നവയുഗം നോർക്ക-പ്രവാസി ക്ഷേമനിധി സേവനക്യാമ്പ് സംഘടിപ്പിച്ചു.

38

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദമ്മാം അബ്ദുള്ള ഫഹദ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി മലയാളികൾക്കായി നോർക്ക-പ്രവാസി ക്ഷേമനിധി സേവനക്യാമ്പ് സംഘടിപ്പിച്ചു.

ദമ്മാം റോസ് ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന ഒട്ടനവധി പ്രവാസികൾ പങ്കെടുത്ത്, നോർക്ക ഐഡൻറ്റിറ്റി കാർഡ്, പ്രവാസി ക്ഷേമനിധി അംഗത്വം എന്നിവയ്ക്ക് അപേക്ഷ സമർപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ചു, അബ്ദുള്ള ഫഹദ് യൂണിറ്റ് പ്രസിഡന്റ് ഹാഷിദിന്റെ അധ്യക്ഷതയിൽ നടന്ന നോർക്ക-പ്രവാസിക്ഷേമനിധി വിശദീകരണയോഗം നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം ഉത്‌ഘാടനം ചെയ്തു. നവകേരളസൃഷ്ടിയ്ക്കായി സ്വന്തം മൂലധനം ഉപയോഗിച്ച് നാട്ടിൽ സംരംഭങ്ങൾ ആരംഭിയ്ക്കാൻ പ്രവാസികൾ തയ്യാറാകേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

നോർക്ക ഐഡൻറ്റിറ്റി കാർഡ്, പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ചും, കേരളസർക്കാർ നടപ്പാക്കുന്ന വിവിധ പ്രവാസിക്ഷേമ പദ്ധതിക്കളെപ്പറ്റിയും നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക്ക് കേന്ദ്രകമ്മിറ്റി കൺവീനർ ദാസൻ രാഘവൻ വിശദീകരിച്ചു. നവയുഗം ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാർ ആശംസപ്രസംഗം നടത്തി. യോഗത്തിന് മുജീബ് സ്വാഗതവും, ജെയ്സൺ നന്ദിയും പറഞ്ഞു.

പരിപാടിയ്ക്ക് നവയുഗം നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, ഉണ്ണി പൂച്ചെടിയൽ, നിസ്സാം കൊല്ലം, തമ്പാൻ നടരാജൻ, സുകുപിള്ള, റഷീദ്, ഷുഹാസ്, നാസിർ, സനൽ, സജീർ, ഏഞ്ചൽ, കുമാർ, ജോബി, അനീർ, സുജിത്, ബിനു എന്നിവർ നേതൃത്വം നൽകി.