ക്ഷേത്രവും പള്ളിയും നിര്‍മ്മിക്കലല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ ജോലി’; ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാത്തപ്പോഴാണ് ക്ഷേത്രവും പള്ളിയുമൊക്കെ എടുത്തിടുന്നതെന്ന് സച്ചിന്‍ പൈലറ്റ്

61

ബിജെപിക്കെതിരെ ശക്തമായി പ്രതികരിച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. സംസ്ഥാനവും രാജ്യവും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കുഴക്കുകയാണെന്നാണ് സച്ചിന്‍ പൈലറ്റിന്റെ വിമര്‍ശനം.

തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത് കുടിവെള്ളം, റോഡുകള്‍, വ്യവസായം ഇവയൊക്കെയാണ് അല്ലാതെ മതമല്ല. വസുന്ധര രാജെ സര്‍ക്കാര്‍ എല്ലാ മേഖലയിലുംപരാജയപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ അവരുടെ അവസാന അഭയമായി ക്ഷേത്രത്തെ കുറിച്ചും ജാതിയെ കുറിച്ചും ഭാഷയെ കുറിച്ചും പറയുന്നു. ജനങ്ങളുടെ വിഷയം സംസ്ഥാനത്തെ പ്രശ്‌നങ്ങളാണ്, മതമല്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ ബിജെപി മതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നു. കര്‍ഷക ആത്മഹത്യയെ കുറിച്ചോ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചോ ഗോരക്ഷാ ആക്രമണത്തെ കുറിച്ചോ ജാതിആക്രമണങ്ങളെ കുറിച്ചോ വര്‍ധിച്ച് വരുന്ന ബലാത്സംഗങ്ങളെ കുറിച്ചോ ബിജെപിക്ക് മറുപടിയില്ല. ഇക്കാര്യങ്ങളാണ് ജനം തെരഞ്ഞെടുപ്പില്‍ പരിശോധിക്കുക എന്നും ബിജെപിയുടെ വ്യാജപ്രചരങ്ങളല്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.