നാലു​ പേരെ രാജ്യസഭയിലേക്ക്​ നാമനിര്‍ദേശം ചെയ്ത് രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​

243

രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ നാലു​ പേരെ പുതുതായി രാജ്യസഭയിലേക്ക്​ നാമനിര്‍ദേശം ചെയ്​തു. ദലിത്​ കര്‍ഷക നേതാവായ രാം ഷക്കാല്‍, ആര്‍.എസ്​.എസ്​ ചിന്തകനും എഴുത്തുകാരനുമായ രാകേഷ്​ സിന്‍ഹ, ശില്‍പി രഘുനാഥ്​ മോഹാപാത്ര, നര്‍ത്തകി സോനാല്‍ മാന്‍സിങ്​ എന്നിവരെയാണ്​ രാഷ്​ട്രപതി പുതുതായി രാജ്യസഭയിലേക്ക്​ നാമനിര്‍ദേശം ചെയ്​തത്​. ഇന്ത്യന്‍ ഭരണഘടനയിലെ 80(3) വകുപ്പ്​ പ്രകാരം വിവിധ മേഖലകളില്‍ കഴിവ്​ തെളിയിച്ച 12 പേരെ രാഷ്​ട്രപതിക്ക്​ നാമനിര്‍ദേശം ചെയ്യാം.

ക്രിക്കറ്റ്​ താരം സചിന്‍ തെന്‍ഡുല്‍ക്കര്‍, നടി രേഖ, വ്യവസായി അനു അഗഹ, അഭിഭാഷകന്‍ കെ.പര്‍സാറന്‍ എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ്​ രാഷ്​ട്രപതി പുതിയ പേരുകള്‍ നാമനിര്‍ദേശം ചെയ്​തത്​.

ഉത്തര്‍പ്രദശില്‍ നിന്നുള്ള ദലിത്​ നേതാവാണ്​ രാം ഷകാല്‍. കര്‍ഷകരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്​നങ്ങളില്‍ അദ്ദേഹം സജീവമായി ഇടപ്പെട്ടിരുന്നു. യു.പിയില്‍ നിന്ന്​ മൂന്ന്​ തവണ എം.പിയായിട്ടുണ്ട്​. ഡല്‍ഹി സര്‍വകലാശാലക്ക്​ കീഴിലെ മോത്തിലാല്‍ ​നെഹ്​റു കോളജിലെ അധ്യാപകനാണ്​ രാകേഷ്​ സിന്‍ഹ. നിലവില്‍ ഇന്ത്യന്‍ സാമൂഹികപഠന കേന്ദ്രത്തില്‍ അംഗവുമാണ്.​

അന്താരാഷ്​ട്ര തലത്തില്‍ അറിയ​പ്പെടുന്ന ശില്‍പികളിലൊരാളാണ്​ രഘുനാഥ്​ മൊഹാപാത്ര. പുരിയിലെ ജഗനാഥ ക്ഷേത്രത്തിലെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്​. ആറ്​ പതിറ്റാണ്ടായി ഭരതനാട്യം, ഒഡീസി നൃത്ത രംഗത്ത്​ സജീവമാണ്​ സോണാല്‍ മാന്‍സിങ്​. ഡല്‍ഹിയിലെ സെന്റർ ഫോര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന്​ തുടക്കം കുറിച്ചത്​ സോണാലിയാണ്​.