കോഴിക്കോട് മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ

140

കോഴിക്കോട് മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ . പ്രവാസികളുടെ ഉന്നമനത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നതിനു വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തീരുമാനത്തിന് പിന്നിലെന്നാണ് പി എം എഫിന്റെ നിലപാട്. വിവിധ രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ഉന്നതാധികാര സമിതിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥി വേണമെന്ന തീരുമാനമെടുത്തത്.
തെരഞ്ഞെടുപ്പിൽ നിലവിലെ രാഷ്ട്രീയകക്ഷികളെ പിന്തുണക്കുന്നത് ആർക്കും യോഗത്തിൽ സ്വീകാര്യമായില്ല. മനസാക്ഷിവോട്ടോ, നോട്ടയോ വേണ്ട. സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി കരുത്ത് കാട്ടണമെന്നാണ് യോഗം ഒറ്റക്കെട്ടായി മുന്നോട്ട് വെച്ച അഭിപ്രായം. സമീപ പഞ്ചായത്തുകൾ ഉൾപ്പടെ മണ്ഡലത്തിലെ സമാന ആശയങ്ങളുള്ളവരുമായി യോജിച്ചാകും തുടർപ്രവർത്തനങ്ങൾ.
പി എം എഫ് അഖിലേന്ത്യാ വനിതാ വിഭാഗം കോ ഓർഡിനേറ്ററായ നുസ്രത് ജഹാൻ സ്ഥാനാർത്ഥിയാകണമെന്നാണ് ഉന്നതാധികാര സമിതിയിൽ ഉയർന്ന ആവശ്യം.  പി എം എഫിന്റെ പിന്തുണ നേടാൻ രാഷ്ട്രീയ കക്ഷികൾ തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് സ്വന്തം സ്ഥാനാർത്ഥി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി പ്രവാസി മലയാളി ഫെഡറേഷന്റെ രംഗപ്രവേശനം.കോഴിക്കോട് മണ്ഡലത്തിൽ നല്ല ജന സ്വാധീനമുള്ള നുസ്രത് മത്സരിച്ചാൽ പ്രവാസികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടൽ. രാഷ്ട്രീയ ഭേദമന്യേ ആരുടേയും വോട്ടുകൾ സ്വീകരിക്കുമെന്ന് നുസ്രത്തു ജഹാൻ പറഞ്ഞു .