നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെന്ന് സിദ്ദിഖിന്‍റെ മൊഴി

112

ആക്രമിക്കപ്പെട്ട നടിയുടെ സിനിമ അവസരങ്ങള്‍ നടന്‍ ദിലീപ് ഇല്ലാതാക്കിയെന്ന് നടനും നിലവില്‍ താരസംഘടനയുടെ സെക്രട്ടറിയുമായ സിദ്ദിഖ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ സിദ്ദിഖ് നല്‍കിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. ദിലീപ് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടി തന്നോട് പരാതിപ്പെട്ടിരുന്നു. ഇക്കാര്യം താന്‍ ദിലീപിനോട് നേരിട്ട് ചോദിച്ചു. അത് വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ടെന്നുമായിരുന്നു ദിലീപിന്റെ മറുപടി. നടിയും ദിലീപുമായുള്ള തര്‍ക്കത്തില്‍ താന്‍ ഇടപെട്ടിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ സിദ്ധിഖ് പറയുന്നുണ്ട്.

ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ഈ മൊഴിയ്ക്ക് വിപരീതമായാണ് സിദ്ദിഖ് പറഞ്ഞിരുന്നത്. നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയോ എന്ന് ചോദ്യത്തിന് അത്തരമൊരു സംഭവം ഇല്ലെന്ന മട്ടിലായിരുന്നു സിദ്ദിഖിന്റെ മറുപടി. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെങ്കില്‍ ഏത് സംവിധായകന്റെ സിനിമയാണ് നഷ്ടമായതെന്ന് നടി പറയട്ടെ എന്നായിരുന്നു സിദ്ദിഖ് പറഞ്ഞിരുന്നത്.