കർമ്മ നിയോഗങ്ങൾ – നിഖില സമീർ

1594

കർമ്മ നിയോഗങ്ങൾ
———————
ആധിയും വ്യാധിയും
ചേർന്നാധിപത്യമൊരുക്കും
ചിന്തയിന്മേൽ ;
അനുഭവ യോഗ്യമാമനുഗ്രഹം –
വിസ്മരിച്ചാകുലതകള്‍ മെനയേ ..
ഇരുളിൽ തുറിച്ചു ചുറ്റുമേയിരുള്‍ നിറക്കുന്നു
സമോന്നത സൃഷ്ടിയാം മാനവന്‍..!

പുലരിയിലെ
പുല്‍നാമ്പില്‍ നിന്നൂര്‍ന്നു വീഴും,
ഹിമകണത്തിന്നുമുണ്ടോരു ധര്‍മ്മം…
ഒരു വേള സൂര്യകിരണത്തെഗര്‍ഭം
ധരിക്കെന്നുവശായി
സ്വയം പ്രശോഭിതയായ്
കാഴ്ച്ചക്കേകുന്നോരിമ്പം ..!

ശലഭജന്മവും ;പിന്നെയോരോ
പുഴുവും പുല്‍കൊടിയും…
മഴയേറ്റു ചാഞ്ഞും ചരിഞ്ഞും
നമിക്കുമോരോ ലതാദിയും ..
ഇത്യാദികളെന്തേ പുഞ്ചിരിക്കും
മാനുജനെന്നോര്‍ത്തു വ്യഥാ-
തപിക്കാതെ സ്വധർമ്മത്താൽ
പാരിന്നേകുന്നു –
അവര്‍ണ്ണനീയമാമൊരഴക്.!

‘ധര്‍മ്മം’ കര്‍മ്മത്താല്‍ പുലരുന്ന
നാളുകള’നുഗ്രഹമെന്നോര്‍ത്തു-
കഴിയവേ കൈവരും
പ്രത്യാശയുടെ ആഹ്ലാദരേണുക്കൾ
നിറയട്ടെ പുതു പുലരിയിലും ;
അതില്‍ കുരുക്കും കുരുന്നുകളിലും …

നിഖില സമീർ
റിയാദ്