ഡീസല്‍ വിലവര്‍ദ്ധനവ്; സംസ്ഥാനത്ത് 2500 ഓളം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

139

ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തുന്നു. 2500 ഓളം ബസുകളാണ് താല്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നത്. ഇതിനുള്ള അപേക്ഷകള്‍ ബസുടമകള്‍ ആര്‍ടി ഓഫീസുകളില്‍ നല്‍കി.അനിയന്ത്രിതമായി ഉയരുന്ന ഡീസല്‍ വിലവര്‍ദ്ധനവ് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്നു. കഴിഞ്ഞ ചാര്‍ജ് വര്‍ദ്ധനവിന് ശേഷം 15 രൂപയോളമാണ് ഡീസല്‍ വിലവര്‍ദ്ധനവ്. ഇത് മൂലം ബസ് വ്യവസായം നടത്തി കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നാണ് ഉടമകളുടെ നിലപാട്. ഇതോടെ അസോസിയേഷനെ പോലും അറിയിക്കാതെ ബസുകളുടെ സര്‍വീസ് താല്ക്കാലികമായി നിര്‍ത്തിവെക്കുകയാണ് ഉടമകള്‍. ഇതിനുള്ള അപേക്ഷകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ടി ഓഫീസുകളില്‍ നല്‍കിയിട്ടുണ്ട്.ഇത്തരത്തില്‍ 2500 ഓളം ബസുകള്‍ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിവെക്കുന്നതായാണ് വിവരം. ഇതില്‍ അഞ്ഞൂറോളം ബസ്സുകള്‍ കോഴിക്കോട് ജില്ലയിലാണ്. സ്വകാര്യ ബസ്സുകളെ കൂടുതലായി ആശ്രയിക്കുന്ന കോഴിക്കോട്ടടക്കമുള്ള മലബാറിലെ യാത്രക്കാരെയും വിദ്യാര്‍ഥികളേയും ഈ തീരുമാനം ബുദ്ധിമുട്ടിക്കും. റോഡ് ടാക്‌സ് ഗഡുക്കളാക്കണമെന്ന ബസുടമകളുടെ അവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബസ്സിന്റെ ഉപയോഗ കാലാവധി നീട്ടണമെന്ന ആവശ്യം പരിഗണിച്ച് 20 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ആശ്വാസകരമാണെന്നാണ് ബസ് ഓപ്പറേഴ്‌സ് ബസ് ഓപ്പറേഴ്‌സ് അസോസിയേഷന്റെ നിലപാട്.