തൃശൂരില്‍ പുലി കെണിയില്‍ കുടുങ്ങി

62

തൃശൂര്‍ മംഗലം ഡാമിന് സമീപം ഓടംന്തോട് നന്നങ്ങാടിയില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ പുലി കുടുങ്ങി. മുള്ളുവേലിയില്‍ സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് വന്ന വ്യക്തിയാണ് പുലി കുടുങ്ങിയത് കണ്ടെത്തിയത്. ഇദ്ദേഹം ഇക്കാര്യം വനപാലകരെയും നാട്ടുകാരെയും അറിയിച്ചു.

ഇതേ തുടര്‍ന്ന് വനപാലകരും പൊലീസും പ്രദേശത്ത് എത്തിച്ചേര്‍ന്നു. മൂന്ന് വയസ് പ്രായമുള്ള ആണ്‍പുലിയാണ് കെണിയില്‍ അകപ്പെട്ടിരിക്കുന്നത്. മയക്കുവെടിവച്ച് പുലിയെ കൂട്ടിലേക്ക് മാറ്റുന്നതിനുള്ള ശ്രമവും നടന്ന് വരികയാണ്. വിവരം അറിഞ്ഞതോടെ പുലിയെ കാണാനായി ആളുകള്‍ തിങ്ങികൂടുകയാണ്.

പടിഞ്ഞാറെക്കോട്ട സ്വദേശിയുടെ ചാലി എസ്റ്റേറ്റ് അതിര്‍ത്തിയിലെ കമ്പിവേലിയില്‍ വച്ചിരുന്ന കെണിയിലാണ് പുലി കുടുങ്ങിയിരിക്കുന്നത്. ഇവിടെ സ്ഥിരമായി പുലി ഇറങ്ങുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.