കൊലവിളി പ്രസംഗത്തില്‍ കൊല്ലം തുളസി വനിതാ കമ്മീഷന്റെ കാലു പിടിച്ചു; മാപ്പ് എഴുതി നല്‍കി

89

ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലില്‍ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന് കൊലവിളി നടത്തിയ കൊല്ലം തുളസി മാപ്പ് രേഖാമൂലം ഏഴുതി നല്‍കി കേസിന്റെ നടപടികളില്‍ നിന്ന് തലയൂരി.

നേരത്തെ കൊല്ലം തുളസിയുടെ പ്രസ്താവനയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വനിതാ കമ്മീഷനെ സമീപിച്ച് മാപ്പെഴുതി നല്‍കിയത്. വായ് പിഴ തനിക്ക് പറ്റി. പ്രസ്താവനയില്‍ ഖേദിക്കുന്നതായി കൊല്ലം തുളസി പറഞ്ഞു. മാപ്പപേക്ഷ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ വ്യക്തമാക്കി.

ശബരിമല പ്രവേശനത്തിന് വരുന്ന യുവതിയുടെ കാലില്‍ പിടിച്ച് വലിച്ചുകീറി ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു തുളസിയുടെ പ്രസ്താവന. ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്മാരാണ്. അയ്യപ്പനാമജപം ഇവിടെകൊണ്ട് അവസാനിപ്പിക്കരുത്. വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ നാമജപയാത്ര നടത്തണം.

ശബരിമലയില്‍ യുവതീപ്രവേശനം ഒരു നിലയ്ക്കും അനുവദിക്കരുത്’ -അദ്ദേഹം പറഞ്ഞിരുന്നു. പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തിരുന്നു. പ്രസ്താവന വിവാദമായതോടെ കൊല്ലം തുളസി മാപ്പ് ചോദിച്ചിരുന്നു. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അത്. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വെച്ചതെന്നും കൊല്ലം തുളസി നേരത്തെ പ്രതികരിച്ചിരുന്നു