ജേക്കബ് തോമസിന്റെ 50 ഏക്കർ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടും

100

സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ പേരിൽ തമിഴ്നാട് വിരുദുനഗറിലുള്ള 50 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. ബിനാമി ഭൂമിയാണെന്നു കണ്ടെത്തിയതിനാലാണിത‌്. ഇതുസംബന്ധിച്ച് അയച്ച കാരണം കാണിക്കൽ നോട്ടീസ‌് ജേക്കബ് തോമസ് കൈപ്പറ്റാത്തതിനാൽ നോട്ടീസും സോപാധിക ഏറ്റെടുക്കൽ ഉത്തരവും കടവന്ത്ര ജവഹർ നഗറിലെ വീട്ടിൽ പതിച്ചിട്ടുമുണ്ട്.

വിരുദുനഗർ ജില്ലയിൽ രാജപാളയം താലൂക്കിലെ സേത്തൂർ വില്ലേജിലാണ് വിവാദഭൂമി. 2001 നവംബർ 15ന് രണ്ടു തീറാധാരങ്ങളിലായി 40.5 ഏക്കറും 9.83 ഏക്കറുമായി മൊത്തം 50.33 ഏക്കർ ഭൂമിയാണ് ജേക്കബ് തോമസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 22 പേരുടെ ഭൂമി പവർ ഓഫ് അറ്റോർണി വേലായുധരാജയിൽനിന്നും 11 പേരുടെ ഭൂമി പവർ ഓഫ് അറ്റോർണി ടി കെ വർക്കിയിൽനിന്നും വാങ്ങിയതായാണ് രേഖ. ഇതുമായി ബന്ധപ്പെട്ട് ജോക്കബ് തോമസ് നൽകിയ വിവരങ്ങളെല്ലാം വ്യാജമോ, കൃത്രിമമോ ആണെന്ന് നോട്ടീസിൽ പറയുന്നു. ഡയറക്ടർ, ഐഎസ്ആർഎ അഗ്രോടെക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, എസ്/79, ഒന്നാംനില ജിസിഡിഎ കൊമേഴ്സ്യൽ കോംപ്ലക്സ്, മറൈൻ ഡ്രൈവ്, കൊച്ചി എന്നാണ് വിലാസം കാണിച്ചിരിക്കുന്നത്. അന്വേഷണത്തിൽ ജേക്കബ് തോമസ് ഒരിക്കലും ഈ കമ്പനിയുടെ ഡയറക്ടറായിരുന്നില്ലെന്നും ബേബി തോമസ്, ലെവിൻ തോമസ് എന്നിവരാണ് ഡയറക്ടർമാരെന്നും കണ്ടെത്തി. ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിന് സ്വകാര്യ കമ്പനിയുടെ ഡയറക്ടറാകാനും കഴിയില്ല.

ജിസിഡിഎ സമുച്ചയത്തിലെ വിലാസത്തിൽ താമസിക്കുന്നതായാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്. ഇത് വാണിജ്യസമുച്ചയമാണെന്നും താമസിക്കാൻ പറ്റിയ സ്ഥലമല്ലെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ കൃഷിഭൂമി കമ്പനിയുടെ പേരിൽ രജിസ്റ്റർചെയ്യാൻ കഴിയാത്തതിനാൽ ജേക്കബ് തോമസിന്റെ പേരിൽ രജിസ്റ്റർചെയ്തെന്നാണ് വാദം. ഇക്കാര്യം കമ്പനിയുടെ ഓഡിറ്റ് റിപ്പോർട്ടിലും പരാമർശിക്കുന്നു. എന്നാൽ തമിഴ്നാട്ടിൽ ഇത്തരമൊരു വിലക്കില്ല.

ജേക്കബ് തോമസിന്റെ പേരിൽതന്നെയാണ് ഭൂമി ഇപ്പോഴുമുള്ളതെങ്കിലും അദ്ദേഹത്തിന്റെ സ്വത്തുവിവര പട്ടികയിൽ ഇതില്ല. എല്ലാ നിലയിലും വിരുദുനഗറിലെ 50.33 ഏക്കർ ഭൂമി ജേക്കബ് തോമസിന്റെ ബിനാമി സ്വത്താണെന്ന് വ്യക്തമാണെന്ന് ആദായ നികുതി വകുപ്പ് ചെന്നൈ ഡെപ്യൂട്ടി കമീഷണർ (ബിനാമി സ്വത്ത് നിരോധനം) കെ വിശാഖ് നൽകിയ നോട്ടീസിൽ പറഞ്ഞു.