നെല്‍ക്കൃഷി ആദായകരമാക്കാം; അധിക വരുമാനവുമുണ്ടാക്കാം

189

ഔദ്യോഗിക കണക്കുകളനുസരിച്ച്, 2015-16 ല്‍ കേരളത്തിലെ മൊത്തം നെല്‍കൃഷി 1,96,870 ഹെക്ടര്‍ ആയിരുന്നു. രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്നത്, കേരളത്തിലെ നെല്‍കൃഷി ഏറ്റവും കൂടുതല്‍ വിസ്തൃതി രേഖപ്പെടുത്തിയത് 1974-75 ലാണെന്നാണ്; 8,81,470 ഹെക്ടര്‍. അതിനുശേഷം കഴിഞ്ഞ 41 വര്‍ഷം കൊണ്ട് നെല്‍കൃഷി വിസ്തൃതിയില്‍ 6,84,600 ഹെക്ടറിന്റെ കുറവുണ്ടായി. എന്നാല്‍ ഇതേ കാലയളവില്‍ കേരളത്തിലെ മറ്റു കാര്‍ഷിക വിളകളായ തെങ്ങ്, റബര്‍, കുരുമുളക്, വാഴ, കവുങ്ങ്, പച്ചക്കറി, മാവ്, പ്ലാവ് എന്നിവയിലെല്ലാം കൂടി 4,38,388 ഹെക്ടറിന്റെ വിസ്തൃതി വര്‍ധന ഉണ്ടായിട്ടുണ്ട്.

പ്രധാനമായും സാമ്പത്തിക കാരണങ്ങളാല്‍ നല്ലൊരു വിഭാഗം കര്‍ഷകര്‍ കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി നെല്‍കൃഷിയോടു വിടപറയുകയും പകരം മുകളില്‍ സൂചിപ്പിച്ചവ പോലെയുള്ള വിളകള്‍ കൃഷിചെയ്യാന്‍ നെല്‍പാടം നികത്തിയിട്ടുപോലും തയ്യാറായി എന്ന് ഇതിലൂടെ അനുമാനിക്കാം. മറ്റൊരു വിഭാഗം കര്‍ഷകരാകട്ടെ, പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ നെല്‍കൃഷി പാടെ ഉപേക്ഷിച്ചുകൊണ്ട് പാടങ്ങള്‍ തരിശിടാനും തുടങ്ങി. ഇതിനൊക്കെ പുറമെ, ധാരാളം നെല്‍വയലുകള്‍ നികത്തി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രക്രിയ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്.

ദശകങ്ങള്‍ക്ക് മുമ്പ് കേരളം ജലസമൃദ്ധമായ ഒരു പ്രദേശമായിരുന്നു. ഇന്ന് വീട്ടാവശ്യത്തിനും കൃഷിക്കുമൊക്കെ ജലം ദുര്‍ലഭമാവുന്നതിന്റെ വാര്‍ത്തകളാണ് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥ കൂടുതല്‍ ഗുരുതരമാവാതെ നോക്കുന്നതില്‍ നെല്‍പാടങ്ങള്‍ക്കെന്തെങ്കിലും പങ്കുവഹിക്കാന്‍ പറ്റുമോ എന്നാണിവിടെ പരിശോധിക്കുന്നത്. അതിലൂടെ കര്‍ഷകന് എന്തെങ്കിലും മെച്ചം കിട്ടാന്‍ സാധ്യതയുണ്ടോ, എന്നും.

ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ കിടപ്പ് ചരിച്ചുവെച്ച ഒരു പലകപോലെയാണെന്നും കിഴക്കന്‍ മലകളില്‍ പെയ്യുന്ന മഴവെള്ളം വെറും 48 മണിക്കൂര്‍ കൊണ്ട് അറബിക്കടലിലെത്തുമെന്നും ഉള്ളതാണ് പൊതുധാരണ. കേരളത്തിലെ മഴക്കാലം ഏപ്രില്‍ പകുതിക്കുശേഷം ആരംഭിച്ച് അടുത്തവര്‍ഷം ജനവരി മാസത്തിന്റെ ആദ്യപകുതിവരെ നീണ്ടുനില്‍ക്കുന്ന 9 മാസം ദൈര്‍ഘ്യമുള്ള ഒരു പ്രക്രിയയാണ്. മാറിമാറി വരുന്ന വര്‍ഷങ്ങളില്‍ ഈ കാലയളവിനുള്ളിലാണ് 95 ശതമാനം മഴയും നമുക്കു ലഭിക്കുന്നത്.

മണ്ണില്‍ പതിക്കുന്ന ഓരോ മഴത്തുള്ളിയും നേരെ കടലിലേക്ക് ഒഴുകാന്‍ അനുവദിക്കാതെ എത്രത്തോളം മണ്ണിനടിയിലേക്ക് ഇറങ്ങാന്‍ സാഹചര്യമൊരുക്കുന്നു എന്നതിലാണ് നമ്മുടെ ജലവിഭവ മാനേജ്മെന്റിന്റെ വിജയം സ്ഥിതി ചെയ്യുന്നത്. ഇക്കാര്യത്തില്‍ നെല്‍പാടങ്ങളുടെയും കുളങ്ങളുടെയും കിണറുകളുടെയും പങ്ക് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.

പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കുഴി നിര്‍മ്മാണത്തിനുവേണ്ടി വലിയ തുക വര്‍ഷംതോറും ചെലവഴിക്കുമ്പോള്‍, നെല്‍പാടങ്ങള്‍ എന്ന സ്ഥിരം മഴക്കുഴികളെപ്പറ്റി വേണ്ടത്ര പരിഗണിക്കാറില്ല. കേരളത്തിലെ നെല്‍പാടങ്ങളുടെ മഴവെള്ള സംഭരണശേഷി കണക്കാക്കുക എന്നത് പ്രയാസമുള്ള കാര്യമല്ല. ഈ ശേഷിയുടെ അടിസ്ഥാനത്തില്‍ നെല്‍പാടങ്ങളുടെ ഉടമകളാണ് കര്‍ഷകര്‍ക്ക് മഴവെള്ള സംഭരണ റോയല്‍ട്ടി നല്‍കുന്ന ഒരു സംവിധാനം നടപ്പില്‍ വരുത്തേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ കൂടുതല്‍ വിജയ സാധ്യതയോടെ നടപ്പിലാക്കാനും നെല്‍പ്പാടങ്ങളുടെ വിസ്തൃതി വീണ്ടും വര്‍ധിപ്പിക്കാനും സഹായിക്കുക ഇത്തരം ഒരു പുതിയ സമീപനത്തിലൂടെയായിരിക്കും. നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന്റെ സങ്കീര്‍ണ്ണതകളേക്കാളും ഭരണാധികാരികള്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ സ്വീകാര്യമാവുക മഴവെള്ള സംഭരണശേഷി അടിസ്ഥാനമാക്കി നെല്‍വയലുകള്‍ക്ക് നെല്‍കൃഷിയുടെ നേട്ടങ്ങള്‍ക്കു പുറമേ വാര്‍ഷിക ജലസംഭരണ റോയല്‍ട്ടി കൂടികിട്ടുന്ന സംവിധാനത്തിന്റെ നടപ്പാക്കലായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മഴയുടെ തോതുവെച്ചു നോക്കുമ്പോള്‍ ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങള്‍ അതിവര്‍ഷം, വെള്ളപ്പൊക്കം, രോഗങ്ങള്‍, മഴക്കെടുതികള്‍ എന്നിവയുടെയൊക്കെ കാലമാണ്. സംഭരിക്കുക എന്ന ചിന്തയേ ഉണ്ടാവാത്തവിധത്തില്‍ എങ്ങനെയെങ്കിലും കടലിലേക്ക് പായിച്ചുവിടേണ്ട ഒന്നാണ് മഴ വെള്ളം എന്നാണ് മിക്കവരുടെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ഒരു വിശ്വാസം. ജലസംഭരണ-സംരക്ഷണത്തിലെ അലംഭാവത്തിന് ഇതും ഒരു കാരണമായിരുന്നിട്ടുണ്ടാകാം.

മുമ്പെല്ലാം അനുഭവപ്പെട്ടിരുന്നതിനേക്കാള്‍ ഗൗരവത്തോടെ ജലക്ഷാമത്തിന്റെ പ്രയാസങ്ങള്‍ സമൂഹം ഇപ്പോള്‍ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നെല്‍കൃഷിക്കാവശ്യമായ പ്രതലം ഒരുക്കുന്നതോടൊപ്പം മഴവെള്ള സംഭരണം എന്ന വലിയ ദൗത്യം കൂടി നെല്‍വയലുകള്‍ നിര്‍വഹിക്കുന്നുണ്ടെന്നത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നെല്‍കൃഷിയില്‍ ഏര്‍പ്പെടുക വഴി നെല്‍കര്‍ഷകരാണ് വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രക്രിയക്ക് സാഹചര്യമൊരുക്കുന്നത്. സ്വാഭാവികമായും ഈ പ്രധാനപ്പെട്ട സേവനത്തിന് കൂടി കര്‍ഷര്‍ക്ക് പ്രതിഫലത്തിന് അവകാശമുണ്ട്. അതവര്‍ക്ക് നല്‍കേണ്ടതുമാണ്.

തരിശിട്ട് കാടുപിടിച്ച് ഉറച്ചുകിടക്കുന്ന നെല്‍പാടങ്ങളെക്കാള്‍ നാലഞ്ചിരട്ടി കാര്യക്ഷമതയോടെ കൃഷിക്കുവേണ്ടി പരുവപ്പെടുത്തുന്ന നെല്‍പ്പാടം മഴവെള്ള സംഭരണം നടത്തും. വയലിന്റെ ഓരോ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവും വര്‍ഷത്തില്‍ ശരാശരി 2,921 മില്ലിമീറ്റര്‍ മഴ കിട്ടുന്ന സാഹചര്യത്തില്‍ എത്രത്തോളം മഴവെള്ളം സംഭരിക്കുകയും മണ്ണില്‍ ഊര്‍ന്നിറങ്ങാന്‍ അനുവദിക്കുകയും ചെയ്യും എന്ന പഠനങ്ങളൊക്കെ നടന്നു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള നെല്‍വയലുകളുടെ മഴവെള്ള സംഭരണശേഷി നിശ്ചയിച്ച് വിജ്ഞാപനം ചെയ്യുകയും ഒപ്പം തന്നെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിക്കുക കൂടി ചെയ്താല്‍ നെല്‍കര്‍ഷകര്‍ക്ക് വയലുകളിലെ മഴവെള്ള സംഭരണത്തിനുള്ള റോയല്‍ട്ടി നല്‍കാന്‍ സാധിക്കും. നെല്‍കൃഷി ചെയ്യുന്നതിനോടൊപ്പം ലഭിക്കുന്ന ഈ അധികവരുമാനം വളരെയേറെ സ്വാഗതാര്‍ഹമായിരിക്കും എന്നുറപ്പാണ്.

ഇത്തരം ഒരു സമീപനത്തിലൂടെ ആദായകരമായ ഒരു പ്രക്രിയയാക്കി നെല്‍കൃഷിയെ മാറ്റാന്‍ സാധിച്ചാല്‍, നെല്‍പ്പാടങ്ങളുടെ വിസ്തൃതിയില്‍ വര്‍ധന ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം. കേരളം എന്ന കൊച്ചുസംസ്ഥാനത്തിന്റെ ഭാവി നിലനില്പിന് ഇത്തരം ഒരു സംവിധാനം അത്യാന്താപേക്ഷിതമാണെന്നുകൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്.

വീണ്ടും ഒരു മഴക്കാലത്തിന്റെ വരവിനു വേണ്ടി ദിവസങ്ങളെണ്ണി നാം കാത്തിരിക്കുകയാണ്. നെല്‍പ്പാടങ്ങളില്‍ വന്‍തോതില്‍ മഴവെള്ളം എന്ന ജീവജലം സംഭരിക്കുന്ന കര്‍ഷകരെ സാമ്പത്തികമായി ശാക്തീകരിക്കുക പൊതുസമൂഹത്തിന്റെ ചുമതലയാണ്. ഒപ്പം ഭരണാധികാരികളുടെയും. മഹത്തായ ഈ പ്രവൃത്തി കര്‍ഷകരുടെ മാത്രം ആവശ്യത്തിനുവേണ്ടി ചെയ്യുന്ന പ്രവൃത്തിയല്ല എന്ന് നമുക്ക് തിരിച്ചറിയാന്‍ പറ്റണം. പുതിയ വീടുകളും കെട്ടിടങ്ങളും പണിയുമ്പോള്‍ ചെലവേറിയ മഴവെള്ള സംഭരണികളുടെ നിര്‍മ്മാണം നിയമം വഴി ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ നിലവില്‍ ഈ ദൗത്യം കൂടുതല്‍ മഹത്തരമായ രീതിയില്‍ നിര്‍വഹിക്കുന്ന നെല്‍കര്‍ഷകര്‍ക്ക് അവരുടെ സേവനത്തിന്റെ തോതനുസരിച്ച് പ്രതിഫലം നല്‍കി പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം പൊതുസമൂഹത്തിനും ഭരണകൂടത്തിനുമില്ലേ?