‘ജിമിക്കി കമ്മല്‍’ യുട്യൂബില്‍ നിന്ന് നീക്കം ചെയ്തു

293

കേരളക്കര ഒട്ടാകെ ഇരുകൈയും നീട്ടി സ്വീകരിച്ച പാട്ടാണ് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ എന്ന ഗാനം. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏറ്റെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഈ ഗാനം വൈറലായിരുന്നു.

എന്നാല്‍ ആരാധകരെയെല്ലാം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരാധകര്‍ ഏറ്റെടുത്ത ഈ വൈറല്‍ ഗാനം ഇപ്പോള്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്.

അതിനു കാരണമായി അണിയറപ്രവര്‍ത്തകര്‍ പറയുന്നത് ചിത്രത്തിന്റെ കോപ്പിറൈറ്റ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനാണ് നല്‍കിയത്. എന്നാല്‍ ഗാനം യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് മറ്റൊരു സ്വകാര്യ കമ്പനിയാണ്. ഇവര്‍ക്കെതിരെ ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാളം ഗാനമായിരുന്നു ജിമിക്കി കമ്മല്‍.