നട്ടുവളര്‍ത്താം കോട്ടൂക്കോണം മാവുകള്‍

മുറതെറ്റാതെ എല്ലാവര്‍ഷവും മുന്‍പേ പൂത്ത് ഫലം തരുന്നതുകൊണ്ട് വിപണിയില്‍ ആദ്യമെത്തുകയും നല്ല വില കിട്ടുകയുംചെയ്യും.

140

കണ്ണൂരിലെ കുറ്റിയാട്ടൂരും കോഴിക്കോടിന്റെ ഒളോറും പോലെ ദേശപ്പെരുമയുള്ള തെക്കന്‍ കേരളത്തിലെ മറ്റൊരു മാവിനമാണ് കോട്ടൂക്കോണം. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലാണ് ഇത് വ്യാപകമായി കണ്ടുവരുന്നത്.

നല്ല കട്ടിയുള്ള പുറംതൊലി, പഴുക്കുമ്പോള്‍ അകവും പുറവും ചുവപ്പുകലര്‍ന്ന ഓറഞ്ചുനിറം, നാര് കൂടുതലുണ്ടെങ്കിലും ഒരിക്കല്‍ കഴിച്ചാല്‍ ഇതിന്റെ രുചിയും മണവും സ്വാദും നാവില്‍ തങ്ങിനില്‍ക്കും.

മുറതെറ്റാതെ എല്ലാവര്‍ഷവും മുന്‍പേ പൂത്ത് ഫലം തരുന്നതുകൊണ്ട് വിപണിയില്‍ ആദ്യമെത്തുകയും നല്ലവില കിട്ടുകയും ചെയ്യും. ഒരു കിലോ മാങ്ങയ്ക്ക് 80 മുതല്‍ 120 രൂപ വരെ വിലയുണ്ട്. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഈയിനത്തിന്റെ കായകളുടെ പുറംതൊലി കട്ടിയുള്ളതിനാല്‍ പഴയീച്ചകളുടെ ഉപദ്രവമുണ്ടാകാറില്ല.

ചുവന്ന മണ്ണും കൂടുതല്‍ മഴയും ആര്‍ദ്രതയുള്ള അന്തരീക്ഷവുമുള്ള സ്ഥലങ്ങളില്‍ കോട്ടൂക്കോണം നന്നായിവളരും. വിത്തുമുളപ്പിച്ച തൈകള്‍ നട്ടാല്‍ കായ്ക്കാന്‍ 6-7 വര്‍ഷമാകും. എന്നാല്‍, ഒട്ടുതൈകള്‍ നട്ടാല്‍ മൂന്നാം വര്‍ഷം മുതല്‍ ആദായംനേടാം.

ഇപ്പോള്‍ തൈ നടാന്‍പറ്റിയ സമയമാണ്. മരങ്ങള്‍ തമ്മില്‍ 9 മീറ്റര്‍ അകലത്തില്‍, 1x1x1 മീറ്റര്‍ അളവിലും താഴ്ചയിലും കുഴിയെടുത്ത് മേല്‍മണ്ണ്, ജൈവവളം ഒരുപിടി  കുമ്മായം എന്നിവചേര്‍ത്ത് കാലേക്കൂട്ടി കുഴി നിറച്ചിട്ടുവേണം തൈകള്‍ നടാന്‍.

കോട്ടൂക്കോണം ഒട്ടുതൈകള്‍ ഇപ്പോള്‍ കൃഷിവകുപ്പിന്റെ ഫാമുകളിലും കാര്‍ഷികസര്‍വകലാശാലകളിലും ലഭ്യമാണ്.