നേട്ടം കൊയ്‌ത് ചില്‍ ബസ്; എറണാകുളം സോണില്‍ നിന്നു മാത്രം റെക്കോഡ് കളക്ഷന്‍

232

കെഎസ്ആര്‍ടിസിയുടെ ചില്‍ ബസ് സര്‍വീസുകള്‍ കളക്ഷനുകളില്‍ നേട്ടമുണ്ടാകുന്നു. ആദ്യ ദിവസം എറണാകുളം സോണില്‍ നിന്നു മാത്രം ചില്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് എട്ടു ലക്ഷം രൂപയോളമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എറണാകുളത്തു നിന്നു സര്‍വീസ് നടത്തിയ ബസുകളുടെ ശരാശരി വരുമാനമാണിത്. ശനിയാഴ്ച സര്‍വീസ് നടത്തിയ മുഴുവന്‍ ബസുകളുടെയും കളക്ഷന്റെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ തുക വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോര്‍പറേഷന്റെ കീഴിലുള്ള 219 എസി ലോ ഫ്ലോര്‍ ബസുകളെയാണ് പുതിയ ഷെഡ്യൂളില്‍ ഒന്നുമുതല്‍ സംസ്ഥാനവ്യാപകമായി ചില്‍ ബസ് സര്‍വീസിനായി വിന്യസിച്ചിരിക്കുന്നത്. എറണാകുളത്തു നിന്നു തിരുവനന്തപുരം വരെ ട്രെയിനില്‍ എസിയില്‍ യാത്ര ചെയ്യണമെങ്കില്‍ ജനശതാബ്ദിയില്‍ 425 രൂപയും സാധാരണ എക്സ്പ്രസ് ട്രെയിനുകളില്‍ 495 രൂപയുമാണു (തേഡ് എസി) നിരക്ക്. ചില്‍ ബസില്‍ നിരക്കു കുറവാണെന്നതു യാത്രക്കാരെ ആകര്‍ഷിക്കുമെന്ന കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷകള്‍ ഫലം കാണുന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി 10 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടാണ് സര്‍വീസ്. ഇതില്‍ ഓണ്‍ലൈനായി സീറ്റ് ബുക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകള്‍ മാത്രം ആസ്ഥാനമാക്കിയിരിക്കും ഇനി എസി ലോ ഫ്ളോര്‍ ബസുകളുടെ സര്‍വീസ്. വോള്‍വോ കമ്പനിയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് ഓരോ ഡിപ്പോയിലും ആളെത്തണം എന്നതാണ് ബസുകള്‍ ആഴ്ചകളോളം ഡിപ്പോകളില്‍ കിടക്കുന്നതിന് കാരണമാകുന്നത്. അതിനാല്‍ ഇനി മുതല്‍ മൂന്ന് ഡിപ്പോകളില്‍ മാത്രമായി ഇതിന്റെ ഓപ്പറേഷനും മെയിന്റനന്‍സും നിശ്ചയിച്ചിരിക്കുന്നത്.
ചില്‍ ബസ് റൂട്ടുകള്‍
തിരുവനന്തപുരം – എറണാകുളം (ആലപ്പുഴ വഴി. രാവിലെ അഞ്ചു മുതല്‍ രാത്രി പത്തു വരെ ഒരു മണിക്കൂര്‍ ഇടവേളയില്‍. ശേഷം രണ്ടു മണിക്കൂര്‍ ഇടവേളയില്‍)
തിരുവനന്തപുരം – എറണാകുളം (കോട്ടയം വഴി. രാവിലെ 5.30 മുതല്‍ രാത്രി 10.30 വരെ ഒരു മണിക്കൂര്‍ ഇടവേളയില്‍. ശേഷം രണ്ടു മണിക്കൂര്‍ ഇടവേളയില്‍)
എറണാകുളം – തിരുവനന്തപുരം(ആലപ്പുഴ വഴി. ഒരു മണിക്കൂര്‍ ഇടവേളയില്‍)
എറണാകുളം – തിരുവനന്തപുരം (കോട്ടയം വഴി. ഒരു മണിക്കൂര്‍ ഇടവേളയില്‍)
എറണാകുളം – കോഴിക്കോട് (രാവിലെ അഞ്ചു മുതല്‍ രാത്രി പത്തു മണിവരെ ഒരു മണിക്കൂര്‍ ഇടവേളയിലും ശേഷം രണ്ടു മണിക്കൂര്‍ ഇടവേളയിലും)
കോഴിക്കോട് – എറണാകുളം (രാവിലെ അഞ്ചു മുതല്‍ രാത്രി പത്തു മണിവരെ ഒരു മണിക്കൂര്‍ ഇടവേളയില്‍)
കോഴിക്കോട് – കാസര്‍കോട് (രാവിലെ അഞ്ചു മുതല്‍ രാത്രി പത്തു മണിവരെ രണ്ടു മണിക്കൂര്‍ ഇടവേളയില്‍)
എറണാകുളം- മൂന്നാര്‍ (രാവിലെയും വൈകിട്ടും ഓരോ സര്‍വീസുകള്‍)
എറണാകുളം – കുമളി (പകല്‍ ഓരോ മൂന്ന് മണിക്കൂറിലും)
എറണാകുളം – തൊടുപുഴ (പകല്‍ ഓരോ രണ്ട് മണിക്കുറിലും)
തിരുവനന്തപുരം – പത്തനംതിട്ട (രാവിലെ രണ്ട് സര്‍വീസുകള്‍, വൈകിട്ട് തിരികെ)
എറണാകുളം – ഗുരുവായൂര്‍ (രാവിലെ രണ്ട് സര്‍വീസുകള്‍, വൈകിട്ട് തിരികെ)
കോഴിക്കോട് – പാലക്കാട് (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)
എറണാകുളം- പാലക്കാട് (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)