തമിഴ്‌നാട്ടില്‍ 10,000 ക്ലിനിക്കുകളുടെ ചുമതല നഴ്‌സുമാരെ ഏല്‍പ്പിക്കുന്നു

71

തമിഴ്‌നാട്ടില്‍ 10,000 ക്ലിനിക്കുകളുടെ ചുമതല നഴ്‌സുമാരെ ഏല്‍പ്പിക്കുന്നു.ഗ്രാമീണ മേഖലയില്‍ പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളില്‍ പ്രാഥമിക പരിശോധന നടത്തി രോഗികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുകയാണ് അവരുടെ ചുമതല. സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.

നഴ്‌സുമാര്‍ നയിക്കുന്ന ക്ലിനിക്കില്‍ 3,000 ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി എല്ലാ സൗകര്യങ്ങളോടും കൂടി 2022ഓടെ പദ്ധതി നടപ്പാക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രക്തസമ്മര്‍ദ്ദം, ചൂട്, ഷുഗര്‍ ലെവല്‍ എന്നിവ കൃത്യമായി നഴ്‌സുമാര്‍ പരിശോധിക്കും.

പരിശോധനയുടെ റിസല്‍ട്ടുകളില്‍ ചിലതെല്ലാം ക്ലിനിക്കില്‍ നിന്ന് തന്നെ ലഭ്യമാക്കും. മറ്റുള്ളവ ജില്ലാ ആശുപത്രിയില്‍ നിന്ന് ലഭിക്കും. പരിശോധനകളെല്ലാം സൗജന്യമായാണ് നടത്തുന്നത്. രോഗിയുടെ ആരോഗ്യനിലയില്‍ നഴ്‌സുമാര്‍ എന്നും ജാഗരൂകരായിരിക്കും. എന്തെങ്കിലും അസ്വഭാവികത ഉണ്ടായാല്‍ ഡോക്ടറെ പെട്ടെന്ന് തന്നെ അറിയിച്ച് ആവശ്യമായ നടപടിക്രമങ്ങള്‍ എടുപ്പിക്കേണ്ടത് നഴ്സുമാരുടെ ചുമതലയാണ്.

പദ്ധതിക്ക് മുന്നോടിയായി കഴിഞ്ഞ വര്‍ഷം പൈലറ്റ് സ്റ്റഡി നടത്തിയിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ക്ലിനിക്കുകള്‍ സമൂഹവുമായി അടുത്തു നില്‍ക്കുന്നതാണെന്ന് പഠനത്തില്‍ തെളിഞ്ഞു. അങ്ങിനെയാണ് സര്‍ക്കാര്‍ ക്ലിനിക്കുകളിലേക്ക് ശ്രദ്ധയൂന്നുന്നത്.