ജീപ്പിന്റെ വില കുറഞ്ഞ മോഡല്‍ റെനഗേഡിന്റെ പുതിയ പതിപ്പ് സെപ്തംബറില്‍

പത്തു ലക്ഷമാണ് റെനഗേഡിന് വിലയെന്നാണ് ആദ്യ വിവരം.

153

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് നിരയിലെ ഏറ്റവും ചെറിയ എസ്.യു.വി.യായ റെനഗേഡിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം സെപ്തംബറില്‍ പുറത്തിറക്കുമെന്ന് സൂചന. അടുത്ത വര്‍ഷം തുടക്കത്തില്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്ന ഇതേ റെനഗേഡാണ് ഇന്ത്യയിലേക്കും വണ്ടികയറുക. ഇവിടെ ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍ എന്നിവ മത്സരിക്കുന്ന എസ്‌യുവി ശ്രേണിയിലേക്കാണ് റെനഗേഡുമായി ജീപ്പ് എത്തുക.

ജീപ്പ് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും റെനഗേഡ്. അതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തിയാല്‍ വലിയ മത്സരത്തിന് കളം ഒരുക്കാന്‍ റെനഗേഡിന് സാധിക്കും. പത്തു ലക്ഷമാണ് റെനഗേഡിന് വിലയെന്നാണ് ആദ്യ വിവരം. പത്തുലക്ഷത്തിന് എല്ലാം തികഞ്ഞ എസ്.യു.വി. എന്നത് ചില്ലറ കാര്യമല്ല. ജീപ്പ് എന്ന ബ്രാന്‍ഡ് നെയിമിന്റെ കനം വേറെയും. ഇന്ത്യയില്‍ തന്നെ പ്രാദേശികമായി നിര്‍മിക്കുന്നതാണ് റെനഗേഡിന്റെ വില വലിയ തോതില്‍ കുറയാന്‍ കാരണം.

നിലവില്‍ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്ന കോംമ്പസിന് തൊട്ടുതാഴെയാണ് റെനഗേഡിന്റെ സ്ഥാനം. 2014 മുതല്‍ വിദേശ വിപണിയില്‍ വിലസുന്ന റെനഗേഡില്‍ നിന്ന് അധികം മാറ്റങ്ങളിലല്ലാതെയാകും പുതിയ റെനഗേഡിന്റെ എന്‍ട്രി. കോംപസിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് റെനഗേഡും തയ്യാറായിരിക്കുന്നത്. ജീപ്പ് കുടുംബത്തിലെ തലമുതിര്‍ന്ന റാങ്ക്ളറുമായി ചെറുതല്ലാത്ത സാമ്യം റെനഗേഡിനുണ്ട്. അകത്തളത്തിലുള്ള 6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ പതിപ്പില്‍ അല്‍പംകൂടി വലുതാകും.

140 എച്ച്.പി. കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസലും ഇതേ കരുത്ത് നല്‍കുന്ന 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഇന്ത്യയിലെത്തുന്ന റെനഗേഡില്‍ ഘടിപ്പിക്കുക. അതേസമയം, മാരുതി എസ്. ക്രോസിലുള്ള 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ റെനഗേഡിന് വേണ്ടി ജീപ്പ് നോട്ടമിട്ടിട്ടുണ്ട്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക്ക്, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെയാകും ട്രാന്‍സ്മിഷന്‍. ഫോര്‍വീല്‍ ഡ്രൈവ് റെനഗേഡില്‍ ഓപ്ഷനായിരിക്കുമെന്നാണ് കരുതുന്നത്. 2019 പകുതിയോടെ റെനഗേഡ് ഇന്ത്യയിലെത്തിയേക്കും.