ദൃശയങ്ങളുള്ളതെന്നാണ് സൂചനകള്‍.

ശബരിമല വിഷയം തങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരമാണെന്നും തങ്ങള്‍ മുന്നോട്ട് വെച്ച അജണ്ടയുടെ മുന്നില്‍ മറ്റുള്ളവര്‍ ഓരോരുത്തരായി പരാജയപ്പെട്ടുവെന്നും ശ്രീധരന്‍ പിള്ള തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്. മാധ്യമങ്ങളെയടക്കം പുറത്തു നിര്‍ത്തിയ രഹസ്യ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ മനോരമ ചാനലാണ് പുറത്തുവിട്ടത്. മറ്റെല്ലാ പ്രമുഖ ചാനലുകളും ഇതിന്റെ ഓഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ശബരിമലയില്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ തീരുമാനം തന്നോട് ആലോചിച്ച ശേഷമായിരുന്നുവെന്ന് ഈ വീഡിയോയില്‍ ശ്രീധരന്‍ പിള്ള പറയുന്നുണ്ട്. സ്ത്രീകള്‍ സന്നിധാനത്തിനടുത്തെത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നെന്നും തന്റെ അഭിപ്രായം ആരാഞ്ഞ ശേഷമായിരുന്നു തന്ത്രി അത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും ശ്രീധരന്‍ പിള്ള തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്.