ജലനിരപ്പ് ഉയര്‍ന്ന ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും; ‘ബ്ലു അലര്‍ട്ട്’ പ്രഖ്യാപിച്ചു

242

ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പ്. മഴ തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുക. കനത്ത മഴയില്‍ ജലനിരപ്പ് 2391.12 അടിയില്‍ എത്തിയതോടെയാണ് ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമില്‍ ഇപ്പോള്‍ 2,388 അടി (728 മീറ്റര്‍) വെള്ളമുണ്ട്. 2,403 അടിയാണ് പൂര്‍ണശേഷി (732 മീറ്റര്‍). ഏകദേശം 15 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ 26 വര്‍ഷത്തിനു ശേഷം വീണ്ടും അണക്കെട്ടു തുറക്കേണ്ടി വരും.

എന്നാല്‍ ജലനിരപ്പ് അത്രയും ഉയരുന്നതു വരെ ബോര്‍ഡ് കാത്തിരിക്കുമോ എന്നു സംശയമുണ്ട്. 2390 അടി എത്തുമ്പോള്‍ തന്നെ ആദ്യ മുന്നറിയിപ്പു നല്‍കേണ്ടി വരും. ദുരന്ത നിവാരണ വിഭാഗത്തെയും വിവരം അറിയിക്കും. 2,395 അടി എത്തുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പും 2,399 അടി എത്തുമ്പോള്‍ മൂന്നാം മുന്നറിയിപ്പും നല്‍കും. തുറക്കുന്നതിനു 24 മണിക്കൂര്‍ മുമ്പായിരിക്കും അന്തിമമായ മൂന്നാം മുന്നറിയിപ്പ്.

കനത്ത മഴ ഇങ്ങിനെ തുടര്‍ന്നാല്‍ 7 ദിവസത്തിനുള്ളില്‍ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പദ്ധതി പ്രദേശത്ത് 94 മില്ലീ മീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ജലനിരപ്പ് 2395 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ഒരുക്കവും 2398 അടിയിലെത്തിയാല്‍ അടിയന്തര തയ്യാറെടുപ്പും തുടങ്ങും. ഇതോടെ അണക്കെട്ടിനു സമീപം കണ്‍ട്രോള്‍ റൂം തുറക്കും, അര മണിക്കൂര്‍ ഇടവിട്ടു ജലനിരപ്പു രേഖപ്പെടുത്തും.

1992ന് ശേഷം 2013 ഒക്ടോബര്‍ 27ന് ജലനിരപ്പ് 2400.8 അടി വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ വര്‍ഷം ഉത്പാദനം വര്‍ദ്ധിപ്പിച്ച് ജലനിരപ്പ് കുറച്ചതിനാല്‍ ഷട്ടര്‍ തുറന്നില്ല. തുലാവര്‍ഷ മഴക്കാണ് ഏറ്റവും കൂടുതല്‍ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നത്. കാലവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ ഡാം ഇത്രയും നിറഞ്ഞതിനാല്‍ തുലാവര്‍ഷത്തില്‍ സംഭരണശേഷി കവിയുമെന്നാണ് നിഗമനം. ഇത് ഒഴിവാക്കാനായി വ്യാഴാഴ്ച മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് 8.821 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു ഉത്പാദനം. ബുധനാഴ്ച ഡാമിലേക്ക് ഒഴുകിയെത്തിയത് 28.359 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ്.