നിലംബൂരിൽ 40 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

230

കേരളത്തിലേക്ക് കഞ്ചാവു കടത്താന്‍ ശ്രമിച്ച രണ്ട് കാസര്‍കോട് സ്വദേശികള്‍ നിലംബൂരിൽ പിടിയിലായി. ഇവരില്‍ നിന്നും 40 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഘം സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് മംഗല്‍പാടി സ്വദേശി മുഷ്താഖ് അഹ് മദ് എന്ന മുത്തു (31), ഉപ്പള നാട്ടക്കല്‍ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (26) എന്നിവരെയാണ് നിലംബൂര്‍ സി.ഐ കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് അതിര്‍ത്തികള്‍ വഴി ചെറു വാഹനങ്ങളില്‍ കഞ്ചാവു കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. നിലംബൂര്‍ കോടതിപ്പടി കൊളക്കണ്ടം റോഡില്‍ വെച്ചാണ് കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് മംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും മറ്റു രഹസ്യകേന്ദ്രങ്ങളിലും സംഭരിച്ച്‌ ഏജന്റുമാര്‍ മുഖേന കേരളത്തിലെ വിവിധയിടങ്ങളിലേക്ക് ചെറുവാഹനങ്ങളില്‍ എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പിടിയിലായ മുഷ്താഖ് അഹ് മദിന്റെ പേരില്‍ നേരത്തെ 12 കിലോ കഞ്ചാവു കടത്തിയതിനും വധശ്രമത്തിനും കേസുകളുണ്ട്. പ്രതികളെ നിലംബൂര്‍ കോടതിയില്‍ ഹാജരാക്കി.