BREAKING NEWS : തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളിൽ ആറു പേരെ രക്ഷപ്പെടുത്തി

446

ലോകം പ്രാർഥനയോടെ കാത്തിരിക്കെ, തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളിൽ ആറു പേരെ രക്ഷപ്പെടുത്തി. ഇവരിൽ നാലു പേരെ ഗുഹയിൽ നിന്നു പുറത്തെത്തിച്ചതായി തായ്‌ലൻഡ് നേവി സീൽ സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വ്യക്തമാക്കി.

നേരത്തേ ഇവരെ ഗുഹയിൽ തന്നെയുള്ള ചേംബർ–3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിലെത്തിച്ചിരുന്നു. മറ്റു കുട്ടികളും കോച്ചും പുറത്തേക്കുള്ള വഴിയിലാണെന്നാണു സൂചന. നീന്തൽ വിദഗ്ധരുടെ സംഘം ഇവർക്കൊപ്പമുണ്ട്. ഇതുവരെ നാല് ആംബുലൻസുകൾ ഗുഹയ്ക്കു സമീപത്തേക്കു പോയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഗുഹയിലെത്തിയ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചിരുന്നു. ഏറ്റവും ദുർബലരായവരെ ആദ്യവും കൂട്ടത്തിൽ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാൻ തുടർന്നാണു തീരുമാനിച്ചത്.

ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഇവരുടെ പട്ടികയും തയാറാക്കി.അതേസമയം, ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവർത്തനത്തിനു കനത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. മഴ പെയ്താൽ ജലനിരപ്പുയരുകയും കുട്ടികൾ അപകടത്തിലാകുകയും ചെയ്യും. ഏതാനും ദിവസങ്ങളായി മഴ മാറി നിന്നതിനാൽ കുട്ടികളിലേക്ക് എത്താനുള്ള വഴികള്‍ കൂടുതൽ വ്യക്തമായതാണ് ഇപ്പോൾത്തന്നെ രക്ഷാപ്രവര്‍ത്തനം നടത്താൻ കാരണമായത്.അഞ്ചു തായ് മുങ്ങൽ വിദഗ്ധരും 13 വിദേശ നീന്തൽ വിദഗ്ധരും അടക്കം 18 പേരാണ് കുട്ടികളെ പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവർത്തക സംഘത്തിലുള്ളത്. ഒപ്പം യുഎസിൽ നിന്നുള്ള അഞ്ച് നേവി സീൽ കമാൻഡോകളും ഉണ്ട്. ദൗത്യം എത്ര സമയം കൊണ്ടു പൂർത്തിയാവുമെന്നും വ്യക്തമല്ല.

കുട്ടികളെ രക്ഷിക്കാൻ ‘ബഡ്ഡി ഡൈവിങ്’

ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവർ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയാണ് ഇവിടെ സ്വീകരിക്കുക. ഇടുങ്ങിയ, ദുർഘടമായ വഴികളാണു ഗുഹയിൽ പലയിടത്തും. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും ധാരാളമാണ്. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാൻ. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിക്കും.ഗുഹയ്ക്കുപുറത്തുനിന്നു കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താൻ ആറു മണിക്കൂർ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാൻ വേണ്ട ചുരുങ്ങിയ സമയം 11 മണിക്കൂർ. മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയിൽ നിന്നുപുറത്തേക്കുള്ള വഴിയിൽ പലയിടത്തും കുട്ടികൾക്കു നടന്നെത്താനുമാവും.‌ ജൂൺ 23നാണു 12 കുട്ടികളും ഫുട്ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്.പത്താം ദിവസം ഇവരെ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാനാകാത്തതായിരുന്നു ആശങ്കയുളവാക്കിയത്.