ഡാം തുറക്കുമെങ്കിൽ : ഓർമ്മക്കുറിപ്പ്

ഇബ്രാഹിം ക്യാംപസ് , ഈരാറ്റുപേട്ട

370

1992 ൽ
ഇടുക്കി അണക്കെട്ട്
തുറന്ന”ലൈവ്” കാഴ്ചയുടെ
ഓർമ്മ എൻ്റെ വായനക്കാരുമായി പങ്കുവെക്കുന്നു…

വീടിനടുത്തുള്ള
തോട്ടുമുക്ക് എന്ന ചെറിയൊരു
അങ്ങാടിയിൽ നിന്നും
ഒരു ജീപ്പ് നിറയെ ആളുകൾ
ആണ് അന്ന് പോയത്
ഒരിക്കലും മറക്കാനാവാത്ത
ആ യാത്രയിലേക്ക്,

ഈരാറ്റുപേട്ടയിൽ നിന്നും
മുട്ടം,മൂലമറ്റം,കുളമാവ്
(ഇടുക്കി പദ്ധതിയിലെ ഒരു അണക്കെട്ടായ കുളമാവ് ഡാമിന്റെ മുകളിലൂടെയാണേ) വഴി
വനത്തിലൂടെ പോകുമ്പോൾ തന്നെ റോഡിന്റെ വലതുവശം അണക്കെട്ടിലെ നിറഞ്ഞു
തുളുമ്പിയ ജലാശയം ഞങ്ങളോടൊപ്പമുണ്ടായിരുന്നു,

മൂന്നു അണക്കെട്ടുകൾ
ചേർന്ന ഇടുക്കി പദ്ധതിയിലെ
വെള്ളം തുറന്നു വിടാവുന്ന
ഏക അണക്കെട്ടായ
ചെറുതോണിയിൽ
എത്തുമ്പോൾ ഡാം ടോപ്പിലും
വഴിയിലും ഒക്കെയായി സാമാന്യം
നല്ല ആൾ തിരക്കുണ്ടായിരുന്നു…

ആകാംക്ഷയോടെ
എല്ലാവരും കാത്തുനിൽക്കുന്നു
അണക്കെട്ട് തുറക്കാനുള്ള
തയ്യാറെടുപ്പിലാണ്
ഉദ്യോഗസ്ഥർ
തുരുമ്പെടുത്തിരുന്ന ഷട്ടറുകളുടെ തുറക്കേണ്ട ഭാഗത്തൊക്കെ
ഓയിലും ഗ്രീസും,
എല്ലാം കൃത്യമായി
ഇട്ടു തീർത്തു
അനുമതി കിട്ടാനായി
കാത്തുനിൽക്കുകയാണവർ…

കടും പച്ചയും
കറുപ്പും നിറത്തിൽ
ഏതു നിമിഷവും നിഞ്ഞു തുളുമ്പിയേക്കും
എന്ന രീതിയിൽ
കണ്ണെത്താ ദൂരത്തിൽ പരന്നുകിടക്കുന്ന
വെള്ളം ബന്ധനം ഭേദിച്ചു
പുറത്തേക്ക് ഒഴുകാൻ വെമ്പി നിൽക്കുന്ന മനോഹരമായ
കാഴ്ച ആസ്വദിച്ചു ഞങ്ങൾ
ഡാമിനു മുകളിലൂടെ നടന്നു…

ഇതാ തുറക്കുവാനുള്ള
ഓർഡർ എത്തി ഒന്ന്… രണ്ട് …മൂന്ന് … ഞങ്ങൾ നിൽക്കുന്നതിന്
അടുത്തുള്ള പടുകൂറ്റൻ
ഷട്ടറിന് അനക്കം വെച്ചു തുടങ്ങി…

സൂചി കടക്കാൻ മാത്രം
വിടവുമായി ഷട്ടർ ഒന്നനങ്ങി
ഉയർന്നു ആവേശവും ഉദ്വേഗവുമായി കാത്തുനിന്ന ആൾക്കൂട്ടത്തെ വിസ്മയിപ്പിച്ച് കൊണ്ട് ഇടുക്കി ജലാശയമെന്ന നിറകുടം തുളുമ്പിത്തുടങ്ങി…

അതോടൊപ്പം
ഷട്ടറുകൾ അൽപാൽപമായി
ഉയർത്തിക്കൊണ്ടിരുന്നു മൂന്നിഞ്ച് വിടവ് ആയപ്പോൾ തന്നെ
അതിശക്തമായി ചീറ്റിത്തെറിച്ചു 138 മീറ്റർ ഉയരത്തിൽ നിന്നും താഴെ പതിക്കുമ്പോൾ ജലം എന്ന
രൂപം മാറി കോട മഞ്ഞായി
പെയ്തിറങ്ങുന്ന മനോഹരമായ കാഴ്ച മനസ്സിനെ ഹരം പിടിപ്പിച്ചു…

ഏകദേശം അരയടി മാത്രം
ഉയർത്തി നിർത്തിയ ശേഷം
അടുത്ത നാലു ഷട്ടറുകളും ക്രമേണ ഉയർത്തിത്തുടങ്ങി, ഇപ്പോൾ
കാണുന്ന കാഴ്ച വിശദീകരിക്കാൻ വാക്കുകളില്ല നയാഗ്രാ വെള്ളച്ചാട്ടം പോലെ എന്ന് ഞാൻ തൽക്കാലം ഉപമിക്കട്ടെ…

പാൽക്കടലായി താഴേക്ക് പതിച്ച്
മഞ്ഞിൻ കണമായ്
രൂപാന്തരം പ്രാപിച്ചു
വീണ്ടും സ്ഫടികം പോലെ തിളങ്ങുന്ന പുഴയായി പെരിയാറിലേക്ക്
രുദ്രഭാവം പൂണ്ടവൾ ഒഴുകിത്തിമിർക്കുന്നു…

ഇതിനിടയിൽ ഒരു പ്രധാന
സംഭവം വിട്ടുപോയി ആർത്തലച്ചു താഴേക്കു പതിക്കുന്ന
വെള്ളത്തിലേക്ക്
എന്തൊക്കെയോ
പതിക്കുന്നു, കൈകാലിട്ടടിക്കുന്ന പൊലെ ഞെളിപിരി കൊള്ളും പോലൊരു കാഴ്ച, ആളുകൾ ഡാമിന്റെ മുകളിൽ നിന്നും
കൂട്ടമായി താഴേക്ക് വീണു പോയതാണോ
ഒരു നിമിഷം
ആർക്കും ഒന്നും
മനസ്സിലാകുന്നില്ല…

ആരൊക്കയോ വിളിച്ച്
കൂവുന്നു ‘മീൻ മീൻ”
പത്തും ഇരുപതും കിലോ ഭാരമുള്ള മീനുകൾ അവ താഴേക്ക് പതിക്കുമ്പോൾ
വട്ടം കറങ്ങുന്നു പുളയുന്നു
ആസമയം മീനിന്റെ അടിഭാഗത്ത വെള്ളി നിറം സൂര്യപ്രകാശം തട്ടി തിളങ്ങുന്നുണ്ടായിരുന്നു…

ഇതുപോലൊരു കാഴ്ച ജീവിതത്തിലൊരിക്കലും കാണാൻ സാധ്യമല്ല ആളുകൾ ആരവത്തോടെ ആ കാഴ്ച കണ്ടുനിന്നു,
മണിക്കൂറുകൾക്കുള്ളിൽ
എല്ലാ ഷട്ടറുകളും
അരയടി ഉയർത്തിക്കഴിഞ്ഞു..

ആനയിറങ്ങുന്ന വനപാതയിലൂടെ
രാത്രിയിലെ മടക്കയാത്ര ശുഭകരമല്ലാത്തതിനാൽ
ഞങ്ങൾ ആ കാഴ്ചകൾ
കണ്ട് കൊതി തീരാതെ
ഇടുക്കിയോട് യാത്ര പറഞ്ഞു…