താലൂക്ക് ആശുപത്രികളില്‍ ടിവിയും രോഗിയുടെ കൂടെ എത്തുന്നവർക്ക് താമസ സൗകര്യവും

158

രോഗികള്‍ക്കു വിനോദത്തിനു ടിവി. വേദനയിലും ആശ്വാസമേകാന്‍ സംഗീതം. മുലയൂട്ടാന്‍ പ്രത്യേക മുറി. ജീവനക്കാര്‍ക്കു ദുരന്തനിവാരണ പരിശീലനം. രൂപത്തിലും നിലവാരത്തിലും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളെ ഒരേ രീതിയിലാക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഇങ്ങനെ.’ആര്‍ദ്രം’ മിഷന്റേതാണു പദ്ധതി.

മറ്റു നിര്‍ദേശങ്ങള്‍: ഡോക്ടര്‍മാരും ജീവനക്കാരും അനുകമ്പയോടെ ഇടപെടണം. പാര്‍ക്കിങ് സ്ഥലം, റാംപ് എന്നിവ സ്ഥാപിക്കണം. സ്‌പെഷ്യല്‍റ്റി സേവനങ്ങള്‍, ഡോക്ടര്‍മാര്‍, ഒപി സമയം എന്നിവ വ്യക്തമാക്കുന്ന ബോര്‍ഡ് ഇംഗ്ലിഷിലും മലയാളത്തിലും വയ്ക്കണം.

രോഗികള്‍ കാത്തിരിക്കുന്ന സ്ഥലത്തു വായനയ്ക്കായി പ്രസിദ്ധീകരണങ്ങള്‍ വരുത്തണം. ഒപി വിഭാഗത്തില്‍ ചായ, കാപ്പി വെന്‍ഡിങ് യന്ത്രങ്ങളും കുടിവെള്ള സൗകര്യവും ഒരുക്കണം. എല്ലായിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ഒന്നാമത്തെ റഫറല്‍ പോയിന്റായി താലൂക്ക് ആശുപത്രികളെ മാറ്റാന്‍ കൂടുതല്‍ സ്‌പെഷ്യല്‍റ്റി സേവനങ്ങള്‍ ഒരുക്കണം.

സ്‌പെഷ്യല്‍റ്റി ഒപി രാവിലെ എട്ടു മുതല്‍ ഒന്നുവരെ. ഞായര്‍ അവധി. ജനറല്‍ ഒപി ഉച്ചയ്ക്ക് ഒന്നു മുതല്‍ ആറുവരെ. ഞായര്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെ. ഐപി വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ക്കായി ഡോര്‍മിറ്ററി ഒരുക്കണം. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം കഴിക്കാന്‍ പ്രത്യേക ഹാള്‍ ക്രമീകരിക്കണം