“നൂപുരധ്വനി” സംഗീത ആൽബം പുറത്തിറക്കി

69

റിയാദ്: പ്രവാസ ലോകത്തു നിന്നും ക്ലാസിക്കല്‍ നൃത്തത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടൊരു മനോഹരമായ സംഗീത ആൽബം പുറത്തിറക്കി. F6 മീഡിയയുടെ ബാനറിൽ വൈദേഹി ക്രിയേഷൻസുമായി ചേർന്ന് വിനോദ് പിള്ള നിർമിച്ച മൂസിക്കള്‍ ആൽബമായാ “നൂപുരധ്വനി” സൗദി ഗായകനായ അഹമ്മദ് അൽ മൈമാനി റിയാദിലെ സംഗീത പ്രേമികളെ സാക്ഷിയാക്കി പ്രകാശനം ചെയ്തു. അഭിലാഷ് മാത്യു സംവിധാനം ചെയ്ത സംഗീത ആൽബത്തിൽ മുഖ്യ വേഷം ചെയ്തിരിക്കുന്നത് റിയാദിലെ പ്രശസ്തയായ നൃത്ത അധ്യാപിക രശ്മി വിനോദാണ് .അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദിലെ കലാസാംസ്കാരിക രാഷ്ട്രിയ മാധ്യമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ ശിഹാബ് കൊട്ടുകാട്, എൻ .ആർ .കെ ചെയർമാൻ അഷറഫ് വടക്കേവിള എന്നിവർ മുഖ്യ അഥിതികളായിരുന്നു.
അന്തരിച്ച സംഗീതജ്ഞനും വയലിൻ വിസ്മയവുമായ ബാലഭാസ്കറിനെ ചടങ്ങിൽ അനുസ്മരിച്ചുകൊണ്ടാണ് ആൽബത്തിന്റെ പ്രകാശന ചടങ്ങ് ആരംഭിച്ചത് . നൂപുരധ്വനിയുടെ നിർമാണത്തിലും ചിത്രീകരണത്തിലും പങ്കാളികളായ കലാകാരന്മാരെ അസോസിയേറ്റ് ഡയറക്ടർ മെൽബിൻ ജോൺ സദസിന് പരിചയപ്പെടുത്തി.
രശ്മി വിനോദിനൊപ്പം മുഖ്യവേഷത്തില്‍ വിമിൽ ഖാദ്രി, ശിശിര അഭിലാഷ്, വർഷ രാകേഷ്, ജനീഷ് എന്നിവരും വേഷമിട്ടു. അണിയറയില്‍ തിരക്കഥ , സംവിധാനം : അഭിലാഷ് മാത്യു, കഥ, നൃത്തം : രശ്മി വിനോദ്, നിര്‍മ്മാണം : വിനോദ് പിള്ള, ഗാനം : കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം : അഫ്സല്‍ യൂസഫ്, ആലാപനം : ആനന്ദി വി ജോഷി, സംവിധാന സഹായി : മേല്‍ബിന്‍ ജോണ്‍, പശ്ചാത്തലസംഗീതം : പാട്രിക് ജോസഫ്‌, ചായാഗ്രഹണം : ബദ്രേഷ് ശ്രേയസ്, ചിത്രസംയോജനം : ദീപു പ്രസാദ്‌, സുജിത് വാസുദേവ്. റിയാദിലെ പ്രമുഖ കലാകാരന്മാർ ഗാനങ്ങൾ ആലപിക്കുകയും വൈദേഹി നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾ നൃത്തപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.