ട്രക്കിങ്ങില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും – മലയാറ്റൂര്‍ ഡി.എഫ്.ഓ പ്രതികരിക്കുന്നു

പുല്ലിന് തീപിടിച്ചാല്‍ പെട്ടന്ന് തീപടരാനുള്ള സാധ്യത ഏറെയാണ്. ഓടി രക്ഷപ്പെടുക എന്നതാണ് ചെയ്യാവുന്ന ഒരുകാര്യം.

169

തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചിരിക്കുകയാണ്. കേരളത്തിലെ ട്രക്കിങ് പ്രിയരെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ വാര്‍ത്തതന്നെയാണിത്. കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. ഈയവസരത്തില്‍ വനമേഖലയില്‍ ട്രക്കിങ്ങിന് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളേക്കുറിച്ച് മലയാറ്റൂര്‍ ഡി.എഫ്.ഓ രഞ്ജന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

ട്രക്കിങ്ങിന് പോകുമ്പോള്‍ ആദ്യം വനംവകുപ്പിന്റെ അനുവാദം വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയല്ലാതെ പോകുമ്പോഴാണ് അപകടത്തില്‍പ്പെടുന്നതെന്നും ഡി.എഫ്.ഓ ചൂണ്ടിക്കാട്ടി. ”അനുവാദമെടുത്ത് പോകുകയാണെങ്കില്‍ വകുപ്പിന് വനത്തില്‍ ആരുണ്ടെന്ന് രേഖകളുണ്ടാവും. അവര്‍ക്കൊപ്പം ഒരു ഗൈഡ് ഉണ്ടാകും. കാട്ടില്‍ മൃഗങ്ങളെ കാണുന്ന സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് സഞ്ചാരികള്‍ക്ക് ചിലപ്പോള്‍ അറിയാതെവരും. അതിനാണ് മുന്‍കൂട്ടി അനുവാദം വാങ്ങണം എന്ന് പറയുന്നത്”. അദ്ദേഹം തുടര്‍ന്നു. കഴിഞ്ഞദിവസം ആനക്കയത്ത് കുരിശുമുടി കയറ്റവുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ് ഇതിന് തെളിവായി അദ്ദേഹം പറയുന്നത്.

പുല്ലിന് തീപിടിച്ചാല്‍ പെട്ടന്ന് തീപടരാനുള്ള സാധ്യത ഏറെയാണ്. ഓടി രക്ഷപ്പെടുക എന്നതാണ് ചെയ്യാവുന്ന ഒരുകാര്യം. മലയുടെ താഴെ തീപിടിച്ചാല്‍ മുകളിലേക്ക് പടരാനാണ് സാധ്യത. പക്ഷേ മുകളിലാണ് തീയെങ്കില്‍ താഴേക്ക് വരാന്‍ അല്‍പ്പം സമയമെടുക്കും. പിന്നെ കാറ്റിന്റെ ഗതിക്ക് വിപരീതദിശയില്‍ വേണം രക്ഷാമാര്‍ഗം തിരഞ്ഞെടുക്കാന്‍. ചൂടുകാരണം കാടുമുഴുവന്‍ ഉണങ്ങിക്കിടക്കുകയാണിപ്പോളെന്നും ഡി.എഫ്.ഓ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളെല്ലാം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വനംവകുപ്പ് ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള ഗൈഡ് ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ട്രെക്കിങ്ങ് അനുവദിക്കുന്നുള്ളൂ എന്നും ഡി.എഫ്.ഓ രഞ്ജന്‍ വ്യക്തമാക്കി.