തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് സര്‍ക്കാരിന്‍റെ ശ്രേഷ്ഠ പദവി: അംബാനിയെ പ്രീതിപ്പെടുത്താന്‍ ഒരു മുഴം മുന്നെ എറിഞ്ഞ മോദിയും കൂട്ടരും വെട്ടില്‍

200

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഇന്നലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നല്‍കി ഉത്തരവിറക്കി. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളെയും മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളെയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ഐഐടി ഡല്‍ഹി, ഐഐടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബിഐടിഎസ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് മാനവശേഷി മന്ത്രാലയം ശ്രേഷ്ഠ പദവി നല്‍കിയിരിക്കുന്നത്.

ഇതിലെ കൗതുകകരമായ വസ്തുത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത് അല്ലാതെ പ്രവര്‍ത്തനം തുടങ്ങിയിട്ട് പോലുമില്ല എന്നതാണ്. പ്രധാനമന്ത്രിയുടെ ക്വാളിറ്റി ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ആറ് സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ക്വാളിറ്റിയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പടിക്ക് പുറത്ത് നിറുത്തിക്കൊണ്ടാണ് തുടങ്ങിയിട്ടില്ലാത്ത സ്ഥാപനം അതീവ ഗുണമേന്മയുള്ളതാണെന്ന സാക്ഷ്യപ്പെടുത്തല്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ജെഎന്‍യു ഉള്‍പ്പെടെ 114 സ്ഥാപനങ്ങള്‍ ഈ പദവിക്കായി അപേക്ഷിച്ചിരുന്നു. ഇവയെ എല്ലാം തമസ്‌കരിച്ചു കൊണ്ടാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപനത്തിന് ഈ അംഗീകാരം നല്‍കിയിരിക്കുന്നത്.

മുകേഷ് അംബാനിയെയും നിതാ അംബാനിയെയും സംതൃപ്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക ധനസഹായമായി ആയിരം കോടി രൂപ ലഭിക്കും.