പകര്‍ച്ച വ്യാധികള്‍ എങ്ങനെ, എന്തുകൊണ്ട്?

വവ്വാലുകള്‍ വളരെ പ്രധാനപ്പെട്ട വൈറസുകളുടെ ഒരു ആലയം ആണ് എന്ന് പറയാം. റാബീസ്, എബോള, നിപ്പാ, സാര്‍സ് എന്ന വൈറസുമായി ബന്ധപ്പെട്ട വൈറസുകള്‍ തുടങ്ങി അറുപതോളം വൈറസുകള്‍ ഇങ്ങനെ ഉണ്ടത്രേ.

18

ഴക്കാലമാണ്..പകര്‍ച്ച പനികള്‍ പടര്‍ന്നു പിടിക്കുന്ന കാലമാണ്..എന്നാല്‍ അല്‍പം കരുതല്‍ സ്വീകരിച്ചാല്‍ പകര്‍ച്ചപനികളെ പ്രതിരോധിക്കാം. മഴക്കാലത്തെ പകര്‍ച്ചപനികളെ കുറിച്ച് ഇന്‍ഫോക്ലിനിക്കില്‍ ഡോ. ജിമ്മി മാത്യു, അഞ്ചിത് ഉണ്ണി എന്നിവര്‍ എഴുതുന്നു..

തക്കാളിപ്പനി, പന്നിപ്പനി, കുരങ്ങ് പനി, പക്ഷി പനി, ഇപ്പം ഇതാ നിപ്പാപനി. എന്തൊക്കെ തരം പുതിയ പനികള്‍!ലോകമെമ്പാടും പൊടുന്നനെ ആവിര്‍ഭവിക്കുന്ന പകര്‍ച്ച പനി രോഗങ്ങള്‍ ഭീഷണിയാവുന്നുണ്ട്.

എന്തു പനി വന്നാലും കേരളത്തിലേക്കാണല്ലോ എന്ന ധാരണ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്, ഭൂമുഖത്ത് എല്ലാ വന്‍കരകളിലും ഇടയ്ക്കിടെ ഉണ്ട് പൊടുന്നന്നെ പൊട്ടി പുറപ്പെടുന്ന പുതിയ ഓരോ പനികള്‍.പുതിയ പുതിയ രോഗാണുക്കള്‍ എങ്ങനെ വരുന്നു, എന്ന് നമുക്ക് നോക്കാം

‘പണ്ടൊക്കെ’ പുരാണം… റീവൈന്‍ഡ്

രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്ക് മേലെ ആയല്ലോ മനുഷ്യന്‍ ഉണ്ടായിട്ട്. പതിനായിരം കൊല്ലം ആയി കൃഷി തുടങ്ങിയിട്ട്. അതിനു മുന്നേ പെറുക്കിത്തീറ്റ ആയിരുന്നു. കുറച്ചു നായാട്ടും.

നായാട്ടു കാലത്ത്, എന്തൊക്കെ അണുക്കള്‍ നമ്മെ വേട്ടയാടി ?

ഒരു ഐഡിയയുമില്ല ! മിക്ക മനുഷ്യരും നാല്‍പതുകളിലും അന്‍പതുകളിലും മരിച്ചു പോയിരുന്നു എന്ന് നമുക്കറിയാം. ചുരുക്കം ചിലര്‍ ദീര്‍ഘനാള്‍ ജീവിച്ചിരുന്നു. പേന്‍, ചെള്ളുകള്‍, വിരകള്‍, മുതലായവ ഒക്കെ നമ്മെ ശല്യപ്പെടുത്തിയിരുന്നു എന്ന് അനുമാനിക്കാം. അത്രേയുള്ളു. കൊല, യുദ്ധം, അപകടങ്ങള്‍ ഒക്കെ കാരണവും ആളുകള്‍ മരിച്ചൊടുങ്ങിയിരുന്നു. വൈറസ്, ബാക്റ്റീരിയ ഒക്കെ അസുഖം ഉണ്ടാക്കിയാല്‍ ഒരു ഗോത്രം അങ്ങനെ തന്നെ ചിലപ്പോള്‍ നശിച്ചു പോയെന്നിരിക്കും. ചുരുക്കം പ്രതിരോധ ശേഷി ഉള്ളവര്‍ ബാക്കി വന്നേക്കാം. അതോടെ പിന്നെ ആ അണു കുറെ നാള്‍ തല പോക്കില്ല. അടുത്ത ഗോത്രം കുറെ അകലെ ആണല്ലോ. അവരുമായി അടുപ്പം വരണം. ചില മനുഷ്യരില്‍ രോഗം ഉണ്ടാക്കാതെ അണു ഉറങ്ങിക്കിടക്കും. അഥവാ പതുക്കെ പെറ്റു പെരുകാനും മതി. അവര്‍ അടുത്ത ഗോത്രവുമായി എപ്പോഴെങ്കിലും ഇടപഴകേണ്ടി വന്നാല്‍ ഈ അണു പിന്നെയും കൊടിയ നാശം വിതക്കുകയായി. ഇങ്ങനെ ആയിരുന്നു കാര്യങ്ങള്‍.

അതൊക്കെ എന്തായാലും ചരിത്രം നോക്കിയാല്‍ റോമില്‍ എ.ഡി ആദ്യ നൂറ്റാണ്ടുകളില്‍ പല വലിയ പകര്‍ച്ച വ്യാധികളും ഉണ്ടായിട്ടുണ്ട്. പലതും നാല്പതു മുതല്‍ അന്‍പത് ശതമാനം വരെ ആളുകളെ കൊന്നിട്ടുണ്ട് ! എന്നാല്‍ ഈ രോഗാണു ഏതാണ് എന്ന് പോലും അറിയില്ല ! വസൂരി ആണെന്ന് വിചാരിക്കപ്പെടുന്നു. മൂവായിരം, നാലായിരം കൊല്ലം പഴക്കമുള്ള ഈജിപ്ഷ്യന്‍ മമ്മികളിലും മറ്റും വസൂരി, ക്ഷയം, എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കൃഷി വലിയ രീതിയില്‍ തുടങ്ങിയത് പകര്‍ച്ച വ്യാധികള്‍ക്ക് വലിയ ഉത്തേജനം നല്‍കി. ആളുകള്‍ തിങ്ങി പാര്‍ക്കുന്നു. കൃഷി ജീവിത രീതിയില്‍ നിന്ന് ഒരു വ്യവസായമായപ്പോള്‍ അണുക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചു. ചരിത്രത്തിലൂടെ ഒരോട്ട പ്രദക്ഷിണം തീര്‍ത്തിട്ട് അതിലേക്ക് വരാം.

ആയിരത്തി ഇരുനൂറുകളിലും, ആയിരത്തി നാനൂറുകളിലും യൂറോപ്പില്‍ യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന പ്ലേഗ് മൂലം മുപ്പതു മുതല്‍ അമ്പതു ശതമാനം ജനസംഖ്യ മരിച്ചൊടുങ്ങിയിട്ടുണ്ട്, പല പ്രാവശ്യം ആയി.

പിന്നത്തെ വിനാശം വിതച്ച മഹാമാരികള്‍ നടമാടിയത് യൂറോപ്യന്‍മാര്‍ അമേരിക്ക കീഴടക്കിയപ്പോള്‍ ആണ്. തോക്കുകളെക്കാളും വാളുകളെക്കാളും അപകടകാരികള്‍ ആയിരുന്നു അവര്‍ കൊണ്ട് വന്ന വസൂരി, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ അസുഖങ്ങള്‍. എണ്‍പതു തൊണ്ണൂറ് ശതമാനം അമേരിക്കന്‍ ഇന്ത്യക്കാര്‍ ആണ് മരിച്ചത്. അധിനിവേശം അതോടെ പൂര്‍ണമായി .

ക്ഷയം, ടൈഫോയ്ഡ്, കുഷ്ഠം, കോളറ, വയറിളക്കം ഉണ്ടാക്കുന്ന അനേകം രോഗങ്ങള്‍, മലേറിയ, വിരകള്‍, ഇന്‍ഫ്‌ളുവന്‍സ, ഡിഫ്ത്തീരിയ, മീസില്‍സ്, ന്യൂമോണിയ, മെനിഞ്ചൈറ്റിസ് ഒക്കെ ഉണ്ടാക്കുന്ന അണുക്കള്‍ നമ്മുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. വലിയ പോളിയോ ബാധ മൂലം അമേരിക്കയിലും മറ്റും വളരെ കുട്ടികള്‍ മരിക്കുകയും വികലാംഗര്‍ ആവുകയും ചെയ്തത് ഇരുപതാം നൂറ്റാണ്ടില്‍ തന്നെ ആണ്.

ഏകദേശം ആയിരത്തി തൊള്ളായിരത്തി ഇരുപത് മുപ്പതുകള്‍ വരെ അണുബാധകള്‍ ആയിരുന്നു നമ്മുടെ പ്രധാന അന്തകന്‍. അതിനു ശേഷം അവയ്ക്ക് മേലെ നമുക്ക് ഭാഗിക വിജയം നേടാനായി. എങ്ങനെ ആണിത് സംഭവിച്ചത് ?

അറിവ് – രോഗാണുക്കളെ കണ്ടെത്തി. ഓരോ രോഗാണുവും എങ്ങനെ ആണ് പകരുന്നത് എന്ന് മനസ്സിലായി. വൃത്തി, വ്യക്തിശുചിത്വം, തടയല്‍ മാര്‍ഗങ്ങള്‍, ശുദ്ധമായ വെള്ളം, ഭക്ഷണം- ഇവയൊക്കെ സാധാരണമായി. കൊതുകുകള്‍ പോലത്തെ രോഗാണു വാഹകരെ പറ്റി നമ്മള്‍ ബോധവാന്മാരായി.

രോഗ പ്രതിരോധ വാക്‌സിനുകള്‍ വന്നു, ആന്റി ബയോട്ടിക്കുകള്‍ വന്നു. ഇപ്പോള്‍ ആന്റി വൈറലുകളും ഉണ്ട്. വസൂരിയെ നിര്‍മാര്‍ജനം ചെയ്തു. പോളിയോയെ മിക്കവാറും ഇല്ലാതാക്കി. എങ്കിലും രോഗാണുക്കളില്‍ നിന്ന് പൂര്‍ണ മുക്തി നമുക്ക് നേടാന്‍ ആയിട്ടില്ല. തികച്ചും പുതിയ അണുക്കള്‍ പെട്ടന്ന് പ്രത്യക്ഷപ്പെടുന്നു. പഴയ, എല്ലാവരും മറന്നു കിടന്നവയില്‍ ചിലത് പെട്ടന്ന് ഭാഗികമായി തിരിച്ചു വരുന്നു. പല കാരണങ്ങള്‍ ആണുള്ളത്. പ്രധാനപ്പെട്ടവ ഏതാണെന്നു നോക്കാം…

പരിതസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു

വനങ്ങള്‍ വെട്ടി തെളിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകുന്നു. കൃഷിയിലൂടെ പരിസ്ഥിതിയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ മുന്‍പ് പറഞ്ഞല്ലോ. വന്യമായ ഒരു പരജീവി വൈറസ് മനുഷ്യനെ ബാധിച്ചിട്ടുണ്ടെങ്കില്‍ മനുഷ്യന്‍ അതിന്റെ സഞ്ചാര പാഥയില്‍ പെടുവാനുള്ള സാഹചര്യം സ്വയം സൃഷ്ടിച്ചുവെന്നാണ് പൊതുവെ കാണപ്പെടുന്നത്.

പല അണുക്കളും വവ്വാലിലും മറ്റു ചില ജീവികളിലും രോഗം ഉണ്ടാക്കാതെ ഉറങ്ങി കിടക്കുന്നവ ആണ്. ചിലപ്പോള്‍ പല കാരണങ്ങളും കൊണ്ട്, ഈ ജീവികളുടെ എണ്ണം കണ്ടമാനം പെരുകുന്നു, അഥവാ ഇവ പുറത്തിറങ്ങുന്നു. അങ്ങനെ രോഗങ്ങള്‍ ഉണ്ടാകുന്നു. ഇവ പലതും പണ്ടേ ഉള്ളതായിരിക്കാ, പുതിയവയും ഉണ്ടാവാം.

വവ്വാലുകള്‍ വളരെ പ്രധാനപ്പെട്ട വൈറസുകളുടെ ഒരു ആലയം ആണ് എന്ന് പറയാം. റാബീസ്, എബോള, നിപ്പാ, സാര്‍സ് എന്ന വൈറസുമായി ബന്ധപ്പെട്ട വൈറസുകള്‍ തുടങ്ങി അറുപതോളം വൈറസുകള്‍ ഇങ്ങനെ ഉണ്ടത്രേ. ആയിരത്തി ഇരുനൂറോളം തരം വവ്വാലുകള്‍ ഉണ്ട്. നമ്മെ പോലെ സസ്തനികള്‍ ആണ്, പക്ഷേ പറക്കാന്‍ പറ്റും. താരതമ്യേന ആയുസ്സ് കൂടുതല്‍ ഉള്ള ജീവികളാണ് അവ. ശരീരോഷ്മാവ് കൂടുതല്‍ ആയതിനാല്‍ വൈറസ് ശരീരത്തില്‍ ഉണ്ടെങ്കിലും രോഗം വരികയില്ല എന്നും ചില ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

വവ്വാല്‍ മാത്രമല്ല, ഹാന്റാ വൈറസ് തുടങ്ങിയ പലതും എലികളിലും മറ്റും ആണുള്ളത്. പെട്ടന്ന് എലികളുടെ എണ്ണത്തില്‍ കൂടുതല്‍ വന്നാല്‍ അത് ഹാന്റാ വൈറസ് ബാധകള്‍ ഉണ്ടാക്കും. അമേരിക്കയില്‍ പതിവിലും ശക്തമായ ഒരു മഴക്കാലത്തിന് ശേഷം ഇങ്ങനത്തെ ഒരു രോഗാണു ബാധ ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലെ എലിപ്പനി മറ്റൊരു ഉദാഹരണം ആണ്.

പലപ്പോഴായി പൊട്ടിപ്പുറപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ മഹാമാരികള്‍ ചൈനയില്‍ നിന്നാണ് മിക്കവാറും തുടങ്ങാറ്. അവിടെ താറാവുകളില്‍ ആണ് വൈറസ് ഉറങ്ങി കിടക്കുന്നത് (റിസെര്‍വോയര്‍ ഹോസ്റ്റ്).

ഒരു ഉദാഹരണത്തിന് വളരെ അപകടകരമായ ഇന്‍ഫ്‌ളുവന്‍സ വൈറസ് ഉള്ള പല തരം പക്ഷികള്‍ കൃഷി ചെയ്യപ്പെടുന്ന താറാവുകളും ആയി കൂടിക്കലരുമ്പോള്‍ ഇത്തരം വൈറസുകള്‍ അവയിലും എത്തുന്നു. ഇത്തരം താറാവുകള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ല. പക്ഷിപ്പനി എന്ന് വിളിക്കാവുന്ന പനി പരത്തുവാന്‍ ഇവ കാരണമാവുന്നു.

താറാവിനെയും പന്നിയെയും ഒന്നിച്ചു കൃഷി ചെയ്യുന്നിടങ്ങളില്‍ പന്നികളിലേക്ക് പകരുന്നു. (കാലാ കാലങ്ങളിലായി വൈറസില്‍ ഉണ്ടായേക്കുന്ന ജനിതക മാറ്റങ്ങള്‍ ആണ് പെട്ടന്ന് പകരാന്‍ കാരണം). പന്നികള്‍ ഇന്റര്‍മീഡിയറ്റ് ഹോസ്റ്റ് ആയി വര്‍ത്തിക്കുക മാത്രമല്ല പുതിയ ജൈവസങ്കലനങ്ങള്‍ക്ക് വേദിയാവുകയും ചെയ്യുന്നു. ഇവിടെ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. ഇന്‍ഫ്‌ളുവന്‍സ പോലുള്ളവ ഇങ്ങനെ ജനിതകമായ മാറ്റങ്ങളിലൂടെ പ്രശ്‌നമുണ്ടാക്കുന്നതിന്റെ ഉസ്താദാണ്.

വൈറസുകള്‍ ദിവസങ്ങളുടെ സമയം കൊണ്ട് പെരുകി 10^12, 10^14, lO^16 റേഞ്ചിലുളള എണ്ണമെത്തുന്നു. ഇത്ര പെട്ടെന്ന് പെരുകുന്ന ജീവികള്‍ക്ക് മ്യൂട്ടേഷന്‍ വളരെ വേഗമാണ്. വൈറസുകള്‍ പൊതുവേ അടിക്കടി ജനിതക വ്യതിയാനങ്ങള്‍ (മ്യൂട്ടേഷന്‍) വരുത്തുന്നു. മിക്കപ്പോഴും ഇത്തരം മൃഗങ്ങളെയും പക്ഷികളെയും ബാധിക്കുന്ന വൈറസുകള്‍ ലക്ഷ്യം മാറ്റി മനുഷ്യനില്‍ എത്തുമ്പോഴാണ് തീര്‍ത്തും അപരിചിതമായ പുതിയൊരു വൈറസായി തീരുവാന്‍ മാത്രമുള്ള വ്യതിയാനങ്ങള്‍ സംഭവിക്കുക. ഇങ്ങനെ മ്യൂട്ടേഷന്‍ സംഭവിച്ച പുതിയ വൈറല്‍ രൂപങ്ങള്‍ക്ക് വലിയ പ്രയാസമില്ലാതെ മനുഷ്യന്റെ പ്രതിരോധ ശക്തിയെ കീഴ്‌പെടുത്തി അവനെ ഇന്‍ഫെക്റ്റ് ചെയ്യാന്‍ സാധിക്കുന്നു.

നഗരവല്‍കരണം പരിതസ്ഥിതിയില്‍ ഉണ്ടാകുന്ന ഒരു മാറ്റം ആയി കാണാവുന്നതാണ്. നമ്മുടെ നാട്ടില്‍ പെട്ടന്ന് നഗരങ്ങള്‍ കണ്ടമാനം വളര്‍ന്നിട്ടുണ്ട്. ചെറിയ, വീടിനു ചുറ്റും ഉള്ള ജല സംഭരണികളിലും പാത്രങ്ങളിലും പെട്ടെന്ന് പെറ്റു പെരുകാന്‍ കൊതുകുകള്‍ പഠിച്ചു. (ഇത് ഒരു തരം പരിണാമ മാറ്റം ആണ്). ആളുകള്‍ തിങ്ങി പാര്‍ക്കുന്നു. ഡെങ്കി, ചിക്കന്‍ ഗുനിയ എന്നീ രോഗങ്ങള്‍ക്ക് പടരാന്‍ ഉള്ള സാഹചര്യം ആയി.

അതു പോലെ പ്രധാന ഘടകമായി ചൂണ്ടി കാണിക്കപെടുന്ന ഒരു ഘടകമാണ് കാലാവസ്ഥ വ്യതിയാനം. വൈറസുകളുടെ പെരുകലിന് അനുകൂലമായ രീതിയില്‍ ഉള്ള കാലാവസ്ഥ വ്യതിയാനം പ്രത്യേകിച്ച് താപനം ഉണ്ടായിരിക്കുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു..

മനുഷ്യരുടെ ലോകം മൊത്തമുള്ള സഞ്ചാരം

ഇന്ന് ലോകം മൊത്തം ഒരു നഗരം ആണ്. ആളുകള്‍ ലോകം മൊത്തം വലിയ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അത് കൊണ്ട്, മുന്‍പറഞ്ഞ കാരണങ്ങളാല്‍ , ഏതെങ്കിലും ഒരു രോഗ ബാധ ഉണ്ടായാല്‍, ലോകം മൊത്തം പകരാന്‍ ഉള്ള സാഹചര്യം ഇപ്പോള്‍ ഉണ്ട്.

ഇങ്ങനെ ലോകത്തിന്റെ ഏതെങ്കിലും ഉള്ള ഒരു കോണില്‍ ചുരുക്കം മനുഷ്യരില്‍ മാത്രം ഉണ്ടായിരുന്നതൊ, ഏതെങ്കിലും ജീവിയില്‍ ഉറങ്ങിക്കിടന്നതോ, ജനിതക മാറ്റം സംഭവിച്ചതോ എങ്ങനെയും ആയിക്കൊള്ളട്ടെ, ഒരു പുതിയ അണു, അതിനോട് ഇത് വരെ കോണ്ടാക്ട് ഇല്ലാത്ത ജന സമൂഹത്തില്‍ വലിയ തോതില്‍ രോഗാണു ബാധ ഉണ്ടാക്കും. കാരണം, ആ അണുവിനോട്, ആ ജനത്തിലെ മിക്കവര്‍ക്കും പ്രതിരോധശക്തി ഇല്ലല്ലോ.

ഇത്രയും മനുഷ്യന്‍ സൃഷ്ടിച്ച ഘടകങ്ങള്‍ കൂടാതെ വൈറസ്സുകള്‍ സ്വന്തം രീതിയില്‍ എന്തെല്ലാം രീതിയില്‍ കൂടുതല്‍ ശക്തരാകാനുള്ള വ്യതിയാനങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്നും പഠനങ്ങള്‍ നടക്കുന്നു.

ഇതൊന്നും റാഡിക്കലായുണ്ടായ മാറ്റമല്ല! ഇങ്ങനെ കാരണങ്ങള്‍ കുറെയുണ്ട് പുതിയ പേരില്‍ റിലീസാവുന്ന പനികള്‍ക്ക് …

LEAVE A REPLY

Please enter your comment!
Please enter your name here