ജക്കാര്‍ത്തയില്‍ ഇന്ന് ട്രാക്ക് ഉണരും; പ്രതീക്ഷയില്‍ ഇന്ത്യ

101

ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ ദിനം മലയാളി താരങ്ങളായ മുഹമ്മദ് അനസിനും, ശ്രീശങ്കറിനും പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഉണ്ട്. അത്‌ലറ്റിക് ടീം തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ ട്രാക്കിലെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

സ്‌ക്വാഷ് വനിതാ ഫൈനലില്‍ ഇന്ത്യന്‍ പോരാട്ടം ഇന്നുണ്ടാകുമോ എന്ന് ഇന്നറിയാം. സെമിയില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ ഇന്ത്യന്‍ സമയം 1.30ന് മലേഷ്യയുടെ സൂപ്പര്‍താരം നിക്കോള്‍ ഡേവിഡിനെ നേരിടും. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലടക്കം മുന്‍പ് നേരിട്ടുവന്ന എല്ലാ മത്സരങ്ങളിലും നിക്കോളിനായിരുന്നു ജയം. രണ്ടാം സെമിയില്‍ ജോഷ്‌ന ചിന്നപ്പയുടെ എതിരാളിയും മലേഷ്യന്‍ താരമാണ്.

സ്‌ക്വാഷില്‍ നിക്കോളുമായി മികച്ച മത്സരം പ്രതീക്ഷിക്കുന്നതായി ദീപിക പള്ളിക്കല്‍ പറഞ്ഞു. കഴിഞ്ഞ ഗെയിംസില്‍ വെള്ളി നേടിയ സൗരവ് ഗോഷാല്‍ പുരുഷ സെമിയിലും ഇന്നിറങ്ങും. സ്വര്‍ണം നേടാനാകുമെന്ന് സൗരവ് ഗോഷാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ട്രാക്കുണരുന്ന ആദ്യദിനം നാല് ഫൈനലുകളാണുള്ളത്. വൈകിട്ട് 5.15ന് ഹാമര്‍ ത്രോവില്‍ സരിതാ സിംഗും, 6.30 ഷോട്ട് പുട്ടില്‍ തേജീന്ദര്‍പാല്‍ സിംഗും ഇന്നിറങ്ങും 10000 മീറ്ററില്‍ എല്‍ സൂര്യ, സഞ്ജീവിനി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.