തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം സിനിമയാക്കാനൊരുങ്ങി മൈക്കല്‍ സ്‌കോട്ടും സംഘവും

209

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ സിനിമയാകുന്നു. ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ദിവസങ്ങളെ സിനിമയാക്കുന്നത്. മൈക്കല്‍ സ്‌കോട്ടും സംഘവും ദിവസങ്ങള്‍ക്ക് മുന്‍പേ തായ്‌ലൻഡിലെ ഗുഹയിലെത്തിയിരുന്നു. തായ്‌ലൻഡില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

രക്ഷാപ്രവര്‍ത്തനം ആരംഭിച്ച്‌ മൂന്നാം ദിവസം മുതല്‍ ഇവര്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെയും ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങള്‍ കാമറയില്‍ പകര്‍ത്തി. സിനിമയുടെ ആദ്യ ഘട്ടമെന്നോണമാണ് തത്സമയം രംഗങ്ങള്‍ ചിത്രീകരിച്ചത്. മറ്റ് നിര്‍മാണ കമ്ബനികള്‍ ഇവിടേക്ക് എത്തുമെന്ന് അറിയാമെന്നതിനാലാണ് ആദ്യ ദിവസങ്ങളില്‍ തന്നെ ഇവിടെ എത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് സ്കോട്ട് പറഞ്ഞു. ഗുഹക്കുള്ളിലെ രംഗങ്ങള്‍ പിന്നീട് ചിത്രീകരിക്കും. പ്രമുഖ താരങ്ങളെ വെച്ചാകും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നും മൈക്കല്‍ സ്കോട്ട് വ്യക്തമാക്കി.