ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു; പുറത്തു വരാന്‍ താണ്ടേണ്ടത് ചെളിനിറഞ്ഞതും ഇടുങ്ങിയതുമായ നാല് കിലോമീറ്റര്‍ വെള്ളക്കെട്ട്; പുതിയ ദൃശ്യങ്ങള്‍ പുറത്ത്

243


പന്ത്രണ്ട് ദിവസമായി വടക്കന്‍ തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന ഫുട്‌ബോള്‍ സംഘത്തിന് രക്ഷാപ്രവര്‍ത്തകര്‍ ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു. ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികളുടെ പുതിയ ദൃശ്യങ്ങളും തായ് സേന പുറത്തുവിട്ടിട്ടുണ്ട്. കുട്ടികള്‍ എല്ലാവരും സുരക്ഷിതരായും ആരോഗ്യവാന്മാരായും ഇരിക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഗുഹയില്‍ അകപ്പെട്ടതിന് ശേഷം പത്താം ദിനമാണ് സുരക്ഷാ സേന ഇവരെ ഗുഹയ്ക്ക് അഞ്ച് കിലോമീറ്ററോളം ഉള്ളില്‍ കണ്ടെത്തുന്നത്.
അതേസമയം കുട്ടികളെ പുറത്തെത്തിക്കാന്‍ നാല് മാസത്തോളം കാലതാമസമെടുക്കുമെന്നാണ് വിവരം. കുട്ടികളെയും പരിശീലകനെയും പുറത്തു കൊണ്ടുവരാന്‍ നാല് കിലോമീറ്ററോളമുള്ള വെള്ളക്കെട്ടാണ് തടസം സൃഷ്ടിക്കുന്നത്. ഈ വെള്ളക്കെട്ടുകള്‍ ആഴമുള്ളതും ചെറിനിറഞ്ഞതുമാണ്. ഇതിലൂടെ കുട്ടികളെ കൊണ്ടു വരുക എന്നത് സാഹസികമാകും. മറ്റ് പല രക്ഷാമാര്‍ഗങ്ങളും തേടുന്നുണ്ടെങ്കിലും തായ്‌ലന്‍ഡില്‍ മഴക്കാലം കഴിയുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന നിഗമനത്തിലാണ് രക്ഷാ സേന.

നീണ്ട പത്ത് ദിവസത്തെ കഠിനാധ്വാനത്തില്‍ ഫുട്‌ബോള്‍ സംഘത്തെ കണ്ടെത്തിയ സേന, അതിലും ശ്രമകരമായ ദൗത്യത്തിനാണ് ഒരുങ്ങുന്നത്. ഗുഹയില്‍ നിറഞ്ഞ വെള്ളം പമ്പു ചെയ്തു കളഞ്ഞ് ജലപരിധി താഴ്ത്താനുളള ശ്രമങ്ങള്‍ വിജയം കാണാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്. കുട്ടികളെയും മുങ്ങാംകുഴിയിടാന്‍ പഠിപ്പിച്ച് അതിലൂടെ വെളിയിലെത്തിക്കാന്‍ പദ്ധതിയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചെളി നിറഞ്ഞതും തമ്മില്‍ കാണാനാകാത്ത വിധത്തില്‍ വെള്ളം നിറഞ്ഞതുമായ ഗുഹാവഴികളിലൂടെ മുങ്ങി നീന്തിയെത്താന്‍ ഇവരെ പരിശീലിപ്പിക്കുക എന്നത് അതിസാഹസികമാണ്.