ഗ്രൂപ്പ് വീഡിയോ കോള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

92

വാട്ട്സ്ആപ്പ് ആഗോള വ്യാപകമായി ഗ്രൂപ്പ് വീഡിയോ കോള്‍ അവതരിപ്പിച്ചു. ഐഒഎസ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റ് വഴി ഈ സംവിധാനം ലഭിക്കും. ഈ വര്‍ഷം മെയ് മാസത്തില്‍ ഫേസ്ബുക്കിന്‍റെ ഡെവലപ്പ്മെന്‍റ് കോണ്‍ഗ്രസായ എഫ്8 ലായിരുന്നു ഗ്രൂപ്പ് വീഡിയോ കോളിംഗ് പ്രഖ്യാപിച്ചത്. എന്നാല്‍ 2017 ഒക്ടോബര്‍ മുതല്‍ ഈ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ലോകത്തിലെ പല ഉപയോക്താക്കള്‍ക്കും ലഭിച്ചിരുന്നു.
വാട്ട്സ്ആപ്പിന്‍റെ കണക്ക് പ്രകാരം അവരുടെ വീഡിയോ ഓഡിയോ കോളുകള്‍ ഒരു ദിവസം 2 ബില്ല്യണ്‍ മിനുട്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഗ്രൂപ്പ് കോള്‍ എത്തുന്നതോടെ ഇതില്‍ വലിയ കുതിച്ച്ചാട്ടം വാട്ട്സ്ആപ്പ് അധികൃതരും, അവരുടെ മാതൃകമ്പനിയായ എഫ്ബിയും പ്രതീക്ഷിക്കുന്നു.
ചെറിയ നെറ്റ്വര്‍ക്കില്‍ പോലും വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഗ്രൂപ്പ് കോളിംഗിന് എന്നാണ് വാട്ട്സ്ആപ്പ് അവകാശവാദം. ഒപ്പം ഈ കോളുകള്‍ എല്ലാം തന്നെ സാധാരണ വാട്ട്സ്ആപ്പ് സന്ദേശം പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ആയിരിക്കും. 9 ടു 5 ന്‍റെ റിപ്പോര്‍ട്ട് പ്രകാരം വാട്ട്സ്ആപ്പിന് ഇപ്പോള്‍ 130 കോടി സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്.